Deshabhimani

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താൻ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ വഴിയൊരുക്കും: മുഖ്യമന്ത്രി

PINARAYI VIJAYAN
വെബ് ഡെസ്ക്

Published on Feb 12, 2025, 12:26 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ പുതിയ നാഴികക്കല്ലായി ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ മാറുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താനും ഈ ഉച്ചകോടി വഴിയൊരുക്കുമെന്നും ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 21, 22 തിയ്യതികളിലായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്‌ ഉച്ചകോടി നടക്കുന്നത്‌.


മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌


കേരളത്തിന്റെ വികസനത്തിനു വിഘാതം നിന്ന നിരവധി പ്രവണതകളെ തിരുത്തിക്കുറിച്ച എട്ടു വർഷങ്ങളാണ് കടന്നു പോയത്. കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന മുൻവിധികളെല്ലാം ഇന്ന് വിസ്മൃതിയിലായി. രാജ്യത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി നമ്മൾ മാറി. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയും ആസൂത്രണ മികവുമാണ് ഈ നേട്ടം സാധ്യമായത്.


ആ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജവും ദിശാബോധവും പകരുന്ന ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്’ ഫെബ്രുവരി 21, 22 തിയ്യതികളിലായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ സംഘടിപ്പിക്കുകയാണ്. ഇതിലൂടെ കേരളത്തിന്റെ ഉത്തരവാദിത്ത വികസന വളർച്ചയാണ് ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താനും ഈ ഉച്ചകോടി വഴിയൊരുക്കും.


ഇതിനു മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗൾഫ് മേഖലയിലും അന്താരാഷ്ട്ര വിദഗ്ദ്ധരടക്കമുള്ളവർ പങ്കെടുത്ത ബൃഹദ് പരിപാടികൾ സംഘടിപ്പിച്ചു. ഒൻപത് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഈ വലിയ ഉച്ചകോടിക്ക് കേരളം ആതിഥ്യമരുളുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കമുള്ളവർ പങ്കെടുക്കുന്ന വിവിധ വിനിമയപരിപാടികൾ അരങ്ങേറും.


2016ൽ ഇടതുപക്ഷം അധികാരത്തിലേറിയതിന് ശേഷം വ്യവസായ രംഗത്ത് കേരളമുണ്ടാക്കിയ വളർച്ച അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. വ്യാവസായിക സൗഹാർദ്ദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലുകൾക്ക് ദേശീയ, അന്തർദ്ദേശീയ അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ പുതിയ നാഴികക്കല്ലായി ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ മാറും.



deshabhimani section

Related News

0 comments
Sort by

Home