print edition പോർട്ടൽ തകരാർ ; ദേശീയ ചലച്ചിത്രപുരസ്കാരത്തിന് അപേക്ഷിക്കാനായില്ല; ബൊഗെയ്‌ൻവില്ല നിർമാതാക്കൾ ഹെെക്കോടതിയിൽ

കൊച്ചി
പോർട്ടൽ തകരാർ കാരണം ‘ബൊഗെയ്‌ൻവില്ല' സിനിമയ്ക്ക് 2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കൾ ഹെെക്കോടതിയിൽ. ഹർജിയിൽ 10 ദിവസത്തിനകം ഉചിതതീരുമാനമെടുക്കാൻ ജസ്റ്റിസ് വി ജി അരുൺ വാർത്താവിതരണ മന്ത്രാലയത്തോട് നിർദേശിച്ചു.
നിർമാതാക്കളായ അമൽ നീരദ് പ്രൊഡക്‌ഷൻസ് നൽകിയ ഹർജിയിലാണ് നടപടി.
2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷിക്കാൻ കഴിഞ്ഞ ഒക്ടോബർ 31 വരെയായിരുന്നു അവസരം. എന്നാൽ, പോർട്ടൽ തകരാർമൂലം അപേക്ഷാനടപടികൾ പൂർത്തീകരിക്കാനായില്ല. തീയതി നീട്ടണമെന്നാവശ്യപ്പെട്ട് 31നുതന്നെ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
നിരൂപകശ്രദ്ധ നേടിയ ചിത്രം മത്സരിപ്പിക്കാൻ കഴിയാതെവന്നാൽ അണിയറക്കാരേയും അഭിനേതാക്കളേയും ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഒക്ടോബർ 10നുതന്നെ പോർട്ടൽ തുറന്നതാണെന്നും വ്യാപക പ്രചാരണം നൽകിയിരുന്നുവെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ, പോർട്ടലിൽ പ്രശ്നമുണ്ടെന്ന് നിർമാതാക്കൾ നിശ്ചിത സമയത്തുതന്നെ അറിയിച്ചിരുന്നതിനാൽ പരിശോധിക്കണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.









0 comments