Deshabhimani

മെസിയും ടീമും എത്തുമെന്നാണ്‌ പ്രതീക്ഷ, വരില്ല എന്ന് അറിയിച്ചിട്ടില്ല: മന്ത്രി വി അബ്‌ദുറഹിമാൻ

v abdurahiman
വെബ് ഡെസ്ക്

Published on May 17, 2025, 01:22 PM | 1 min read

ആലപ്പുഴ : മെസിയും ടീമും കേരളത്തിലെത്തുമെന്നാണ്‌ പ്രതീക്ഷയെന്നും അർജന്റീന ടീമിന്റെ ഭാഗത്തുനിന്നും വരില്ലെന്ന അറിയിപ്പുണ്ടായിട്ടില്ലെന്നും മന്ത്രി വി അബ്‌ദുറഹിമാൻ. മെസിയടക്കമുള്ള ലോക ചാമ്പ്യൻമാർ കേരളത്തിലെത്താനും ഫുട്‌ബോളിന്‌ കൂടുതൽ പ്രചാരം ലഭിക്കുന്ന രീതിയിൽ പ്രവർത്തിക്കാനുമാണ്‌ കായിക വകുപ്പ്‌ ആഗ്രഹിക്കുന്നത്‌.


ആദ്യം സ്‌പോൺസർ ചെയ്യാൻ തയ്യാറായ ഗോൾഡ്‌ ആൻഡ്‌ മെർച്ചന്റ്സ്‌ അസോസിയേഷന്‌ റിസർവ്‌ ബാങ്കിന്റെ എലിജിബിലിറ്റി ഇല്ലാതിരുന്നതിനാൽ സ്‌പോൺസർ ചെയ്യാൻ പറ്റാതായി. രണ്ടാമതായി, റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കോർപറേഷൻ സ്‌പോൺസർഷിപ്പ്‌ ഏറ്റെടുക്കാൻ തയ്യാറായി കത്തു നൽകി. കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസർവ്‌ ബാങ്കിന്റെയും അനുമതി ലഭ്യമായി. ഇപ്പോൾ വരുന്ന വാർത്തകൾ വച്ച്‌ മെസ്സി വരില്ലെന്ന്‌ പറയാൻ പറ്റില്ല. ടീമിനെ കൊണ്ടുവരുന്നതിന്‌ വലിയ സാമ്പത്തികച്ചെലവുണ്ട്‌. 175 കോടി രൂപയോളം ചെലവ് വരും. കായിക വകുപ്പിന്റെ ബജറ്റിനുമപ്പുറമാണത്‌. അതുകൊണ്ടാണ് സ്പോൺസർമാരെ തേടിയത്‌.

messikka

സർക്കാരിന്റെ പൂർണ പിന്തുണ


ഫുട്‌ബോൾ പ്രേമികളുടെ ആഗ്രഹം കണക്കിലെടുത്ത്‌ സ്‌പോൺസർമാർ സഹായിക്കുമെന്നു തന്നെയാണ്‌ പ്രതീക്ഷ. വളരെ പെട്ടെന്ന്‌ നടപടികളിലേക്ക്‌ കടക്കാൻ സ്‌പോൺസർമാരെ അറിയിച്ചിട്ടുണ്ട്‌. മറ്റൊരു ആശങ്കയും സ്‌പോൺസർമാരും അറിയിച്ചിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്‌. ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. മെസിയെപ്പോലുള്ള ലോകോത്തര താരം വരുമ്പോൾ അതിനാവശ്യമായ സുരക്ഷ ഒരുക്കണം. കായികതാരങ്ങൾക്കാവശ്യമായ സുരക്ഷയും കളിക്കാനുള്ള സൗകര്യവും സർക്കാർ ഒരുക്കുമെന്നും നടപടികൾക്കായി അടുത്ത ആഴ്‌ച വരെ കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Home