സ്വകാര്യ ബസിനു പിന്നിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 28പേർക്ക് പരിക്ക്

കൊല്ലം: കോർപറേഷൻ ഓഫീസിനു സമീപം സ്വകാര്യ ബസിനു പിന്നിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു 28 പേർക്ക് പരിക്ക്. ചൊവ്വ പകൽ ഒന്നിനായിരുന്നു അപകടം. സാരമായി പരിക്കേറ്റ എട്ടുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റുള്ളവർ പ്രാഥമിക ചികിത്സതേടി. കെഎസ്ആർടിസി പാറശാല ഡിപ്പോയിലെ ഡ്രൈവർ ഗോപകുമാർ (50), കണ്ടക്ടർ ശ്രീകുമാർ, യാത്രക്കാരായ എറണാകുളം സ്വദേശി ജോസ്, ചാത്തന്നൂർ സ്വദേശികളായ ദിവ്യ, മകൻ പ്രണവ്, ജയശ്രീ, വിജയമ്മ, പാരിപ്പള്ളി സ്വദേശി നിമിഷ, വള്ളിക്കുന്ന് സ്വദേശി രോഹിണിയമ്മ ഉൾപ്പെടെയുള്ളവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
എആർ ക്യാമ്പിനു മുന്നിലൂടെ ചിന്നക്കടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കോർപറേഷന്‍ ഓഫീസിന് സമീപം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് പിന്നാലെയെത്തിയ കെഎസ്ആർടിസി ബസും സൂപ്പർ ഫാസ്റ്റ് ബസും കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ഇരുവശവും സ്വകാര്യ ബസിന്റെ പിൻഭാഗത്തെ ഗ്ലാസും തകർന്നു. കൊട്ടിയം –--പനയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്, പാറശാല, മാവേലിക്കര ഡിപ്പോയിലെ കെഎസ്ആർടിസി ബസുകളുമാണ് കൂട്ടിയിടിച്ചത്. സംഭവം നടക്കുമ്പോൾ സ്വകാര്യ ബസിലേക്ക് കയറാൻ ശ്രമിച്ച യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു പരിക്കേറ്റു. ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും ഏറെ പണിപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
0 comments