Deshabhimani

വികസന വിരുദ്ധത തുടർക്കഥ; യുഡിഎഫ് എംപിമാർക്ക് യാത്രാദുരിതം പ്രശ്‌നമല്ല

congress
വെബ് ഡെസ്ക്

Published on May 18, 2025, 02:50 AM | 1 min read

തിരുവനന്തപുരം : കേരളത്തിൽ റെയിൽ യാത്രാദുരിതം ഏറുമ്പോഴും വികസന വിരുദ്ധതയുമായി യുഡിഎഫ്‌ എംപിമാർ. ദക്ഷിണറെയിൽവേ ജനറൽ മാനേജർ മൂന്നാംപാത ലാഭകരമല്ലെന്നും നിർമിക്കാൻ താൽപ്പര്യമില്ലെന്നും പറഞ്ഞപ്പോൾ അതിനെതിരെ ശബ്‌ദമുയർത്താൻ യുഡിഎഫ്‌ എംപിമാർ തയ്യാറായില്ല. തിരുവനന്തപുരം ഡിവിഷന്‌ കീഴിലെ എംപിമാരുടെ യോഗത്തിലാണ്‌ ദക്ഷിണറെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്‌ മൂന്നാം പാത നടപ്പാകില്ലെന്ന്‌ പറഞ്ഞത്‌.


കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപിയും യോഗത്തിൽ പങ്കെടുത്തിരുന്നു. സിൽവർലൈൻ പദ്ധതി വേണ്ടെന്ന നിലപാടും യുഡിഎഫ്‌ എംപിമാർ സ്വീകരിച്ചു. ഫലത്തിൽ യാത്രാദുരിതം പരിഹരിക്കപ്പെടണമെന്ന്‌ തങ്ങൾക്കില്ലെന്ന് ഇവർ തെളിയിച്ചു. ആറുവർഷംമുമ്പ്‌ പ്രഖ്യാപിച്ചതാണ്‌ ഷൊർണൂർ–-എറണാകുളം മൂന്നാംപാത. ഇതുവരെയും പദ്ധതിയുടെ ഡിപിആറും അന്തിമ സർവേയും പൂർത്തിയാക്കിയിട്ടില്ല. കാസർകോട്‌ മുതൽ തിരുവനന്തപുരംവരെ വൈകിട്ട്‌ മൂന്ന്‌ പ്രതിദിന ട്രെയിനുകൾ മാത്രമാണുള്ളത്‌. ഇവയുടെ ശരാശരി യാത്രാസമയം 11 മുതൽ 13 മണിക്കൂറാണ്‌. ജനറൽ കമ്പാർട്ട്‌മെന്റിൽ സീറ്റിങ്‌ കപ്പാസിറ്റിയുടെ മൂന്നിരട്ടിയാണ്‌ യാത്രക്കാർ.


റിസർവേഷൻ ടിക്കറ്റുകൾ കിട്ടാനുമില്ല. മറ്റ്‌ സംസ്ഥാനങ്ങളിൽ യാത്രാദുരിതം കുറയ്‌ക്കാൻ ഭരണ–-പ്രതിപക്ഷപാർടികൾ ഒന്നിച്ചുനിൽക്കുമ്പോഴാണ്‌ കേരളത്തിൽ തലതിരിഞ്ഞ സമീപനം യുഡിഎഫ്‌ സ്വീകരിക്കുന്നത്‌. നാലുമണിക്കൂർ കൊണ്ട്‌ കാസർകോടുനിന്ന്‌ തിരുവനന്തപുരത്ത്‌ എത്താനാണ്‌ സംസ്ഥാന സർക്കാർ അർധഅതിവേഗ പാതയായ സിൽവർലൈൻ വിഭാവനം ചെയ്‌തത്‌. 11 സ്‌റ്റോപ്പുകളും അതിനുണ്ടായിരുന്നു. അർധ അതിവേഗ പാതയ്‌ക്കും അതിവേഗ പാതയ്‌ക്കും സ്‌റ്റാൻഡേർഡ്‌ ഗേജാണ്‌ ലോകത്ത്‌ എല്ലായിടത്തും ഉപയോഗിക്കുന്നത്‌.


എന്നാൽ കേരളത്തിൽ ബ്രോഡ്‌ഗേജ്‌ മതിയെന്നാണ്‌ റെയിൽവേയുടെ ശാഠ്യം. സിൽവർലൈൻ വഴിയുള്ള യാത്രയ്‌ക്ക്‌ കിലോമീറ്ററിന്‌ 2.75 രൂപയാണ്‌ ഡിപിആറിൽ പറഞ്ഞത്‌. നിലവിൽ കാസർകോടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വന്ദേ ഭാരത്‌ എക്‌സ്‌പ്രസ്‌ ചെയർകാറിന്‌ 1520 രൂപയും എക്‌സിക്യുട്ടീവ്‌ ചെയർകാറിന്‌ 2815 രൂപയും നൽകണം. യാത്രാസമയം എട്ടുമണിക്കൂറിൽ കൂടുതലാണ്‌. ദിവസം രണ്ടു സർവീസുകൾ മാത്രമാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home