കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് തോൽവി; കെഎസ്‌യു തൃശൂർ ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി

തൃശൂർ: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിലെ കെഎസ്‌യുവിന്റെ കനത്ത തോൽവിയെ തുടർന്ന് തൃശൂർ ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. ജില്ലാ കമ്മിറ്റിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ തുറന്ന വാക്‌പോര്.
തൃശൂരിലെ കോളേജുകളിലെ കെഎസ്‌യുവിന്റെ കനത്ത തോൽവിക്ക് കാരണം ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരിൻ്റെ നടപടികളാണെന്ന് ജില്ലാ സെക്രട്ടറി നേജിൽ ജോസഫ് തുറന്നടിച്ചു. ജില്ലയിലെ 33 കോളേജുകളിൽ രണ്ടിടത്ത് മാത്രമാണ് കെഎസ്‌യുവിന് വിജയിക്കാൻ കഴിഞ്ഞത്.
ബാക്കി 31 കോളേജുകളിലും എസ്എഫ്ഐ മികച്ച വിജയമാണ് നേടിയത്. ഇത് ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്‍റെ മിടുക്കാണെന്ന തരത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പിൽ പരിഹാസം വന്നു. ജില്ലാ പ്രസിഡണ്ട് വടിവാളിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു വന്നതേയുള്ളൂ ഇങ്ങനെയൊന്നും പറയല്ലേ എന്ന് ജില്ലാ സെക്രട്ടറി നേജിൽ ജോസഫിന്റെ കമന്റ്.
മീഡിയമാനിയ ബാധിച്ച ജില്ലാ പ്രസിഡണ്ട് ഫേസ്ബുക്കിലെ ലൈക്ക് എണ്ണി അഭിരമിക്കുകയാണെന്ന് മറ്റൊരു കമന്റ്. ജില്ലാ പ്രസിഡണ്ട് നാടകത്തിൽ അഭിനയിച്ചാൽ രക്ഷപ്പെടുമെന്ന് മറ്റൊരു ജില്ല നേതാവ്. നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി തന്നെ പറയുകയാണ് പ്രവർത്തകർ. കെ എസ് യു ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വാക്പോരിൽ കോൺഗ്രസ് ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments