പരാതി പിൻവലിക്കാൻ കൈക്കൂലി: നാല് പേർ വിജിലൻസ് പിടിയിൽ

രാകേഷ്, പ്രസാദ്, ബിജു, അല്ലെഷ്
തിരുവനന്തപുരം: കൈക്കൂലി വാങ്ങവെ നാല് പേരെ കസ്റ്റഡിയിലെടുത്ത് വിജിലൻസ്. എറണാകുളത്തെ എയ്ഡഡ് സ്കൂളിലെ മുൻ പിടിഎ എക്സിക്യൂട്ടീവ് മെമ്പറായിരുന്ന പ്രസാദിനെയും, ഇപ്പോഴത്തെ പിടിഎ പ്രസിഡന്റായ ബിജു തങ്കപ്പനെയും, പിടിഎ എക്സിക്യൂട്ടീവ് മെമ്പറായ അല്ലെഷിനെയും തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലെ യമഹ ഷോറൂം മാനേജരായ രാകേഷ് റോഷൻ മുഖേന രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവെയാണ് പിടികൂടിയത്. ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്’-ന്റെ ഭാഗമായി എറണാകുളം മധ്യ മേഖല വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഇവർ പെട്ടത്. പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററുടെ പരാതിയിലാണ് നടപടി.
ഹെഡ്മാസ്റ്ററായ പരാതിക്കാരൻ ഈ മാസം 31-ന് സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യേണ്ടതാണ്. പിറവം പാലച്ചുവട് സ്വദേശിയായ പ്രസാദ് പരാതിക്കാരനെതിരെ സ്കൂൾ ഫണ്ടുകളിൽ തിരുമറി നടത്തിയതായി കാണിച്ച് കള്ള പരാതികൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലേക്ക് അയച്ചിരുന്നു. ഇതിൽ ജില്ലാ എഡ്യൂക്കേഷൻ ഓഫീസറുടെ ഒരു അന്വേഷണവും നടന്നിരുന്നു. തുടർന്ന് ബിജു തങ്കപ്പനും അല്ലേഷും മറ്റും ചേർന്ന് പരാതിക്കാരനെ, പ്രസാദിന്റെ വീട്ടിലേക്ക് വിളിപ്പിക്കുകയും ഒരു ഒത്തുതീർപ്പ് ചർച്ച നടത്തുകയും ചെയ്തു.
ചർച്ചയിൽ തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്നും ഉദ്യോഗസ്ഥൻ വിചാരിച്ചാൽ മാത്രമേ പരാതി തീർപ്പാക്കാൻ കഴിയുകയുള്ളൂവെന്നും പ്രസാദ് പറഞ്ഞു. അവിടെവച്ച് തന്നെ പ്രസാദ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും ഫെബ്രുവരി 27ന് ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് ചെല്ലാൻ പറഞ്ഞതായി പറയുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ ട്രെയിൻ മാർഗ്ഗവും ബിജുവും പ്രസാദും മറ്റുള്ളവരും ബിജുവിന്റെ ഇന്നോവ കാറിലും പ്രസ്‌തുത ദിവസം തിരുവനന്തപുരത്ത് എത്തുകയും ഒരു ഹോട്ടലിൽ വച്ച് ഉന്നത ഉദ്യോഗസ്ഥനെന്ന് പറഞ്ഞയാളെ കാണുകയും ചെയ്തു.
റിട്ടയർമെന്റ് ആനുകൂല്യങ്ങളും മറ്റും തടഞ്ഞു വയ്ക്കുമെന്നും അത് ഒഴിവാക്കണമെങ്കിൽ കുറെ ഉദ്യോഗസ്ഥരെ കാണേണ്ടി വരുമെന്നും മറ്റും പറഞ്ഞു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്നുപറഞ്ഞയാൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥന് നല്കാനെന്ന് പറഞ്ഞ് പ്രസാദ് 5,000- രൂപ പരാതിക്കാരനിൽ നിന്നും ഗൂഗിൾ- പേ വഴി വാങ്ങുകയും പ്രസാദും മറ്റുള്ളവരും ചേർന്ന് യാത്രാ ചെലവനായി മറ്റൊരു 25,000 രൂപയും ഭീഷണിപ്പെടുത്തി പരാതിക്കാരിൽ നിന്നും ബിജൂ തങ്കപ്പന്റെ ഗൂഗിൾ-പേയിലേക്ക് വാങ്ങിയെടുക്കുകയും ചെയ്തു.
തുടർന്ന് മാർച്ച് മൂന്നിന് പരാതിക്കാരനെ പ്രസാദും ബിജു തങ്കപ്പനും ചേർന്ന് പിറവത്തുള്ള തേക്കുംമൂട് പടിയിൽ വിളിപ്പിച്ച് തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥൻ വിളിക്കുന്നു എന്നും പറഞ്ഞു ഫോൺ കൊടുത്തു. ഫോണിലൂടെ സംസാരിച്ച ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞയാൾ 15 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം മൂന്നുദിവസത്തിനുള്ളിൽ നൽകണമെന്നും പറഞ്ഞു. അതിനുശേഷം ബിജുവും പ്രസാദും ചേർന്ന് പരാതിക്കാരനെ 15 ലക്ഷം രൂപ ഉദ്യോഗസ്ഥന് കൊടുക്കുണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അല്ലെങ്കിൽ കുടുംബം തകർക്കുമെന്നും പറഞ്ഞു. തുടർന്ന് അത്രയും തുക കൈവശമില്ല എന്ന് പറഞ്ഞ പരാതിക്കാരനോട് പതിനെട്ടാം തീയതി 5 ലക്ഷം രൂപ തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് പറഞ്ഞ് പ്രസാദും മറ്റു പ്രതികളും ഭീഷണിപ്പെടുത്തി.
ഇതിന് ശേഷം പരാതിക്കാരൻ ഈ വിവരം ഏറണാകുളം മധ്യമേഖല പൊലീസ് സൂപ്രണ്ടിനെ അറിയിക്കുന്നത്. അതിന്റെ ഭാഗമായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ മാർച്ച് 18ന് വൈകുന്നേരം 07.30ന് തിരുവനന്തപുരം വെഞ്ഞാറമൂട് ഇന്ത്യൻ കോഫീ ഹൌസിനു മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ രാകേഷ് റോഷനേയും, മറ്റുപ്രതികളായ ബിജു തങ്കപ്പൻ, പ്രസാദ്, അല്ലേഷ് എന്നിവരെയും ഏറണാകുളം മധ്യമേഖല വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
ഒന്നാം പ്രതി രാകേഷ് റോഷനെ ചോദ്യം ചെയ്തതപ്പോൾ അയാൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ അല്ല എന്നും ആറ്റിങ്ങലിൽ ഉള്ള യമഹ ഷോറൂമിലെ സർവീസ് മാനേജർ ആണെന്നും മലയിൻകീഴ് സ്വദേശിയാണെന്നും മനസിലായി. മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി പൈസ തട്ടിച്ചെടുക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായി അഭിനയിക്കുകയായിരുന്നു രാകേഷ്. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐപിഎസ് അഭ്യർത്ഥിച്ചു.
0 comments