ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചു: ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ : നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ച് ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ആലപ്പുഴ നഗരസഭ പി എച്ച് വാർഡിൽ ശാന്തി ആശ്രമം വാഹിദ് (43) ആണ് മരിച്ചത്. ഭാര്യ സെലീനക്ക് (41) ആണ് പരിക്കേറ്റത്. ശനി രാത്രി 12ഓടെ ജനറൽ ആശുപത്രി-വെള്ളക്കിണർ റോഡിലായിരുന്നു അപകടം.
വെള്ളക്കിണർ ജങ്‌ഷനിൽ തട്ടുകട നടത്തുന്ന ദമ്പതിമാർ കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാർ ബൈക്കിടിച്ച് തെറിപ്പിച്ചു. ദമ്പതികളെ ആലപ്പുഴ മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചെങ്കിലും വാഹിദ് മരിച്ചു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും റോഡിന് വടക്ക് വശത്തെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷമാണ് നിന്നത്. കാറിലുള്ളവർക്കും പരിക്കേറ്റു. വിഷയത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
0 comments