ചത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 31 പേരെ വധിച്ചു

പ്രതീകാത്മക ചിത്രം
റായ്പുർ: ചത്തീസ്ഗഡിലെ ബീജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. ഏറ്റുമുട്ടലിൽ രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ബീജാപൂരിലെ ഇന്ദ്രാവതി ദേശീയ പാർക്ക് മേഖലിയാണ് ഏറ്റുമുട്ടലുണ്ടായത്.
സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ ജില്ലാ റിസർവ് സ്ക്വാഡിലുള്ള ഉദ്യോഗസ്ഥനും സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ള ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ട ജവാൻമാർ എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിന്റെ ഭാഗമായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാൻ സുരക്ഷാസേന ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് സംഘത്തിലുണ്ടായിരുന്ന സീനിയർ പൊലീസ് ഓഫീസർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് നിന്നും തോക്കുകളും ബോംബുകളും ഉൾപ്പെടുന്ന ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ആന്റി മാവോയിസ്റ്റ് ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാസേന നടത്തിയ തിരച്ചിലിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിനെ തുടർന്ന് കൂടുതൽ സേന സ്ഥലത്തെത്തിയിട്ടുമുണ്ട്.
Related News

0 comments