സേവാഭാരതിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കലിക്കറ്റ് വി സി

സേവാഭാരതി സമ്മേളനം ഉദ്ഘാടനംചെയ്യാനെത്തിയ കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ. സമീപം കാവി പതാകയേന്തിയ വനിതയുടെ ചിത്രവും കാണാം
പരപ്പനങ്ങാടി: സംഘപരിവാർ സംഘടനയായ സേവാഭാരതിയുടെ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തത് കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ. പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തിൽ ഞായറാഴ്‌ച നടന്ന സേവാഭാരതി മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനമാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവുകൂടിയായ ഡോ. പി രവീന്ദ്രൻ നിർവഹിച്ചത്. കലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈസ് ചാൻസലർ സംഘപരിവാർ സമ്മേളനത്തിന്റെ ഉദ്ഘാടകനായി പോകുന്നത്.
വേദിയിൽ ഇതിനകംതന്നെ വിവാദമായ കാവിക്കൊടിയേന്തിയ വനിതയുടെ ഫോട്ടോയും സ്ഥാപിച്ചിരുന്നു. വൈസ് ചാൻസലറുടെ ഔദ്യോഗിക വാഹനത്തിലാണ് ഡോ. പി രവീന്ദ്രൻ സമ്മേളനത്തിനെത്തിയത്. ഭാരതാംബ വിവാദത്തിൽ താൻ ചാൻസലറോടൊപ്പമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിലുള്ള നന്ദി വേദിയിൽത്തന്നെ വൈസ് ചാൻസലർ സംഘാടകരെ അറിയിച്ചു. പ്രളയസമയത്ത് സേവാഭാരതി സമൂഹത്തിന് നിസ്തുലമായ സേവനം നൽകിയെന്നും സേവാഭാരതി ചെറിയ സംഘടനയല്ലെന്നും ലോകം മുഴുവൻ പരന്നുകിടക്കുന്ന സംഘടനയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രശംസിച്ചു.
ഏറെനേരം വേദിയിൽ ചെലവഴിച്ചാണ് ഡോ. രവീന്ദ്രൻ മടങ്ങിയത്. നേരത്തെ, മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഇദ്ദേഹത്തിന് താൽക്കാലിക വിസിയുടെ ചുമതല നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് കോൺഗ്രസ്– മുസ്ലിംലീഗ്– ബിജെപി സർവീസ് സംഘടനാ നേതാക്കൾ അടങ്ങിയതാണ്. അടുത്തിടെ നടന്ന സർവകലാശാലയിലെ കോൺഗ്രസ്– മുസ്ലിംലീഗ് സർവീസ് സംഘടനാ സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. ഇതിനുശേഷമാണിപ്പോൾ സംഘപരിവാർ സംഘടനയുടെ വേദിയിലുമെത്തിയിരിക്കുന്നത്. ഡോ. പി രവീന്ദ്രന്റെ ഈ നടപടിയെ കണ്ടില്ലെന്നുനടിക്കുകയാണ് കോൺഗ്രസ്– മുസ്ലിംലീഗ് സംഘടനകൾ.
0 comments