മുപ്പത് മണ്ഡലങ്ങളിൽ ബിജെപി വോട്ട് മറിച്ചു; വർഗീയ ചേരിതിരിവിനുള്ള ലീഗിന്റെ ശ്രമം അപകടകരം: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് ഡീൽ ശക്തമായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏതാണ്ട് 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകി. ചില മണ്ഡലങ്ങളിൽ ബിജെപിക്ക് യുഡിഎഫ് വോട്ടും നൽകി. ബിജെപി വിജയിച്ചയിടങ്ങളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിൽ മൂന്ന് സീറ്റിൽ ബിജെപി ജയിച്ചത് ഗൗരവതരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് നേരത്തെ പറഞ്ഞത് തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടത് സിപിഐ എമ്മിനെയും എൽഡിഎഫിനെയുമാണെന്നാണ്. പല മണ്ഡലങ്ങളിലും യുഡിഎഫിന് ബിജെപി വോട്ട് ലഭിച്ചു എന്ന് ഉറപ്പാക്കിയിട്ടാണ് 100 സീറ്റിന് മുകളിൽനേടുമെന്ന് അവകാശപ്പെട്ടത്. കൃത്യമായ അജണ്ടവെച്ച്, സിപിഐ എമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് പ്രചരിപ്പിച്ചിട്ട്, കോൺഗ്രസും ബിജെപിയും വോട്ടുകൾ പരസ്പരം കൈമാറി.
രാഹുൽ ഗാന്ധി ഉൾപ്പെടെ കേരളത്തിൽവന്ന് എൽഡിഎഫിനും സിപിഐ എമ്മിനും എതിരായി പ്രസംഗിച്ചു. കേന്ദ്രഏജൻസികൾ എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നും രാഹുൽ ഗാന്ധി ചോദിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന് ദിവസങ്ങൾക്കുള്ളിൽ നടന്ന ഇഡി റെയ്ഡിലൂടെ ബിജെപി-ഡീൽ തെളിഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രേരണയിലാണ് താൻ പിണറായിക്കെതിരെ സംസാരിച്ചതെന്ന് രാഹുൽഗാന്ധി തന്നെ ഇന്ത്യാ കൂട്ടായ്മയുടെ യോഗത്തിൽ വെളിപ്പെടുത്തി.
കർണാടകയിൽ എൻഡിഎ ഘടകകക്ഷികളുമായി മുഖ്യമന്ത്രിയാകുന്നതിന് മുൻപ് വി ഡി സതീശൻ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. എന്തിനായിരുന്നു ആ കൂടിക്കാഴ്ചയെന്ന് തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. കേരളത്തിലെയും കർണാടകത്തിലെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം ചൊല്ലിയത്, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്, എംജി സർവകലാശാലയിലെ കാവിവൽക്കരണം- ഇതിലൊക്കെ ബിജെപി- കോൺഗ്രസ് ഡീൽ വ്യക്തമാണ്.
ബിജെപിയും കോൺഗ്രസും വൻതോതിൽ പണമൊഴുക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാരും എംപി - എംഎല്‍എമാരും പണവുമായി കേരളത്തിലെത്തുകയും ക്ഷേത്ര ഭാരവാഹികള്‍ക്കും വോട്ടര്‍മാര്‍ക്കും നേരിട്ട് പണം വിതരണം ചെയ്‌തിട്ടുണ്ട്. വോട്ടര്‍മാരുടെ പേരിലുള്ള ബാങ്ക് ലോണുകള്‍ പോലും ബിജെപിക്കാര്‍ അടച്ചു നല്‍കിയിട്ടുണ്ട്. യുഡിഎഫും പല മണ്ഡലങ്ങളിലും പണമൊഴുക്കിയിട്ടുണ്ട്.
മതത്തെ ഉപയോഗിച്ച് വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിച്ചുവരുന്നത്. ഇത് മതനിരപേക്ഷ കേരളത്തില്‍ വളരെ അപകടകരമാണ്. എസ്‌ഐആര്‍ ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ ആശങ്കയെ ലീഗ് - ജമാ അത്തെ ഇസ്ലാമി - കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉപയോഗപ്പെടുത്തി. എസ്‌ഐആര്‍ കൊണ്ടുവന്നത് പിണറായി വിജയന്‍ സര്‍ക്കാരാണെന്നുള്ള കള്ളപ്രചരണം നടത്തുകയും ചെയ്‌തു. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ വിരുദ്ധ ചേരിയില്‍ എത്തിക്കാനിടയാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments