കോൺഗ്രസ് നേതാക്കൾ ദുർബലന്റെ മുഖത്ത് തുപ്പുന്നു: എ വിജയരാഘവൻ

a vijayaraghavan
വെബ് ഡെസ്ക്

Published on Jun 06, 2025, 01:04 PM | 2 min read

നിലമ്പൂർ: ക്ഷേമ പെൻഷൻ കൈക്കൂലിപ്പണമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ ദുർബലന്റെ മുഖത്ത് തുപ്പുകയാണെന്ന് അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ പറഞ്ഞു. കെഎസ്‌കെടിയു സംഘടിപ്പിച്ച പെൻഷൻ ഗുണഭോക്താക്കളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കോൺഗ്രസിന്റെ ഫ്യൂഡൽ മനോഭാവമാണ് വെളിപ്പെട്ടത്. ജന്മിത്വത്തിനെതിരെ ഈ നാട് പോരാടിയപ്പോൾ അതിനെ പുച്ഛിച്ചവരാണ് കോൺഗ്രസ്. ആ മനോഭാവമാണ്‌ അവർക്കിപ്പോഴും. നാണംകെട്ട പ്രയോഗമാണ്‌ വേണുഗോപാൽ നടത്തിയത്‌. അത്‌ നാക്കുപിഴയല്ലെന്ന്‌ പ്രതിപക്ഷനേതാവ് ആവർത്തിച്ചപ്പോൾ മനസിലായി. എല്ലാ കോൺഗ്രസ നേതാക്കളും ഓരോ ദിവസവും അവഹേളനം തുടരുകയാണ്‌. പെൻഷൻ നേരത്തിന് കൊടുക്കാത്തതിൽ റെക്കോഡിട്ടവരാണ്‌ യുഡിഎഫുകാർ. സഹായിച്ചില്ലെങ്കിൽ അപമാനിക്കരുതെന്നാണ്‌ ഈ നാടിന്‌ അവരോട്‌ പറയാനുള്ളത്‌.


പാവപ്പെട്ട ഒരാൾക്ക് പേടിക്കാതെയും പട്ടിണി കിടക്കാതെയും ജീവിക്കാൻ കഴിയുന്ന ലോകത്തിലെ ഏക നാടാണ്‌ കേരളം. പ്രായമായാൽ വീടിന്റെ മൂലയിലേക്ക് തള്ളില്ല എന്ന സാഹചര്യം സൃഷ്ടിച്ചു. കേരളത്തിൽ ജനസംഖ്യയിൽ നാലിലൊന്ന് പേർക്ക് പെൻഷൻ കിട്ടുന്നുണ്ട്‌. പാവപ്പെട്ടവന് പരിഗണനയിൽ എല്ലാകാലത്തും ഇടതുപക്ഷം ഒന്നാം സ്ഥാനം നൽകിയിട്ടുണ്ട്‌. ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള, മോദി ഭരിക്കുന്ന ഇന്ത്യയിൽ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്.


ഇടതുപക്ഷ വിരുദ്ധതതയുടെയും സർക്കാർ വിരുദ്ധതയുടെയും നുണകൾ പടച്ചുണ്ടാക്കി വലതുപക്ഷ മാധ്യമങ്ങളിലൂടെ അത്‌ കെട്ടഴിച്ചുവിട്ട്‌ ജാതിമത വർഗീയ കൂട്ടുകെട്ടിലൂടെ തെരഞ്ഞെടുപ്പ്‌ ലാഭമുണ്ടാക്കാമെന്നാണ്‌ യുഡിഎഫ്‌ കരുതുന്നത്‌. വർഗീയ ശക്തികളുടെ സമ്മർദത്തിന് വഴങ്ങിയാണ്‌ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചത്‌. നാടിന്റെ വികസന സാധ്യതകളെ അത്‌ തകർത്തു. കേരളത്തിൽ ഒരു വികസനവും നടക്കാൻ പാടില്ല എന്നാണ്‌ പ്രതിപക്ഷം പറയുന്നത്‌. ദേശീയപാത നിർമ്മാണം കോടതി കയറ്റാനാണ്‌ ശ്രമം. യുഡിഎഫ്‌ നേതാക്കൾ സ്വയം അപഹാസ്യരാകുന്നു. ഈ സ്ഥാനത്ത്‌ ഇരിക്കാൻ യോഗ്യരല്ലെന്ന്‌ തെളിയിക്കുന്ന നിലപാടുകളാണ്‌ അവർ എല്ലാ വിഷയത്തിലും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



കോൺഗ്രസ്‌ അവഹേളനത്തിൽ പ്രതിഷേധിച്ച്‌ പെൻഷൻകാർ


ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന് അവഹേളിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി പെൻഷൻ ഗുണഭോക്താക്കൾ. കെഎസ്‌കെടിയു നേതൃത്വത്തിൽ ചന്തക്കുന്ന് ബസ്‌റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിൽ നിലമ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേരെത്തി. പെൻഷൻ ഔദാര്യമല്ല അവകാശമാണെന്ന് അവർ പ്രഖ്യാപിച്ചു.


ക്ഷേമ പെൻഷൻ കൈക്കൂലിയല്ല- അവകാശമാണ്, പെൻഷനെയും പെൻഷൻ വാങ്ങുന്നവരെയും അക്ഷേപിച്ച കെ സി വേണുഗോപാൽ മാപ്പ് പറയുക എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച സംഗമം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ എൻ പി അലവി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ജില്ലാ സെക്രട്ടി ഇ ജയൻ, മുൻ എംഎൽഎ എൻ കണ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എൻ മോഹനൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home