സ്വത്ത് തർക്കത്തിൽ അനുജനെ കൊലപ്പെടുത്തി; പ്രതി കുറ്റക്കാരൻ

ഇരിങ്ങാലക്കുട: മാള കുമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി. കുമ്പിടി ആലത്തൂർ നാലുകണ്ടൻ പോളാണ് പ്രതി. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി വിനോദ്‌കുമാറാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിയ്ക്ക് ഉള്ള ശിക്ഷ തിങ്കളാഴ്ച്ച പ്രസ്താവിക്കും.
2020 സെപ്റ്റംബർ 22നാണ് സംഭവം. സ്വത്ത് തർക്കത്തെ തുടർന്ന് പലപ്പോഴായുള്ള വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താൽ പ്രതി സഹോദരനായ ആന്റുവിനെ (56 ) കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വത്ത് ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു മണ്ണിട്ടു മൂടിയിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ ഇരുമ്പ് കമ്പി വടി കൊണ്ട് ആന്റുവിന്റെ മുഖത്തും കഴുത്തിലും തലയിലും അടിച്ച് മാരകമായി പരിക്ക് ഏൽപിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മാള എസ്‌എച്ച്‌ഒ ആയിരുന്ന വി സജിൻ ശശിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്മരിക്കുകയും, 19 തൊണ്ടി മുതലുകളും, 53 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വിജു വാഴക്കാല, അഭിഭാഷകരായ ജോജി ജോർജ് (പബ്ലിക് പ്രൊസിക്യൂട്ടർ ഇരിങ്ങാലക്കുട), ശ്രീദേവ് തിലക്, റെറ്റൊ വിൻസന്റ് എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ സിപിഒ കെ വി വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
0 comments