തെരഞ്ഞെടുപ്പ് കമീഷൻ ഭരണപക്ഷത്തിന്റെ ഉപകരണമായി; ബിഹാറിലെ വോട്ടർമാർ വോട്ടിലൂടെ പ്രതിഷേധമറിയിക്കും: എം എ ബേബി

എം എ ബേബി
തൃശൂർ: ബിജെപിക്കും അവരുടെ മുന്നണിക്കും വേണ്ടി തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായി ഇടപെടുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. വോട്ടർ പട്ടികയുടെ തീവ്ര പുന:പരിശോധന (എസ്ഐആർ) നടപടികൾ ആരംഭിച്ചത് ബിഹാർ തെരഞ്ഞെടുപ്പ് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ്. ഇത് വളരെ സംശയാസ്പദമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ ഇത്തരം നടപടികളിൽ ബിഹാറിലെ വോട്ടർമാർക്കുള്ള പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എം എ ബേബി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷനെപോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ഭരണപക്ഷത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പല വാഗ്ദാനങ്ങളും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ബിഹാറിലെ ജനങ്ങൾ മറുപടി നൽകും. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇടപെടൽ നടത്തുന്നതിനെതിരായ വിധിയെഴുത്ത് കൂടിയാകും ബിഹാറിലെ ഫലം. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നതിനായി, ജനങ്ങളെ അണിനിരത്തി പ്രതിപക്ഷം പോരാട്ടം ശക്തിപ്പെടുത്തേണ്ടതാണെന്നും എം എ ബേബി പറഞ്ഞു.









0 comments