കോട്ടയം നഗരസഭയിൽ 211 കോടി രൂപ കാണാനില്ല; കൈമലർത്തി യുഡിഎഫ്‌ ഭരണസമിതി

Kottayam Municipality
avatar
സ്വന്തം ലേഖകൻ

Published on Jan 16, 2025, 01:00 PM | 1 min read

കോട്ടയം: അഴിമതിയ്‌ക്കും കെടുകാര്യസ്ഥതയ്‌ക്കും പേരുകേട്ട കോട്ടയം നഗരസഭയിൽ അതിഗുരുതര സാമ്പത്തിക ക്രമക്കേട്‌. നഗരസഭ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചു എന്ന് പറയുന്ന പണം അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്ന്‌ കണ്ടെത്തൽ. 211,89,04,017 രൂപയുടെ കുറവാണ്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ കണ്ടെത്തിയത്‌. ഓഡിറ്റ് റിപ്പോർട്ടിലെ പരമാർശം ചൊവ്വാഴ്‌ച കൂടിയ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജ അനിൽ ഉന്നയിച്ചു. എന്നാൽ അക്കൗണ്ടിൽ പണം എത്താതിന്റെ കൃത്യമായ കാരണം വിശദീകരിക്കാനാകാതെ ഭരണസമിതി കൈമലർത്തുകയായിരുന്നു. എൽഡിഎഫ്‌ അംഗങ്ങൾ വിഷയത്തിൽ കൾശന നിലപാട്‌ എടുത്തത്തോടെ വിശദമായ അന്വേഷണം നടത്താമെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയാണ്‌ ചെയർപേഴ്‌സൺ.


തനത്‌ ഫണ്ടിനത്തിൽ വിവിധ ബാങ്കുകളിൽ നിക്ഷേപിക്കേണ്ട തുകയാണ്‌ കാണാതായത്‌. ചെക്ക്‌ മുഖേന വരവ്‌ കാണിച്ചിരിക്കുന്ന തുകയാണ്‌ അക്കൗണ്ടിൽ ലഭിച്ചിട്ടില്ലാത്തത്‌.


വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 2023ലെ ഒമ്പതാം മാസം റീകൺസിലിയേഷൻ രേഖകൾ പരിശോധിച്ചതിൽനിന്ന്‌ വർഷങ്ങളായി ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടുകളിൽ ലഭിച്ചിട്ടില്ല എന്നാണ്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ കണ്ടെത്തിയത്‌. ബാങ്ക് ഓഫ് മഹാരാഷ്ട്ര-198,67,05,913, എസ്ബിഐ-9,50,60,236, എസ്ഐ ബി-65,78,998, ബാങ്ക് ഓഫ് മഹാരാഷ്ട്ര- 43,94,912, എസ്‌ഡി എസ്ബിഐ-13,75,144, എസ്ഡി-ബാങ്ക് ഓഫ് മഹാരാഷ്ട്ര-1,83,76,830, എൽസി-എസ്ബിഐ-64,11,984 എന്നിങ്ങനെയാണ്‌ തുക കുറവുള്ളതായി റിപ്പോർട്ടിൽ പരാമർശം ഉള്ളത്‌.


യുഡിഎഫ്‌ നേതൃത്വം നൽകുന്ന നഗരസഭയിൽനിന്ന്‌ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വാർത്തകൾ മാത്രമാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌. കൃത്യമായ പരിശോധന നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന്‌ എൽഡിഎഫ്‌ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട്‌ പോകാനാണ്‌ എൽഡിഎഫ്‌ തീരുമാനം.



deshabhimani section

Related News

0 comments
Sort by

Home