അഹമ്മദാബാദ് വിമാനാപകടം ; രഞ്‌ജിതയുടെ മൃതദേഹം തിരിച്ചറിയാനായില്ല , അമ്മയുടെ സാമ്പിൾ ശേഖരിച്ചു

പുല്ലാട് (പത്തനംതിട്ട)
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ജി നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള പരിശോധന നീളുന്നു. ശനിയാഴ്‌ച അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്‌ക്ക് കൊണ്ടുപോയി. നേരത്തെ രഞ്‌ജിതയുടെ ഇളയ സഹോദരൻ രതീഷിനെ അഹമ്മദാബാദിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാൻ ആയില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹമ്മദാബാദിൽ തുടരുകയാണ്.
ഇതുവരെ ദുരന്തത്തിൽ മരിച്ച 247 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞവരിൽ 175 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും 12 പേർ പ്രദേശവാസികളുമാണ്. ശേഷിക്കുന്ന ഡിഎൻഎ പരിശോധനകൾ കൂടുതൽ സങ്കീർണത നിറഞ്ഞതാണെന്ന് അധികൃതർ പറഞ്ഞു. ഓരോ സാമ്പിളും പരിശോധിക്കാൻ നിലവിൽ ഒന്നിലേറെ ദിവസങ്ങളെടുക്കുന്നുണ്ട്. വിദേശ പൗരൻമാർ ഉൾപ്പെടുന്നത് കൊണ്ടുതന്നെ ഇന്റർപോൾ മാർഗനിർദേശങ്ങൾ പാലിച്ചാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.
0 comments