Deshabhimani

ഇഡി കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി; ചാർട്ടേർഡ് അക്കൗണ്ടന്റും അറസ്റ്റിൽ

vigilance-arrests
avatar
സ്വന്തം ലേഖകൻ

Published on May 17, 2025, 11:47 AM | 2 min read

കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ചാർട്ടേർഡ് അക്കൗണ്ടന്റും അറസ്റ്റിൽ. കൊച്ചി വാരിയം റോഡ് സ്വദേശിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവർ അറസ്റ്റിലായിരുന്നു.


കശുവണ്ടിവ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ്‌ കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ്‌ വിനിയോഗിക്കുന്നതെന്നും കാണിച്ച്‌ കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റിൽനിന്ന്‌ 2024-ൽ സമൻസ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട്‌ വർഷങ്ങൾക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. നൽകാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇഡി ഏജന്റ് എന്ന നിലയ്ക്ക് വിൽസൺ വ്യവസായിയെ ബന്ധപ്പെട്ടത്‌. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാൻ വീണ്ടും സമൻസ് അയപ്പിക്കാമെന്നും പറഞ്ഞു.


മെയ്‌ 14ന്‌ പരാതിക്കാരന്‌ സമൻസ്‌ ലഭിച്ചതായി വിജിലൻസ്‌ പറഞ്ഞു. തുടർന്ന്‌ വിൽസണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡിൽ നേരിൽ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടിൽ നൽകാനും രണ്ടുലക്ഷം രൂപ നേരിട്ട്‌ തന്നെ ഏൽപ്പിക്കാനും വിൽസൺ നിർദേശിച്ചു. 50,000 രൂപകൂടി അധികമായി നൽകണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നൽകി. ഇതിനുപിന്നാലെയാണ്‌ വ്യവസായി വിജിലൻസിനെ സമീപിച്ചത്‌. എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.


വ്യാഴം പകൽ മൂന്നിന്‌ എറണാകുളം പനമ്പിള്ളി നഗറിൽ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ്‌ വിൽസണെ പിടികൂടിയത്‌. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ്‌ മുരളി മുകേഷിന്റെ പങ്ക്‌ വ്യക്തമായത്‌. തുടർന്ന്‌ ഇയാളെയും അറസ്റ്റ്‌ ചെയ്‌തു. അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരുടെ നിർദേശ പ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് വ്യക്തമായി.


ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങൾ പ്രതികൾക്ക് നൽകി രണ്ട് കോടി രൂപ പരാതിക്കാരനിൽ നിന്നും ആവശ്യപ്പെടുന്നതിലേക്ക് മുഖ്യ സൂത്രധാരനായി പ്രവർത്തിച്ചതും രഞ്ജിത്ത് വാര്യർ തന്നെയാണെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് വാര്യരെ അറസ്റ്റ് ചെയ്തത്.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home