Deshabhimani

വന്യമൃഗങ്ങള്‍ 
എഐ നിരീക്ഷണത്തില്‍: ജനവാസ മേഖലയിൽ എത്തിയാൽ മുന്നറിയിപ്പ്

AI camera
വെബ് ഡെസ്ക്

Published on Mar 29, 2025, 02:05 AM | 1 min read


പാലക്കാട്‌ : പാലക്കാട് ജില്ലയിലെ കല്ലടിക്കോടൻ മലനിരകളിലോ പൊരിയാനിയിലോ വയനാടോ വനപരിധി വിട്ട് വന്യജീവികളിറങ്ങിയാൽ പരുത്തിപ്പാറ മലയിലെ കാമറയിൽ പതിയും. ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക്‌ നീങ്ങുകയാണെങ്കിൽ സൈറൺ മുഴങ്ങും. ഒപ്പം ദ്രുത പ്രതികരണ സേനയ്‌ക്കും കൺട്രോൾ റൂമിലും അലാറം ശബ്ദിക്കും. മനുഷ്യ–-വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ ചുവടുവയ്‌പ്പാണ്‌.

നിർമിതബുദ്ധി ഉപയോഗിച്ച് വന്യമൃഗങ്ങളുടെ നീക്കം അറിയുന്ന ആധുനിക സംവിധാനം പാലക്കാട്, വയനാട് ജില്ലകളിലാണ്‌ ആദ്യഘട്ടം നിലവിൽ വരുന്നത്. സർക്കാർ അംഗീകൃത സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) മുഖേന ദിനേശ് ഐടി സിസ്റ്റംസ് ആണ് പദ്ധതി നിർവഹണം. ഡിസ്‌ട്രിബ്യൂട്ടഡ്‌ അക്കൗസ്റ്റിക്‌ സെൻസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ പ്രവർത്തനം.


വന്യമൃഗങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം വിശകലനം ചെയ്ത് സഞ്ചാരപഥം മനസ്സിലാക്കി കൺട്രോൾ റൂമിലേക്ക് വിവരംനൽകും. അവയെ പ്രതിരോധിച്ച്‌ തിരികെ കാട്ടിലേക്ക് കയറ്റാനുള്ള സൈറൺ സ്ട്രോബലയ്റ്റ് സംവിധാനവും ഉണ്ട്. വയനാട് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനുകീഴിലെ ചെതലയം റേഞ്ചിനുകീഴിൽ 10 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ വിന്യസിച്ചാണ്‌ ഡിസ്‌ട്രിബ്യൂട്ടഡ്‌ അക്കൗസ്റ്റിക്‌ സെൻസിങ് സാധ്യമാക്കിയത്‌.

ഇതിനായി നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന തെർമൽ കാമറകളും ദീർഘദൂര ലേസർ ഇൻഫ്രാറെഡ് കാമറകളും വിന്യസിച്ചിട്ടുണ്ട്. 50 മീറ്ററാണ്‌ കാമറയുടെ ദൃശ്യപരിധി.

പാലക്കാട്‌ ജില്ലയിൽ വാളയാർ റേഞ്ചിനുകീഴിലെ മായാപുരം ക്വാറിയിലും ഒലവക്കോട്‌ റേഞ്ചിനുകീഴിലെ പരുത്തിപ്പാറയിലുമാണ്‌ കാമറയും സൈറൺ സംവിധാനവും ഒരുക്കിയത്‌.


ആർആർടി വാർ റൂം

കാമറകളുടെയും സൈറൺ സംവിധാനത്തിന്റെയും തത്സമയ നിരീക്ഷണത്തിനും ഇതിന്റെ ഭാഗമായി വന്യജീവി സംഘർഷ ലഘൂകരണത്തിനും ആർആർടി വാർ റൂം ഒരുക്കി. പ്രതിരോധ പദ്ധതികൾ ക്രോഡീകരിക്കുക, ഏകോപിപ്പിക്കുക എന്നിവയാണ്‌ ചുമതല. വനംവകുപ്പിന്റെ പാലക്കാട് ഡിവിഷൻ ഓഫീസിലാണ്‌ വാർ റൂം.



deshabhimani section

Related News

View More
0 comments
Sort by

Home