ഫോട്ടോയുണ്ട്, നമ്പറില്ല; 'നമ്പർ മാസ്‌കി’ങ്ങുമായി സൈബർ തട്ടിപ്പുകാർ


ശ്രീരാജ് ഓണക്കൂർ
Published on Feb 13, 2025, 10:01 AM | 1 min read
കൊച്ചി: എറണാകുളം സ്വദേശിനിക്ക് ഭർത്താവിന്റെ വാട്‌സാപ് നമ്പറിൽനിന്ന് ഒരു സന്ദേശം വന്നു. സ്വാഭാവികമായി സംസാരിച്ചായിരുന്നു തുടക്കം. പിന്നീട് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരം തുടങ്ങി. ഒടുവിൽ പണം അയച്ചുതരാൻ ആവശ്യപ്പെടുന്ന ഘട്ടമെത്തി. സംശയം തോന്നിയ വീട്ടമ്മ വാട്‌സാപ് നമ്പർ പരിശോധിച്ചു.
ഭർത്താവിന്റെ ഫോട്ടോയായിരുന്നു പ്രൊഫൈൽ ചിത്രം. എന്നാൽ, നമ്പർ ഇല്ലായിരുന്നു. സംഭവം സൈബർതട്ടിപ്പാണെന്ന് മനസ്സിലായതോടെ കാക്കനാട് സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലെത്തി. പുതിയ രീതിയിലുള്ള തട്ടിപ്പാണിതെന്ന് സൈബർ പൊലീസ് അറിയിച്ചു. നമ്പർ ഇല്ലാത്തതിനാൽ ഇവരെ കണ്ടെത്തുക ശ്രമകരമാണെന്നും ജാഗ്രതപാലിക്കണമെന്നും പൊലീസ് പറഞ്ഞു. നമ്മുടെ പരിചയക്കാരുടെ വാട്‌സാപ് നമ്പറുകളിൽനിന്നായിരിക്കും സന്ദേശം എത്തുക.
അവരുടെ ഫോണിന്റെ നിയന്ത്രണം കൈകലാക്കിയശേഷമായിരിക്കും തട്ടിപ്പ്. ഏതെങ്കിലും ലിങ്കുകൾ അയച്ച് അതിൽ ക്ലിക്ക് ചെയ്യിപ്പിച്ചശേഷമായിരിക്കും ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കുക. തുടർന്ന് ആ ഫോണിലെ നമ്പറുകൾ നിരീക്ഷിച്ച് വേണ്ടപ്പെട്ടവരെ മനസ്സിലാക്കും. തുടർന്നായിരിക്കും സാധാരണമട്ടിൽ ചാറ്റ് ചെയ്‌ത് പണം ആവശ്യപ്പെടുക. അസ്വാഭാവികമായ രീതിയിൽ പണം ആവശ്യപ്പെട്ട് ഉറ്റവരുടെയോ പരിചയക്കാരുടെയോ വാട്‌സാപ് സന്ദേശം വന്നാൽ ജാഗ്രതപാലിക്കണമെന്ന് സൈബർ പൊലീസ് പറയുന്നു.
അവരോട് നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടിരുന്നോ എന്ന് പരിശോധിക്കണം. കൂടാതെ വാട്‌സാപ്പിൽ പരിചയമില്ലാത്തതോ പരിചയമുള്ളവരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ ഒരുകാരണവശാലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം സൈബർ തട്ടിപ്പുകാരന്റെ കൈകളിലേക്ക് വച്ചുനീട്ടുന്ന ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും പൊലീസും സൈബർ വിദഗ്‌ധരും പറയുന്നു.
Tags
Related News

0 comments