തടിച്ചതാണ്, മെലിഞ്ഞതാണ്, ഉയരക്കുറവാണ്, കറുത്തതാണ്, ഇരുണ്ടതാണ് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം
ശരീരാധിക്ഷേപം വേണ്ട , മേലിൽ ആവർത്തിക്കരുത് : ഹെെക്കോടതി

കൊച്ചി
ശരീരാധിക്ഷേപം (ബോഡി ഷെയ്‌മിങ്) അംഗീകരിക്കാനാകില്ലെന്ന് ഹെെക്കോടതി. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് കർശന ഉപാധികളോടെ ജാമ്യമനുവദിച്ചാണ് ഹൈക്കോടതിയുടെ പരാമർശം. ബോബി ചെമ്മണൂരിന്റേത് ലെെംഗികച്ചുവയുള്ള ഭാഷയാണെന്നും ദ്വയാർഥ പ്രയോഗമുള്ള വാക്കുകൾ ഏത് മലയാളിക്കും മനസ്സിലാകുമെന്നും ബോബി ചെമ്മണൂരിന്റെ ജാമ്യപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ പറഞ്ഞു.
ശരീരത്തിനും മനസ്സിനും ചിന്തകൾക്കും മാറ്റം വന്നേക്കാം. എന്നാൽ, മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ സ്‌ത്രീക്കായാലും പുരുഷനായാലും ശ്രദ്ധവേണം. കേസിൽ പരാമർശിക്കുന്ന മറ്റ് വീഡിയോകളും അപകീർത്തികരമാണ്. അതിൽ ബോബി കൈകൾകൊണ്ട് പരാതിക്കാരിയുടെ ശരീരഘടന കാട്ടുന്നുണ്ട്. സെലിബ്രിറ്റിയാണെന്ന് അവകാശപ്പെടുന്ന ബോബി, വ്യക്തിപരമായ നേട്ടങ്ങളും സമൂഹത്തിനായിചെയ്യുന്ന കാര്യങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയായോ ഗായികയായോ സംഗീതജ്ഞയായോ പരാതിക്കാരി പ്രശസ്‌തയല്ലെന്നും വാദിക്കുന്നു.
ജാമ്യപേക്ഷയിലും പരാതിക്കാരിയെ അപമാനിക്കാനാണ് ശ്രമം. പരാതിക്കാരിക്ക് സമൂഹത്തിലുള്ള സ്ഥാനംസംബന്ധിച്ച് വക്കാലത്തെടുക്കേണ്ട കാര്യം ബോബിക്കില്ല. ഉദ്ഘാടന പരിപാടിക്കിടെ എതിർക്കാതിരുന്നത് പരാതിക്കാരിയുടെ മാന്യതയാണ്–- കോടതി ഉത്തരവിൽ വ്യക്തമാക്കി.
തടിച്ചതാണ്, മെലിഞ്ഞതാണ്, ഉയരക്കുറവാണ്, കറുത്തതാണ്, ഇരുണ്ടതാണ് തുടങ്ങി ഒരാളുടെ ശരീരത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണ്. ‘രൂപഭാവംകൊണ്ട് നിങ്ങൾ ഒരു സ്‌ത്രീയെ വിലയിരുത്തിയാൽ അത് നിർവചിക്കുന്നത് അവളെയല്ല, നിങ്ങളെത്തന്നെയാണ്’ എന്ന അമേരിക്കൻ മോട്ടിവേഷണൽ സ്‌പീക്കർ സ്റ്റീവ് മറാബോലിയുടെ വാക്യവും വിധിയിൽ ഉദ്ധരിച്ചു.
ബോബിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ കെ എ നൗഷാദ് വാദിച്ചു.
ബോബി ആറുദിവസം ജയിലിൽ കഴിഞ്ഞതിലൂടെ സമൂഹത്തിന് ശക്തമായ സന്ദേശം നൽകാനായതായി കോടതി പറഞ്ഞു.
ബോബിക്ക് ജാമ്യം; പുറത്തിറങ്ങാനായില്ല
ബോബി ചെമ്മണൂരിന് കർശന വ്യവസ്ഥകളോടെ ജാമ്യം. അരലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത്. മറ്റ് കൃറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. ദ്വയാർഥപ്രയോഗങ്ങൾ ആവർത്തിക്കില്ലെന്ന ബോബിയുടെ ഉറപ്പും കോടതി രേഖപ്പെടുത്തി.
ജാമ്യം അനുവദിച്ചെങ്കിലും ബോബിക്ക് ചൊവ്വാഴ്‌ച ജയിലിൽനിന്ന് ഇറങ്ങാനായില്ല. ജാമ്യ ഉത്തരവും ബോണ്ടും അഭിഭാഷകൻ എത്തിച്ചില്ല. എന്നാൽ, റിമാൻഡ് തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോണ്ടിൽ ഒപ്പിടാൻ ബോബി വിസമ്മതിച്ചെന്നും പുറത്തിറങ്ങാൻ തയ്യാറായില്ലെന്നുമുള്ള വാർത്ത ജയിൽ അധികൃതർ തള്ളി.
Related News

0 comments