പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; കോൺഗ്രസ് അധ്യാപക സംഘടനാ നേതാവിന് 17വർഷം കഠിന തടവ്

കോട്ടയം : ഇല്ലിക്കൽ പാറപ്പാടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പാറപ്പാടം പോക്‌സോ കേസിൽ അധ്യാപകന് 17 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. കോൺഗ്രസ് അധ്യാപക സംഘടനാ നേതാവും നഗരത്തിലെ സ്‌കൂളിലെ അധ്യാപകനായിരുന്ന താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജി(50)നെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം ഏഴു വർഷം വീതം കഠിനതടവും 25000 രൂപ പിഴയും, ജുവനൈൽ ജസ്റ്റിസ് ബോർഡി ലെ വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയായെന്നതിനാൽ ഏഴു വർ ഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും.
2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർത്ഥിയെ ഇയാൾ പല തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ ആർ പ്രശാന്ത്കുമാർ കേസെടുത്തു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെസ്റ്റ് എസ് ഐ ജയകുമാർ, അജ്മൽ ഹുസൈൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.പോൾ കെ എബ്രഹാം ഹാജരായി.
0 comments