Deshabhimani

ജനവാസ മേഖലയിൽ ഭീതി പരത്തിയ കരടി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി

dear
വെബ് ഡെസ്ക്

Published on Feb 12, 2025, 01:07 PM | 1 min read

പൂക്കോട്ടുംപാടം (മലപ്പുറം): തേൽപാറ ജനവാസ മേഖലയിൽ ഭീതി പരത്തിയ കരടി കൂട്ടിലായി. കൊമ്പൻക്കല്ല് ചിറമ്മൽ കുടുംക്ഷേത്രാങ്കണത്തിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കരടി അകപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് കരടി കൂട്ടിലായത്.


കവളമുകട്ട, ഒളർവട്ടം, കൊമ്പൻക്കല്ല്, ടി കെ കോളനി ഭാഗങ്ങളിൽ ഒന്നര വർഷമായി കരടി ഭീതി പരത്താൻ തുടങ്ങിയിട്ട്. റബ്ബർതോട്ടത്തിൽ സ്ഥാപിച്ച വിവിധ കർഷകരുടെ നിരവധി തേൻപ്പെട്ടികളാണ് കരടി തകർക്കുകയും തേൻ ഭക്ഷിക്കുകയും ചെയ്തത്. കൂടാതെ നിരവധി വഴിയാത്രക്കാരുടെ മുന്നിൽ അകപെടുകയും ചെയ്തിരുന്നു.


ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ മേഖലയിൽ ഭീതിപരത്തുന്ന കരടിയെ കെണിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് നിലമ്പൂർ സൗത്ത് ഡി എഫ് ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കരടിയെ കെണിവെച്ച് പിടികൂടാൻ അനുമതി നൽകിയിരുന്നു. എന്നാൽ കൂട് സ്ഥാപിച്ചെങ്കിലും പിന്നീട് കരടിയുടെ സാന്നിധ്യം മേഖലയിൽ ഉണ്ടായിരുന്നില്ല.


കരടി ആഴ്ചകൾക്ക് മുൻപാണ് വീണ്ടുമെത്തിത്തുടങ്ങിയത്. പ്രദേശത്തെ ക്ഷേത്രങ്ങളിലെത്തി നെയ്യും, എണ്ണയും ഭക്ഷിച്ച് മടങ്ങുകയായിരുന്നു പതിവ്. ഇതോടെ കരടിക്കായി അമ്പലമുറ്റത്ത് കെണി ഒരുക്കുകയായിരുന്നു.


ബുധനാഴ്ച പുലർച്ചെ 12.45ഓടെ കെണിയുടെ വാതിൽ അടയുന്ന ശബ്ദം കേട്ട് അയൽവാസികൾ നോക്കിയപ്പോഴാണ് കരടി കൂട്ടിലകപ്പെട്ടത് കണ്ടത്. ഉടനെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി ധാനിക് ലാൽ, കാളികാവ് റേഞ്ച് ഓഫീസർ പി. രാജീവ്, വനം വേറ്റിനറി സർജൻ ഡോക്ടർ എസ്. ശ്യാം, ചക്കിക്കുഴി ഡെപ്യുട്ടി റേഞ്ച് ഓഫീസർ അഭിലാഷ്, പൂക്കോട്ടുമ്പാടം എസ്.ഐ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്ദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി കരടിയെ പരിശോധിച്ചു.


പൂർണ ആരോഗ്യവനായ കരടിയെ പുലർച്ചെ നാലുമണിയോടെ കൊമ്പൻക്കല്ലിൽ നിന്നും നെടുങ്കയം വനം സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. കരടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച ശേഷം ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി ധനിക് ലാൽ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home