സ്കൂൾ വളപ്പിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഉടൻ പൊളിക്കും

തിരുവനന്തപുരം: സ്കൂൾ വളപ്പുകളിൽ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടഭാഗങ്ങൾ സ്കൂൾ തുറക്കും മുമ്പ് പൊളിച്ചുനീക്കും. സാങ്കേതിക തടസങ്ങളാൽ പൊളിക്കാനാവാത്ത പഴയകെട്ടിടങ്ങളുള്ളതിനാൽ പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവുമുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം കലക്ടറുടെ നിർദേശത്തിൽ ഇത്തരം കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങൾ പൊളിച്ചുനീക്കും.
മന്ത്രിമാരായ എം ബി രാജേഷിന്റെയും വി ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സ്വകാര്യഭൂമിയിൽ നിന്നടക്കം സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞ മരത്തിന്റെശാഖകളും ഭീഷണിയുയർത്തുന്ന മരങ്ങളും മുറിച്ചുമാറ്റും.
സുരക്ഷാ ഭീഷണിയില്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കും. വിദ്യാർഥികളുടെ ജീവന് ഭീഷണിയില്ലാത്ത സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്കാണ് അനുമതി നൽകുക.
ചുമരുകളുടെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്ങിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ തുടങ്ങിയ കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളുകൾക്കാണ് അധ്യയനത്തിന് അവസരമൊരുക്കുക. ഒരു വർഷത്തിനകം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പിൽ കഴിഞ്ഞ അധ്യയന വർഷം 140 സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകിയിരുന്നു. ഇതിൽ 44 സ്കൂളിൽ നിർമ്മാണങ്ങൾ നടത്തി. 22 സ്കൂളുകൾ അപേക്ഷ നൽകി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലാണ്. ക്രമവത്കരണ അപേക്ഷ നൽകാത്ത 74 സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകില്ല. ഈ സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി.
തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീലാ അബ്ദുള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, തദ്ദേശവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. എസ് ചിത്ര, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, എൽഎസ്ജിഡി ചീഫ് എൻജിനീയർ കെ ജി സന്ദീപ്, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
0 comments