കോട്ടയം നഗരസഭയിലെ അഴിമതി: ഉത്തരമില്ലാതെ യുഡിഎഫ്, പ്രതിഷേധം ശക്തം


സ്വന്തം ലേഖകൻ
Published on Jan 20, 2025, 07:50 PM | 1 min read
കോട്ടയം: കോട്ടയം നഗരസഭയിലെ ഗുരുതര സാമ്പത്തിക ക്രമക്കേടിൽ യുഡിഎഫ് ഭരണസമിതി പ്രതിക്കൂട്ടിലായിട്ടും കോൺഗ്രസിന് മിണ്ടാട്ടമില്ല. യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ 211 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്.
ജനരോഷം ശക്തമായിട്ടും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയോ ഡിസിസി പ്രസിഡന്റോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നേതാക്കളുടെ ഒളിച്ചോട്ടത്തിലൂടെ യുഡിഎഫ് ഭരണസമിതിയുടെ കുറ്റം നേതാക്കൾ സമ്മതിക്കുകയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
തനത് ഫണ്ടിനത്തിലും മറ്റുമായി വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചെന്ന് പറയപ്പെടുന്ന 211,89,04,017 രൂപ അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഭരണസമിതിയുടെ അറിവോടെ നടന്ന കൊള്ള പിടിക്കപ്പെടാതിരിക്കാൻ രേഖകൾ നശിപ്പിക്കുകയും ചെയ്തു. നഗരസഭയിലേക്കുള്ള പലവിധ ഫീസായും വാടകയായും മറ്റിനങ്ങളിലും വാങ്ങിയ ചെക്കുകൾ ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി.
മൂന്ന് ബാങ്കുകളിലെ ഏഴ് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ചെക്കുകൾ നഗരസഭയിലെ ഉദ്യോഗസ്ഥർ വാങ്ങിച്ച് രസീത് കൊടുത്തതായി രേഖയുണ്ട് താനും. കൃത്യമായ പരിശോധന നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് എൽഡിഎഫ് ആവശ്യം.
നഗരസഭയിൽ ജീവനക്കാരനായിരുന്ന അഖിൽ സി വർഗീസ് മൂന്ന് കോടിയുടെ പെൻഷൻ തട്ടിപ്പ് നടത്തിയതിലും യുഡിഎഫ് ഭരണസമിതിക്ക് അറിവുണ്ടെന്ന് ആക്ഷേപമുയർന്നതാണ്. നഗരസഭയിൽ ജീവനക്കാരനായിരിക്കെ മറ്റുള്ളവരുടെ പെൻഷൻതുക സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിലും അന്വേഷണം തുടരുകയാണ്.
നഗരസഭയിൽ നടമാടിയ അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ തിങ്കളാഴ്ച നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്തു.
Related News

0 comments