കരുവന്നൂരിലേത് ഇ ഡിയുടെ രാഷ്ട്രീയ നാടകം: എ വിജയരാഘവൻ

തൃശൂർ: ഇ ഡിയുടെ രാഷ്ട്രീയ നാടകത്തിന്റെ തിരക്കഥയാണ് കരുവന്നൂർ കേസിലെ കുറ്റപ്പത്രമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. രാഷ്ട്രീയ യജമാനൻമാരോടുള്ള ഭക്തിപ്രകടിപ്പിക്കലാണ് ഇ ഡി ചെയ്യുന്നത്. ഭരണാധികാരികൾ അമിതാധികാര പ്രവണത കാണിക്കുമ്പോൾ കമ്യൂണിസ്റ്റുക്കാർക്കെതിരെ കള്ളക്കേസ് എടുക്കാറുണ്ട്. എന്നാൽ ജയിലിനെ പേടിച്ച് കൊടി താഴെ വച്ചവരുടെ പാർടിയല്ല സിപിഐ എം. കരുവന്നൂർ കേസിന്റെ മറവിൽ പാർടിക്കും നേതാക്കൾക്കുമെതിരെ കള്ളകേസുകൾ ചമച്ച ഇ ഡിയുടെ നടപടിക്കെതിരെ സിപിഐ എം തൃശൂരിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ ഡിക്കെതിരെ സുപ്രീം കോടതി ചോദ്യങ്ങൾ ചോദിക്കുന്ന സാഹചര്യമാണ്. 1000 കേസ് ചാർജ് ചെയ്താൽ എഴ് കേസാണ് ശിക്ഷിക്കപ്പെടുന്നത്. എന്നാൽ അറസ്‌റ്റ് ചെയ്‌ത് വർഷങ്ങളോളം ജയിലിലിട്ട് പീഡിപ്പിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇ ഡിയുടെ ഇടപെടൽ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറ്റക്കാരെ സംരക്ഷിക്കുന്നു. ഇരട്ട നീതിയാണിത്. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും ഫെഡറലിസവും അട്ടിമറിക്കപ്പെടുന്നു.
കൊടകര കുഴൽപ്പണക്കേസിൽ യഥാർഥ കുറ്റക്കാർ പ്രതികളായില്ല. ബിജെപി ഓഫീസ് സെക്രട്ടറി പണം കടത്തിയ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടും മൊഴിയെടുത്തില്ല. അന്വേഷണവുമില്ല. പണം ബിഗ് ഷോപ്പറിലിട്ട് പോയ ബിജെപി നേതാക്കൾ പ്രതികളല്ല. ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന വിവരവും ഇപ്പോൾ പുറത്തുവന്നു. അഴിമതി നടത്തുന്ന സ്ഥാപനമായി. സത്യസന്ധത നഷ്ടപ്പെട്ട അന്വേഷണസംവിധാനമാണെന്ന് സമൂഹത്തിന് ബോധ്യമായി കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിക്കെതിരെ ഇഡി നീങ്ങിയാൽ കോൺഗ്രസിന് മാന്യമായ ഇ ഡി. സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് പോയാൽ മോശം ഇഡി. ഇതെല്ലാം നാട്ടുകാർ കാണുന്നുണ്ടെന്ന് സതീശനും കൂട്ടരും ഓർക്കണം.
കരുവന്നൂർ ക്രമക്കേടിന് പാർടി കൂട്ട് നിന്നിട്ടില്ല. കൃത്യമായ നടപടി സ്വീകരിച്ചു. ബാങ്കിനെയും നിക്ഷേപകരെയും സംരക്ഷിക്കാൻ നടപടിയെടുത്തു. പാർടി സ്ഥാപനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കാൻ പാർടിക്ക് സംവിധാനങ്ങളുണ്ട്. അതിനാണോ കേസിൽ കുടുക്കുന്നത്. ബാങ്കിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. എന്നാൽ കരുവന്നൂർ ബാങ്ക് പുനരുജീവിപ്പിക്കാതിരിക്കാനാണ് ഇ ഡിയും കമ്യൂണിസ്റ്റ് വിരുദ്ധരും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ് അധ്യക്ഷനായി.









0 comments