കേന്ദ്ര വിഹിതം പൂജ്യം: കള്ളം പൊളിച്ചടുക്കി സഭയിൽ രേഖ

തിരുവനന്തപുരം: ആശമാർക്കുള്ള ഗ്രാന്റടക്കം കേരളത്തിന് ആരോഗ്യരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ പണം നൽകാനില്ലെന്ന കേന്ദ്രവാദം പൊളിച്ച് നിയമസഭയിൽ രേഖവച്ച് ആരോഗ്യമന്ത്രി. 2023–-24 സാമ്പത്തികവർഷം കോ-ബ്രാൻഡിങ്ങിന്റെ പേരിൽ തടഞ്ഞുവച്ച ക്യാഷ് ഗ്രാന്റിൽ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് രേഖ വ്യക്തമാക്കുന്നു. കേന്ദ്രത്തിനയച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് പകർപ്പും മന്ത്രി സഭയിൽവച്ചു.
ആശമാരുടെ ഇൻസെന്റീവ് അനുവദിച്ചിട്ടില്ല
കേന്ദ്രം തരാനുള്ള 826.02 കോടിയിൽ അടിസ്ഥാന വികസനത്തിനും കൈൻഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി മാത്രമാണ് അനുവദിച്ചത്. ആശമാരുടെ ഇൻസെന്റീവ് നൂറ് കോടിയോളം രൂപയടക്കം 636.88 കോടി കുടിശ്ശികയാണ്.
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചുകൊടുത്തിരുന്നു. 2025 ഫെബ്രുവരി വരെയുള്ള ഫിനാൻഷ്യൽ മോണിറ്ററിങ് റിപ്പോർട്ടുകളും കൈമാറി.
ഈ റിപ്പോർട്ട് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ നൽകിയ രേഖകളാണ് വീണാ ജോർജ് നിയമസഭയിൽ വച്ചത്.
തെളിവായി കത്തുകൾ
2023–--24 വർഷത്തിൽ എൻഎച്ച്എമ്മിന് കേന്ദ്രം നൽകാനുള്ള തുക ആവശ്യപ്പെട്ട് 2023 നവംബർ 27, 2024 ജൂൺ 24, 2024 ഒക്‌ടോബർ 17 തീയതികളിൽ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷൻ നാഷണൽ മിഷനും കത്തയച്ചിരുന്നു. ഇതിനുള്ള മറുപടികളിൽ കേന്ദ്രം കേരളത്തിന് 2023–--24 വർഷത്തിൽ നൽകിയ വിഹിതം പൂജ്യമെന്നും വ്യക്തമാകുന്നു.
0 comments