അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം; ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല
കൊച്ചി: സീറോ മലബാർ സഭ എറണാകുളം എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ എന്ന പദവി ഒഴിവാക്കി ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല നൽകി. മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണം കൈകാര്യം ചെയ്യും.
തർക്കം രൂക്ഷമായതിനെത്തുടർന്ന് സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നും മാർ ബോസ്കോ പുത്തൂർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റത്. ഇന്ന് മണിക്കൂറുകൾ നീണ്ട സംഘർഷത്തിനാണ് അതിരൂപതാ ആസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇതിനൊടുവിലായിരുന്നു മാർ ബോസ്കോ പുത്തൂരിന്റെ സ്ഥാനമൊഴിയൽ.
കഴിഞ്ഞ മൂന്ന് ദിവസമായി അതിരൂപതയിൽ വിമത വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികൾ തമ്മിലും ഏറ്റുമുട്ടൽ ഉണ്ടായി. വൈദികർ അരമനയിൽ പ്രവേശിച്ച ഉടൻ ഒരുകൂട്ടം വിശ്വാസികൾ ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു. അതിനോടൊപ്പം തന്നെ ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ സിറോമലബാര്‍ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു.
0 comments