ഭൂപതിവുനിയമത്തിൽ ഭേദഗതിക്ക് നീക്കം; കൈയേറ്റക്കാർക്ക് തുണയാകും

തിരുവനന്തപുരം : മലയോരമേഖലകളിലെ ഭൂമി തർക്കങ്ങൾ പരിഹരിക്കാനെന്നപേരിൽ കൈയേറ്റക്കാരെ സഹായിക്കാൻ നിയമഭേദതിക്ക് സർക്കാർ നീക്കം. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന 2023ലെ ഭൂപതിവു ഭേദഗതിയും 2025ലെ ബന്ധപ്പെട്ട ചട്ടങ്ങളിലുമാണ് ഭേദഗതി വരുത്തുക. റിസോർട്ട്, ഹോട്ടൽ, ഹോംസ്റ്റേ, വ്യാപാര വാണിജ്യ സ്ഥാപനം എന്നിവ നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയവർക്കാണ് ഇതിന്റെ നേട്ടം. കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗത്തിലെ തീരുമാനമാണെങ്കിലും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞില്ല. ഇക്കാര്യം പഠിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ഇടുക്കിയിലെ ജനങ്ങൾക്ക് സുഗമമായി ജീവിക്കാനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭേദഗതി കൊണ്ടുവന്നത്. കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന നിയമങ്ങളെയും കോടതിവിധികളെയും മറികടക്കുകയെന്ന ചരിത്രപരമായ ഉത്തരവാദിത്വവുമുണ്ടായിരുന്നു. ആറര പതിറ്റാണ്ടായുള്ള മലയോര ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ട് 2023 സെപ്‌തംബർ 14ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കി. 2024 ഏപ്രിൽ 27ന് ഇത് ഗവർണർ അംഗീകരിച്ചു. ജൂൺ ഒമ്പതിന് ഭൂപതിവ് നിയമം- 2023 വിജ്ഞാപനംചെയ്തു.
യുഡിഎഫ് സർക്കാർ ഭേദഗതിവരുത്തുന്നതോടെ മാഫിയകൾ കൈയടക്കിവച്ചിരിക്കുന്ന ആയിരക്കണക്കിനേക്കറും സ്ഥാപനങ്ങളും അവർക്കുതന്നെ പതിച്ച് പട്ടയം നൽകും. ഭാവിയിലെ ഇത്തരം കൈയേറ്റങ്ങൾക്ക് പ്രോത്സാഹനവുമാകും. പരിസ്ഥിതി ദുർബല മേഖലകളിൽ പട്ടയം നൽകുമ്പോൾ ഭൂപതിവിലും ഭൂവിനിയോഗത്തിലും കർശനവ്യവസ്ഥ ഏർപ്പെടുത്തണമെന്നാണ് എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ചട്ടം ഭേദഗതിയിലെ നാലാമത്തെ വ്യവസ്ഥ. ഇത് റദ്ദാക്കുന്നതോടെ ഭൂമാഫിയകൾക്ക് മലയോര മേഖല ശെകപ്പിടിയിലാകും. നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ നൂറുകണക്കിന് സ്ഥാപനങ്ങൾ കോടതിക്ക് മുമ്പാകെയുണ്ട്. പുതിയ നിയമഭേദഗതിയോടെ നിയമവിരുദ്ധ കൈയേറ്റങ്ങളെല്ലാം ക്രമീകരിക്കപ്പെടും.










0 comments