ad
Deshabhimani

ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതി സെൻസിറ്റീവ് മേഖലയായി പ്രഖ്യാപിച്ചു

chimmini wildlife sanctuary
വെബ് ഡെസ്ക്

Published on Jun 09, 2026, 05:55 PM | 2 min read

തൃശൂർ : തൃശൂർ പുതുക്കാട് സ്ഥിതി ചെയ്യുന്ന ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതി സെൻസിറ്റീവ് മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സങ്കേതത്തിന്റെ അതിർത്തിക്ക് ചുറ്റുമുള്ള 7.5 കിലോമീറ്റർ പ്രദേശത്തെയാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിസ്ഥിതി സെൻസിറ്റീവ് മേഖലയായി പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഈ പ്രദേശങ്ങളിൽ ഇനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986-ലെ 29-ാം ആക്ട്) ഉപവകുപ്പ് (2)-ലെ ഉപവകുപ്പ് (1)-ഉം ഉപവകുപ്പ് (v), (xiv)-ഉം വകുപ്പ് 3-ലെ ഉപവകുപ്പ് (3)-ഉം (1986-ലെ 29-ാം ആക്ട്) (ഇനി മുതൽ പരിസ്ഥിതി നിയമം എന്ന് പരാമർശിക്കപ്പെടുന്ന ഈ വിജ്ഞാപനത്തിൽ) 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമങ്ങളിലെ ചട്ടം 5-ന്റെ ഉപവകുപ്പ് (3) എന്നിവ പ്രകാരമാണ് വിജ്ഞാപനം.


തൃശൂർ ജില്ലയിൽ ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന, 114.60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സങ്കേതം 1984ലാണ് പ്രഖ്യാപിതമായത്. ഇവിടെ 53 ഇനം സസ്തനികൾ, 182 ഇനം പക്ഷികൾ, 46 ഇനം ഉരഗങ്ങൾ, 38 ഇനം ഉഭയജീവികൾ, 31 ഇനം മത്സ്യങ്ങൾ, 24 ഇനം ചിത്രശലഭങ്ങൾ എന്നിവ കാണപ്പെടുന്നു. പുലി, കടുവ, കാട്ടുനായ്, ആന, മലയണ്ണാൻ തുടങ്ങിയവയാണ് സങ്കേതത്തിലുള്ള പ്രധാന മൃഗങ്ങളാണ്.


ചിമ്മിനി ജലസംഭരണി (Chimmony Reservoir) ഈ വനമേഖലയിലാണ്. കൂടാതെ ആനമല- ആനമുടി സംരക്ഷണ മേഖലയുടെയും ആനമുടി എലിഫന്റ് റിസർവിന്റെയും ഭാഗമാണ് ചിമ്മിനി. വരന്തരപ്പിള്ളി (തൃശൂർ), കിഴക്കഞ്ചേരി (പാലക്കാട്), മറ്റത്തൂർ (തൃശൂർ), വെള്ളിക്കുളങ്ങര (തൃശൂർ) എന്നി റവന്യൂ വില്ലേജുകളിലാണ് നിലവിൽ പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങൾ ഉൾപ്പെടുന്നത്. നിലവിൽ ഇവ ജനവാസമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളാണ്.


രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ , പ്രദേശത്തെ ജനങ്ങളുമായി ആലോചിച്ച് സോണൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നുെ വിജ്ഞാപനത്തിൽ പറയുന്നു. വിജ്ഞാപന പ്രകാരം മേഖലയിൽ ഖനനം, വ്യവസായങ്ങൾ, ജലവൈദ്യുത പദ്ധതികൾ, മാലിന്യ സംസ്കരണ പ്ലാന്റുകൾ, അറക്കമില്ലുകൾ (Saw Mills), ചുടുകട്ട നിർമ്മാണ കേന്ദ്രങ്ങൾ, വിനോദസഞ്ചാരത്തിന്റെ ഭാ​ഗമായുള്ള വിമാന യാത്ര എന്നിവ പൂർണമായി നിരോധിച്ചിട്ടുണ്ട്.


അതിർത്തിയിൽ നിന്ന് 1 കിലോമീറ്റർ പരിധി വരെ പുതിയ ഹോട്ടലുകളോ റിസോർട്ടുകളോ പാടില്ല. അതിനു പുറത്ത് മാസ്റ്റർ പ്ലാൻ അനുസരിച്ച് മാത്രമേ ഇവയ്ക്ക് അനുമതിയുള്ളൂ. അതിർത്തിയിൽ നിന്നും 1 കിലോമീറ്റർ പരിധിക്കുള്ളിൽ പുതിയ വാണിജ്യ നിർമാണങ്ങൾ പാടില്ല. എന്നാൽ പ്രാദേശിക ജനങ്ങൾക്ക് വീടുകൾ നിർമിക്കാനും നിലവിലുള്ള റോഡുകൾ വീതികൂട്ടാനും ഹോം സ്റ്റേകൾ പോലുള്ള സംവിധാനങ്ങൾക്കും അനുമതിയുണ്ട്. പ്രസ്തുത ഭൂമിയിലെ മരം മുറിക്കുന്നതിന് അധികാരികളുടെ മുൻകൂർ അനുമതി വേണം. വൈദ്യുതി ലൈനുകൾ, ടവറുകൾ, രാത്രികാല വാണിജ്യ വാഹന ഗതാഗതം എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home