അഴിഞ്ഞുവീണത് ഇ ഡിയുടെ അഴിമതി വിരുദ്ധ മുഖം


റഷീദ് ആനപ്പുറം
Published on May 18, 2025, 01:23 PM | 2 min read
തിരുവനന്തപുരം : അഴിമതി കേസിൽ ഉന്നതന്റെ പങ്ക് വെളിപ്പെട്ടതോടെ മുഖം നഷ്‌ടപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (-ഇഡി). ഇ ഡിക്ക് വിശുദ്ധപട്ടം ചാർത്തിയ മാധ്യമങ്ങളും യുഡിഎഫ്, ബിജെപി നേതാക്കളും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ്. കള്ള കേസെടുക്കുക, വ്യാജ തെളിവുണ്ടാക്കുക, മാധ്യമങ്ങൾക്ക് തെറ്റായ വിവരം കൈമാറുക തുടങ്ങിയ കലാപരിപാടികളിലൂടെ കമ്യൂണിസ്‌റ്റ് വിരുദ്ധരുടെ കണ്ണിലുണ്ണിയായ ഇ ഡി വിശ്വസ്യത നഷ്‌ടപ്പെട്ട അന്വേഷണ ഏജൻസിയായാണ് ഇനി അറിയപ്പെടുക. കേരള സർക്കാരിനും മുഖ്യമന്ത്രിക്കും സിപിഐ എമ്മിനുമെതിരെ ഒരുക്കിയ കെണിയിൽ സ്വയം ചെന്നുവീണ് കൈക്കാലിട്ടടിക്കുകയാണ് ഇഡി കൊച്ചി യൂണിറ്റ്.
എന്താല്ലാമായിരുന്നു കേരളത്തിൽ ഇ ഡി കാട്ടിക്കൂട്ടിയത്. ശരിക്കും സംഘപരിവാറിന്റെ ബി ടീമായി ഉറഞ്ഞു തുള്ളുകയായിരുന്നവർ. സ്വർണകടത്ത്, ഈന്തപ്പഴം കടത്ത്, ഖുർആനിൽ സ്വർണം കടത്ത്, ലൈഫ് മിഷൻ, ചെലവന്നൂർ....അങ്ങനെ പോകുന്നു ഇഡിയുടെ ‘അഴിമതി വിരുദ്ധ’ ഓപ്പറേഷൻസ്. ഉദ്യോഗസ്ഥരുടെ ഓരോ നീക്കവും ഫുഡ്‌ബോൾ കമന്ററിപോലെ മാധ്യമങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്‌തു. ഇ ഡി കൊച്ചി യൂണിറ്റ് അസി. ഡയറക്ടർതന്നെ അഴിമതി കേസിൽ പ്രതിയായതോടെ വ്യാജമായി നിർമിച്ച വിശ്വാസ്യതയാണ് എട്ടുനിലയിൽ പൊട്ടിയത്.
കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ആയുധമാണ് ഇഡി. കേരളത്തിലാണ് ഈ രാഷ്‌ട്രീയം ഇ ഡി ഭംഗിയായി കളിച്ചത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ കളിച്ച കളി ആരും മറന്നിട്ടില്ല. പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥർ പാഞ്ഞു. ചിലപ്പോൾ പ്രതിപക്ഷത്തിന് അവർ ആയുധം നൽകി. എന്നാൽ കൊടകര കുഴൽപണം പോലെ ബിജെപിക്കെതിരായ കേസുകൾ ഇ ഡി കണ്ടില്ലെന്ന് നടിച്ചു. കേരളത്തിലെ ജനങ്ങൾ ഇ ഡിയുടെ ഈ രാഷ്‌ട്രീയലക്ഷ്യം തുടക്കത്തിലേ തരിച്ചറിഞ്ഞു. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഭരണ തുടർച്ചയുണ്ടായത് അതിന് തെളിവാണ്. വിശ്വാസ്യത ഇ ഡിക്കല്ല, സർക്കാരിനും മുഖ്യമന്ത്രിക്കും പാർടിക്കുമാണെന്ന് കേരളത്തിലെ ജനങ്ങൾ തെളിയിച്ചു. അത് ഇ ഡിയേയും പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു.
ഇ ഡി കൊച്ചി യൂണിറ്റ് കുറച്ച് കാലമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കശുവണ്ടി വ്യവസായിയുടെ പരാതി ലഭിക്കുന്നത്. തുടർന്നാണ് ആദായ നികുതി ഉദ്യോഗസ്ഥൻ രഞ്ജിത് വാര്യർ ഉൾപ്പെടെയുള്ള ഇടനിലക്കാർ അറസ്‌റ്റിലായത്. ഇവർ ഇ ഡി ഉന്നതരുടെ അടുത്ത ആളുകളാണ്. ഇവരിൽനിന്നാണ് അസി. ഡയറക്ടർ ശേഖർ കുമാറിന് തട്ടിപ്പിലുള്ള പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതോടെ മറ്റ് ഉന്നതരുടെ പങ്ക് വെളിപ്പെടും. അതിനാൽ ഇഡിയുടെ പല ഉന്നതരും അങ്കലാപ്പിലാണ്.
0 comments