വന്ദേഭാരതിൽ ഗണഗീതം പാടിച്ചത് മതേതര ഇന്ത്യക്ക് വെല്ലുവിളിയെന്ന് എം എ ബേബി

കണ്ണൂർ: ആർഎസ്‌എസ് ഗണഗീതം പൊതുപരിപാടിയിലടക്കം ഉപയോഗിക്കുന്നതിലേക്ക് ബിജെപി സർക്കാർ രാജ്യത്തെ അധഃപതിപ്പിച്ചുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ട്രെയിൻ സർവീസ് തുടങ്ങുന്ന ചടങ്ങിലാണ് ഗണഗീതം പാടിച്ചത്. ഇത് മതേതര ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. പുരോഗമന സമൂഹത്തിന് ചേരുന്ന നടപടിയായി ഇതിനെ കാണാൻ കഴിയില്ല. കേന്ദ്രസർക്കാർ ഇത്രയും അധഃപതിക്കരുതെന്നും എം എ ബേബി പറഞ്ഞു. കണ്ണൂരിൽ എം വി ആർ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിനു ഭാവിയുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ ഇടതുപക്ഷമില്ലാതെ ലോകത്തിന് ഭാവിയില്ലെന്നതാണ് വസ്‌തുത. ഇന്ത്യയിൽതന്നെ കൊളോണിയൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി നടന്ന സമരങ്ങളുടെയടക്കം ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാണ്. ഇടതുപക്ഷത്തിന്റേതായിരുന്നു വിപ്ലവകരമായ എല്ലാ മുന്നേറ്റങ്ങളും. സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷവും സാമ്പത്തിക, സാമൂഹിക ചൂഷണങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിലപാടുകളും പ്രക്ഷോഭങ്ങളും ഇടതുപക്ഷമാണ് നയിച്ചത്. കേരളത്തിൽ ഇടതുപക്ഷ സർക്കാരുകൾ ഇൗ നിലപാടുകളിലൂന്നിയുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കിയത്. ലോകത്താകെ ഇടതുപക്ഷത്തിന്റെ പ്രധാന്യം വർധിക്കുന്നുവെന്ന കാഴ്‌ചയാണ് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ മംദാനിയുടെ വിജയമെന്നും എം എ ബേബി പറഞ്ഞു.
എം വി ആർ ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ എം വി ആർ പുരസ്‌കാരം ചടങ്ങിൽ മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ളയ്‌ക്ക് എം എ ബേബി സമ്മാനിച്ചു. പാട്യം രാജൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എം കെ കണ്ണൻ, കെ പി സഹദേവൻ, എം വി നികേഷ് കുമാർ, പ്രൊഫ. ഇ കുഞ്ഞിരാമൻ, പി വി വൽസൻ, കൂടത്താങ്കണ്ടി സുരേഷ്, ഐ വി ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു. സി വി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.









0 comments