കേരളത്തില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴയില്‍ 66 ശതമാനം കുറവ്; വേനല്‍ കടുക്കും

summerrain
വെബ് ഡെസ്ക്

Published on Feb 28, 2025, 06:59 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ പകല്‍ താപനിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നതിനിടെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ച മഴയിലും വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെയുള്ള സീസണില്‍ ലഭിക്കേണ്ട ശൈത്യകാല മഴയില്‍ സംസ്ഥാനത്ത് 66 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21.1 മില്ലീമീറ്റര്‍ മഴയായിരുന്നു സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 7.2 ശതമാനം മഴ മാത്രമാണ് ഇക്കാലയളവില്‍ പെയ്തിറങ്ങിയത് എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.


മുന്‍വര്‍ഷം ഇക്കാലയളവില്‍ 29.7 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. 2023 ല്‍ 37.4 ശതമാനവും, 2022 ല്‍ 57.1 മില്ലീ മീറ്റര്‍ മഴയും ലഭിച്ചിരുന്നു. ഇത്തവണ ജനുവരിയില്‍ ഒമ്പത് ദിവസവും ഫെബ്രുവരിയില്‍ ഏഴ് ദിവസവും മാത്രമാണ് മഴ ലഭിച്ചത്. സംസ്ഥാനത്തു പലയിടങ്ങളിലായി ചെറിയ തോതില്‍ മാത്രമായിരുന്നു മഴ ലഭിച്ചത്. 30 മില്ലീ മീറ്റര്‍ മാത്രമാണ് കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ടയില്‍ പോലും രേഖപ്പെടുത്തിയത്.


അതേസമയം, മാര്‍ച്ചില്‍ സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന സൂചനയും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. മാര്‍ച്ച് മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. മാര്‍ച്ചിലെ ആദ്യ ദിവസങ്ങളില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലായി മഴയക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നു.


എന്നാല്‍, മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് അന്തരീക്ഷ താപനിലയും വര്‍ധിക്കുമെന്ന മുന്നറിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. മധ്യ കേരളത്തില്‍ പകല്‍ താപനില സാധാരണ നിലയില്‍ അനുഭവപ്പെടുമ്പോള്‍ വടക്കന്‍ കേരളത്തിലും തെക്കേ മേഖലകളിലും സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാനാണ് സാധ്യത എന്നും റിപ്പോര്‍ട്ട് പറയുന്നു. മധ്യ ഇന്ത്യയില്‍ ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങള്‍ വര്‍ധിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് ഫെബ്രുവരി 28 ന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

0 comments
Sort by

Home