ad
Deshabhimani

print edition വേളി വില്ലേജിലെ 22 സുരക്ഷാ 
ജീവനക്കാരെ പിരിച്ചുവിട്ടു

veli tourist village

വേളി ടൂറിസ്റ്റ് വില്ലേജിന് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരുടെ അനിശ്ചിതകാല സമരം

avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Jun 10, 2026, 12:56 AM | 1 min read

തിരുവനന്തപുരം: ‘കുട്ടിക്കാലംമുതൽ ഞാൻ കോൺഗ്രസുകാരനാണ്‌. എന്റെ കുടുംബവും കോൺഗ്രസാണ്‌. ഞങ്ങളുടെ സർക്കാർ വന്നപ്പോഴാണ്‌ എന്റെ തൊഴിൽ നഷ്ടപ്പെടുന്നത്‌ എന്നോർക്കുന്പോൾ സങ്കടമുണ്ട്‌’– 18 വർഷമായി വേളി ടൂറിസ്‌റ്റ്‌ വില്ലേജിന്റെ കാവൽക്കാരനായി ജോലിചെയ്യുന്ന പരിസരവാസികൂടിയായ ആന്റോയുടെ വാക്കുകൾ.


പുതിയ സർക്കാർ വന്നതോടെ വേളി വില്ലേജിന്റെ സെക്യൂരിറ്റി ജീവനക്കാരായിരുന്ന ആന്റോയടക്കം 22 പേരുടെ ജീവനോപാധിയാണ്‌ നഷ്ടമായത്‌. 20 വർഷത്തോളമായി സേവനമനുഷ്‌ടിച്ചുവരുന്നവരെയാണ്‌ കരാർ പുതുക്കാതെ സർക്കാർ പിരിച്ചുവിട്ടത്‌. വിമുക്തഭടന്മാരുടെ ക്ഷേമ കോർപറേഷന്‌ (കെക്‌സ്‌ കോൺ) സുരക്ഷാച്ചുമതല കൈമാറുന്നതിനാണ്‌ ഇവരെ പിരിച്ചുവിട്ടത്‌.


കടലും കായലും സംഗമിക്കുന്ന വേളി പൊഴിമുഖത്ത്‌ ടൂറിസം വില്ലേജ്‌ സ്ഥാപിക്കുന്പോൾ പ്രദേശവാസികൾക്ക്‌ ജോലി നൽകുമെന്ന്‌ അന്നത്തെ ഭരണാധികാരികൾ വാഗ്‌ദാനം ചെയ്‌തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രദേശവാസികളെമാത്രം ജോലിയിൽ നിയോഗിച്ചുപോന്നിരുന്നത്‌. അപകട സാധ്യതയേറെയുള്ള പൊഴിമുഖത്ത്‌ കക്കവാരിയും മീൻപിടിച്ചും പരിചയമുള്ളവരാണ്‌ ഇവരിലേറെയും. പുതിയ ഏജൻസി വരുന്നതോടെ, നീന്തൽപോലും വശമില്ലാത്തവർ സുരക്ഷാ ജോലിക്ക്‌ നിയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്‌.


തുച്ഛമായ തുകയാണ്‌ ലഭിച്ചിരുന്നതെങ്കിലും ആ വരുമാനം കുടുംബങ്ങൾക്ക്‌ ഏറെ ആശ്രയമായിരുന്നു. അത്‌ ഇല്ലാതായാൽ എങ്ങനെ ജീവിക്കുമെന്നറിയില്ല– വനിതാ ജീവനക്കാർ പറയുന്നു. വേളി വിനോദ സഞ്ചാര കേന്ദ്രത്തിലെ സെക്യൂരിറ്റി സംവിധാനം പുനഃസ്ഥാപിച്ച് പ്രദേശവാസികളുടെ തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സെക്യൂരിറ്റി ആൻഡ്‌ ഹൗസ്‌ കീപ്പിങ്‌ സ്റ്റാഫ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ അനിശ്‌ചിതകാല സമരം ആരംഭിച്ചു. എഐടിയുസിയും ഐഎൻടിയുസിയും ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ഐക്യദാർഢ്യവുമായി കൂടെയുണ്ട്‌. 22 പേരുടെയും തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവരെ സമീപിച്ചതായി അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എസ് സുകുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home