താമരശേരിയിൽ സംഘര്‍ഷത്തിൽ വിദ്യാർഥി മരിച്ച സംഭവം: അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

താമരശേരി: താമരശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. പ്രതികളായ വിദ്യാർഥികളെ ഇന്ന് ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കും. കോഴിക്കോട് താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(15) ആണ് വിദ്യാർഥികൾ തമ്മിലുണ്ടായ തലയ്‌ക്ക് ക്ഷതമേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി മരിച്ചത്. ഷഹബാസിനെ നഞ്ചക് പൊലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് നിഗമനം. അതേ സമയം, മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ നടക്കുകയാണ്. ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി.
വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്താണ് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്‌എസ്‌എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഞായറാഴ്‌ച പരിപാടിയിൽ ജിവിഎച്ച്‌എസ്‌എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് നിലച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പിന്നീട് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായി. 'ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവന്‍റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല' എന്ന് വിദ്യാർഥികൾ പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.
താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഇന്നലെ ഹാജരാക്കിയിരുന്നു. എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടിയത്.
0 comments