കെഎസ്‌ആർടിസിക്കെതിരെ അപവാദപ്രചരണം; കാസർകോട് ഡിപ്പോയിലെ ഡ്രൈവറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്കെതിരെ അപവാദപ്രചരണം നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ടു. കാസർകോട് ഡിപ്പോയിലെ ഡ്രൈവർ വി വി ഹരിദാസിനെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ സെപ്‌തംബറിൽ ഹരിദാസിനെ പിറവം ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് യുട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഹരിദാസ് വീഡിയോ ചെയ്തു. ഇതിനെതിരെ കോന്നി സ്വദേശി കെഎസ്‌ആർടിസി സിഎംഡിക്ക് പരാതി നൽകി.
പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒക്‌ടോബറിൽ നൽകിയ കുറ്റപത്രത്തിന് ഹരിദാസ് നൽകിയ മറുപടി തൃപ്‌തികരമായിരുന്നില്ല. കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും വിശദീകരണം നൽകിയില്ല. നേരത്തെയും ഇയാൾ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് നടപടി.
0 comments