ഫോണുകൾ ഓഫ് ചെയ്ത് ‘സൈലൻസ് ഫോർ ഗാസ’യിൽ പങ്കാളികളാവുക: സിപിഐ എം

ന്യൂഡൽഹി: പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കുന്ന ‘സൈലൻസ് ഫോർ ഗാസ’യിൽ പങ്കാളികളാകുമെന്ന് അറിയിച്ച് സിപിഐ എം. ഒരാഴ്‌ചത്തേക്ക് പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് സംഘടിപ്പിക്കുന്ന ‘സൈലൻസ് ഫോർ ഗാസ’ എന്ന പരിപാടിയിലാണ് സിപിഐ എം ഭാഗമാവുക.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ വിവിധ ബഹുരാഷ്ട്ര കമ്പനികൾ എങ്ങനെയാണ് പങ്കാളികളാകുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു യുഎൻ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ഗാസയിൽ നടക്കുന്ന ഇസ്രയേൽ ആക്രമണത്തിൽ ഈ കമ്പനികളുടെ ദുഷിച്ച പങ്ക് തുറന്നുകാട്ടപ്പെടേണ്ടതും അവർ ജനങ്ങളോട് ഉത്തരവാദിത്തം ഏറ്റുപറയേണ്ടതുമാണ്.
വംശഹത്യയ്ക്ക് കാരണക്കരാകുമ്പോൾ പോലും, ഈ ബഹുരാഷ്ട്ര കമ്പനികൾ നമ്മുടെ ഡിജിറ്റൽ മേഖലയിൽ സജീവമാണ്. ഓരോ ദിവസവും അര മണിക്കൂർ നമ്മുടെ മൊബൈൽ ഫോണുകൾ ഓഫാക്കുന്നത് അത്ര വലിയ കാര്യമല്ല. എങ്കിലും ഡിജിറ്റൽ ലോകത്തെ തടസപ്പെടുത്തുന്ന ശക്തമായ ഒരു ഇടപെടലും അതിലൂടെ ഇസ്രായേലിന്റെ വംശഹത്യയ്ക്കും വിവേചനത്തിനും ധനസഹായം നൽകുന്ന മുതലാളിത്തത്തിനെതിരായ ഒരു സമരമവുമായിരിക്കും ഈ പ്രതിഷേധം.
മൊബൈൽ ഫോണുകൾ ഓഫാക്കുക, സോഷ്യൽ മീഡിയകളിൽ ലൈക്കുചെയ്യുന്നതിൽ നിന്നും അഭിപ്രായമിടുന്നതിൽ നിന്നും വിട്ടുനിൽക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഈ ഡിജിറ്റൽ പ്രതിരോധത്തിൽ സജീവമായി രാജ്യത്തുടനീളമുള്ള ജനങ്ങൾ പങ്കെടുക്കുക.– സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയിലൂടെ പറഞ്ഞു.
0 comments