Deshabhimani

25 കോടിയിൽ ഒരുങ്ങുന്നു, ചിറയിൻകീഴ് മേൽപ്പാലം

chirayankeezhu.
വെബ് ഡെസ്ക്

Published on May 17, 2025, 05:53 PM | 1 min read

ചിറയിൻകീഴ് : എൽഡിഎഫ്‌ സർക്കാരിന്റെ വികസന ആകാശത്തിൽ വിരിഞ്ഞ മറ്റൊരു മഴവില്ലാവുകയാണ്‌ ചിറയിൻകീഴിലെ ഈ മേൽപ്പാലവും. ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമാണം പ്രവൃത്തി 90 ശതമാനവും പൂർത്തിയായി. ഇതിനായി 25 കോടിരൂപയാണ് എൽഡിഎഫ് സർക്കാർ കിഫ്ബിവഴി വകയിരുത്തിയത്.

റെയിൽവേ നിർമിച്ച 3 എണ്ണമടക്കം 14 സ്പാനുകളാണ് പാലത്തിനായി നിർമിച്ചത്. ഇവയിൽ സ്ഥാപിച്ച ഉരുക്കുഗർഡറുകൾക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ പാകി. അപ്രോച്ച് റോഡുകളുടേയും സർവീസ് റോഡുകളുടേയും ടാറിങ് ജോലികളും പാർശ്വഭിത്തി നിർമാണവും പുരോഗമിക്കുകയാണ്. എല്ലാ പണികളും മെയ് അവസാനത്തോടെ പൂർത്തിയാകും.

13 കോടി ചെലവിട്ട് 1.5 ഏക്കര്‍ ഏറ്റെടുത്തതിനുപുറമേ റവന്യു ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന താലൂക്കാശുപത്രി, എക്‌സൈസ് ഓഫീസ്, ചിറയിന്‍കീഴ് പഞ്ചായത്തോഫീസ്, സബ്‌ രജിസ്ട്രാര്‍ ഓഫീസ് എന്നിവയുടെ ഭൂമിയും ഏറ്റെടുത്തിരുന്നു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കുസമീപത്ത് നിന്നാരംഭിച്ച് പണ്ടകശാലയ്ക്കുസമീപംവരെ ഏകദേശം 700 മീറ്ററിലേറെയാണ്‌ പാലം. ചെന്നൈ ആസ്ഥാനമായ എസ്പാൻ ഇൻഫ്രാ സ്ട്രക്‌ചർ എന്ന കമ്പനിയാണ് നിർമാണം.

മേൽപ്പാലം പൂർത്തിയാകുന്നതോടെ ചിറയിൻകീഴ് താലൂക്കാശുപത്രി, സബ് രജിസട്രാർ ഓഫീസ്, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, റെയിൽവേ സ്റ്റേഷൻ, ശാർക്കര ദേവീക്ഷേത്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും ആളുകൾക്ക് വേഗം എത്താനാകും.





deshabhimani section

Related News

View More
0 comments
Sort by

Home