print edition 5 പൊലീസുകാർക്കും മുൻകൂർ ജാമ്യം; സർക്കാരിന് തിരിച്ചടി

വി ഡി സതീശൻ
ആലപ്പുഴ: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് മുന്നിലേക്ക് അതിക്രമിച്ച് കയറിയ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചെന്ന കേസിൽ അംഗരക്ഷകർക്ക് മേൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വധശ്രമകേസിൽ പ്രതിചേർത്ത മുഴുവൻ അംഗരക്ഷകർക്കും മുൻകൂർജാമ്യം. പ്രത്യേക അന്വേഷകസംഘം ചുമത്തിയ വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നും സംഭവസമയത്ത് പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് പ്രവർത്തിച്ചതെന്നും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിധിയിൽ പറഞ്ഞു.
എസ് അനിൽകുമാർ, എസ് സന്ദീപ്, ആർ അരുൺ, വി വി വിപിൻ, വി കെ ഷൈജു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇത് യുഡിഎഫ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷകസംഘത്തിന് (എസ്‌ഐടി) വൻതിരിച്ചടിയായി. കേസ് അന്വേഷണത്തിൽ പൂർണമായി സഹകരിക്കണം, ആവശ്യമായ സന്ദർഭങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജഡ്‌ജി ഹണി എം വർഗീസ് ജാമ്യം അനുവദിച്ചത്.
തെളിവ് കണ്ടെത്താൻ പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ വാദമടക്കം കോടതി തള്ളി. പൊലീസുകാർ ഉപയോഗിച്ച ലാത്തി സറണ്ടർ ചെയ്‌തിട്ടുണ്ടെന്നും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ സ്വാധീനത്തോടെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും തള്ളി. മുൻ സർക്കാരിന്റെ കാലത്തായിരുന്നു അതിന്റെ സാധ്യതയെന്നും ഇപ്പോൾ സർക്കാർ മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാർ സാധാരണക്കാരല്ല. ഒരാൾ എംഎൽഎയും മറ്റൊരാൾ പ്രധാന സംഘടനയുടെ ഭാരവാഹിയും ആണ്. ഉന്നത ഉദ്യോഗസ്ഥർ പ്രതികൾക്കുവേണ്ടി ഇടപെട്ടുവെന്നത് വിശ്വസിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കേസ് എടുത്തദിവസം രാവിലെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നതെന്നും ചുരുങ്ങിയ സമയത്തിൽ നരഹത്യാശ്രമത്തിനുള്ള 308–ാം വകുപ്പ് അന്വേഷകസംഘം ചുമത്തിയെന്നും പ്രതിഭാഗം അഭിഭാഷകൻ ബി ശിവദാസ് വിശദീകരിച്ചി രുന്നു. നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് ഇടുന്നതിൽ ഹൈക്കോടതി വിധിന്യായവും മുഖ്യമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യം.








0 comments