Deshabhimani

നിർമാണത്തിന് 
പുത്തൻ സാങ്കേതികവിദ്യ ; ഡിസൈന്‍ മേഖലയില്‍ എഐ

design labs
avatar
എസ് കിരൺബാബു

Published on Apr 21, 2025, 02:44 AM | 2 min read


തിരുവനന്തപുരം : നിർമാണ മേഖലയിൽ പുത്തൻ സാങ്കേതികവിദ്യകൾ നടപ്പാക്കി കേരളം. പൊതുമരാമത്തിന്റെ രൂപകൽപ്പന നയം നടപ്പാക്കാൻ സംസ്ഥാനത്ത് പ്രത്യേകം ഡിസൈൻ ലാബുകളും ഇൻകുബേഷൻ സെന്ററുകളും തുറക്കുകയാണ്‌. ആർക്കിടെക്‌ചർ ഡിസൈൻ മേഖലയിൽ നിർമിതബുദ്ധി (എഐ) ഉപയോഗപ്പെടുത്തുന്നതും പരിശോധിക്കുന്നുണ്ട്‌. കെട്ടിട നിർമാണ മേഖലയിൽ നടപ്പാക്കുന്ന ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (ബിഐഎം) സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിക്കും. ഇതുവഴി നിർമാണച്ചെലവും ​ഗണ്യമായി കുറയ്‌ക്കാനാകും. നിർമിക്കാൻ പോകുന്ന കെട്ടിടങ്ങളുടെയോ സ്ഥലങ്ങളുടെയോ, സവിശേഷതകളെ ഡിജിറ്റൽ രൂപത്തിലാക്കി (5ഡി) അവതരിപ്പിക്കുന്ന പ്രക്രിയയാണിത്.


കെട്ടിടം കാഴ്‌ചയിൽ മാത്രമല്ല, അതിന്റെ നിർമാണച്ചെലവ്, നിർമാണ സാമഗ്രികളുടെ അളവ്, പരിപാലനം, ഊർജ ഉപഭോഗം തുടങ്ങി നിരവധി കാര്യങ്ങൾ ഈ സംവിധാനത്തിലൂടെ അറിയാം. പുറമെ നിർമാണ മേഖലയെ അടിമുടി പരിഷ്‌കരിക്കാൻ കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താനുള്ള പദ്ധതികളും നടപ്പാക്കുകയാണ്. നിലവിൽ ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ 125 ദേശീയ അംഗീകാരമുള്ള പരിശോധന നടത്താനും സൗകര്യമുണ്ട്.


പരിസ്ഥിതിക്ക് അനുയോജ്യവും കാലാവസ്ഥ വ്യതിയാനത്തെ മറികടക്കുന്നതും പ്രതിരോധിക്കുന്നതുമായ പഠനങ്ങളും ഇവിടെ നടക്കുന്നുണ്ട്. പാലങ്ങളുടെ നിർമാണത്തിന് കോൺ​ക്രീറ്റിനെക്കാൾ ബലവും ഈടും കൂടിയ അൾട്രാ ഹൈ പെർഫോമൻസ് റീഇൻഫോഴ്സി‍ഡ് കോൺക്രീറ്റ് വികസിപ്പിക്കുന്ന പഠനവും അന്തിമഘട്ടത്തിലാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി സംസ്ഥാനത്തെ റോഡുകൾക്ക് കേടുപാട്‌ സംഭവിക്കുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള രണ്ടാംഘട്ട പഠനവും ഉടൻ പൂർത്തിയാകും. തെക്കൻ ജില്ലകളിലെ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റലുകളിൽ ഉയർന്നതോതിൽ സിലിക്ക അടങ്ങിയതിനാൽ ഈർപ്പം കൂടുതൽ നിലനിൽക്കുമെന്ന് കണ്ടെത്തിയിരുന്നു. പരിഹാരമായി നിർമാണവേളയിൽ ബിറ്റുമിന മിശ്രിതത്തോടൊപ്പം ജലാംശം കലർന്ന കുമ്മായം (ഹൈഡ്രേറ്റഡ് ലൈം), സിമന്റ് എന്നിവ ചേർക്കാൻ ആരംഭിച്ചതോടെ റോഡുകളുടെ ആയുസ്‌ വർധിച്ചു. തീരദേശ നിർമിതികളുടെ അതിജീവന കാലയളവ് മെച്ചപ്പെടുത്തുന്നതിന് മദ്രാസ്‌ ഐഐടിയുമായി സഹകരിച്ചും പഠനം നടത്തുന്നുണ്ട്.


നടപ്പാക്കിയ നൂതന 
നിർമാണരീതികൾ

തകർന്ന റോഡുകൾ പൊളിച്ചെടുത്ത് അതേ നിർമാണവസ്‌തുക്കൾ കൊണ്ടുള്ള ഫുൾ ഡെപ്ത് റിക്ലമേഷൻ ടെക്‌നോളജി, പരിസ്ഥിതിക്ക് ഹാനികരമാകുന്ന ഉപയോഗശൂന്യമായ പ്ലാസ്‌റ്റിക് ഉപയോഗിച്ചുള്ള റോഡ് നിർമാണം, കയർ ഭൂവസ്ത്രം, ജർമൻ നിർമിത മില്ലിങ്‌ യന്ത്രം ഉപയോഗിച്ചുള്ള നിർമാണരീതി, ടാർ മിശ്രിതത്തിന് പകരം പ്രത്യേക സിമന്റ് മിശ്രിതം ഉപയോഗിച്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യുന്ന വൈറ്റ് ടോപ്പിങ്.



deshabhimani section

Related News

View More
0 comments
Sort by

Home