മയക്കുമരുന്ന്: സർക്കാർ 87,702 കേസെടുത്തു; 93,599 പേർ അറസ്റ്റിലായി- മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിവ്യാപനം തടയാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാരിൻറെ കാലത്ത് 2024 ഡിസംബർ 31 വരെ 87702 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 87389 കേസുകളിലായി 94886 പേരെ പ്രതി ചേർക്കുകയും 93599 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 2016- 2021 വരെ 37340 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 37228 കേസുകളിലായി 41567 പേരെ പ്രതി ചേർക്കുകയും 41378 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊലീസ് മയക്കുമരുന്ന് സംഭരണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്നവർക്കെതിരെ ഡി ഹണ്ട് പ്രത്യേക ഡ്രൈവിൽ ഫെബ്രുവരി 22 മതുൽ മാർച്ച് ഒന്നുവരെ 17246 പേരെ പരിശോധിച്ചു. അതിൽ വിവിധ തരത്തിലുള്ള മയക്കുമരുന്ന് കൈവശം വെച്ചതിന് 2762 കേസുകളിലായി 2854 പേരെ അറസ്റ്റ് ചെയ്തു. എംഡിഎംഎ 1.312 കിലോഗ്രാം, കഞ്ചാവ് 153.56 കിലോഗ്രാം, ഹാഷിഷ് ഓയിർ 18.15 ഗ്രാം, ബ്രൗൺഷുഗർ 1.855 ഗ്രാം, ഹെറോയിൻ 13.06 ഗ്രാം വിവിധയിനം മയക്കുമരുന്ന് ഗുളികകൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുക്കുകയുണ്ടായി.
ക്രമസമാധാന ചുമതലയുള്ള പൊലീസ് അഡീഷണൽ ഡയറക്ടർ ജനറലിൻറെ നേതൃത്വത്തിൽ 24 മണിക്കൂർ നേരവും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക് കൺട്രോൾ റൂം പ്രവർത്തിക്കുന്നു. 9497927797 എന്ന നമ്പറിലേക്ക് നൽകുന്ന എല്ലാ സന്ദേശങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. പൊതുജനങ്ങൾക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ ഈ സംവിധാനം വഴി അറിയിക്കാൻ കഴിയും.
ഹൈദരാബാദിലെ വൻകിട മയക്കുമരുന്ന് നിർമ്മാണ ശാല നടത്തുന്ന വ്യക്തിയെ ഹൈദരാബാദിൽ പോയി അറസ്റ്റ് ചെയ്തത് തൃശ്ശൂർ സിറ്റി പോലീസാണ്. മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ കേരളത്തിലെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ നടത്തുന്ന പ്രവർത്തനം മോശമാണെന്ന് പറയുന്നവർ ഇതുകൂടി കാണണം.
സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് (കൺവിക്ഷൻ റേറ്റ്) 98.19 ശതമാനമാണ്. ഇതിലെ ദേശീയ ശരാശരി 78.1 ശതമാനമാണ്. തെലങ്കാനയിൽ 25.6 ശതമാനവും ആന്ധ്രാപ്രദേശിൽ 25.4 ശതമാനവുമാണ്. ഈ വിവരങ്ങൾ രാജ്യസഭയിൽ 2022 ഡിസംബർ 22ന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ ഉള്ളതാണ്.
മയക്കുമരുന്ന് കേസുകളിൽ രാജ്യത്ത് ഏറ്റവും ഉയർന്ന് ശിക്ഷാ നിരക്ക് കേരളത്തിലാണെന്ന് ഇതിൽനിന്നും കാണാൻ കഴിയും. സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും കാര്യക്ഷമമല്ലായെന്നാണോ ഇത് തെളിയിക്കുന്നത്? കേരളത്തിൽ 2024 ൽ എൻഡിപിഎസ് കേസുകളിൽ 4,474 പേരെ ശിക്ഷിച്ചപ്പോൾ 161 പേരെ മാത്രമാണ് വെറുതെ വിട്ടത്. 2023 ൽ 4,998 പേരെ ശിക്ഷിച്ചപ്പോൾ 100 പേരെ മാത്രമാണ് വെറുതെ വിട്ടത്.
മയക്കുമരുന്ന് കേസുകളിൽ (എൻഡിപിഎസ്) സംസ്ഥാനത്തെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ 2024 ൽ അറസ്റ്റു ചെയ്തത് 24,517 പേരെയാണ്. പഞ്ചാബിൽ ഇതേ കാലയളവിൽ 9,734 പേരെയാണ് അറസ്റ്റ് ചെയ്തത്. വിമുക്തി ഡി അഡിക്ഷൻ പരിപാടി വഴി 1,36,500 പേരെ ഔട്ട് പേഷ്യന്റായും 11,078 പേരെ ഇൻ പേഷ്യന്റായും ചികിത്സിച്ചിട്ടുണ്ട്. വളരെ കാര്യക്ഷമമായാണ് ഈ പരിപാടി നടന്നുവരുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 10.02.2025 ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ൽ 25,000 കോടി വിലമതിപ്പുള്ള മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023 ൽ 16,100 കോടിയായിരുന്നു. ദേശീയ തലത്തിൽ ഒരു വർഷക്കാലയളവിൽ 55 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. താരതമ്യേന ഇത് കുറവാണ്. എന്നാൽ ശിക്ഷാ നിരക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്നതാണ്. സംസാരിക്കുന്ന ഈ കണക്കുകൾ നമ്മുടെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ കാര്യക്ഷമതയാണിത് കാണിക്കുന്നത്. ഐക്യ രാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടും 2011 ൽ 24 കോടി ആളുകൾ ലഹരി ഉപയോഗിച്ചിരുന്നപ്പോൾ 2021 ൽഅത് 296 കോടിയായി വർദ്ധിച്ചു. ആഗോളതലത്തിലെ വൻവർദ്ധനവ്. 1,173 ശതമാനത്തിന്റെ വർദ്ധന.
0 comments