12 December Wednesday

നിലയ്ക്കാത്ത പെണ്‍നിലവിളികള്‍

ജിഷUpdated: Wednesday Jul 30, 2014

"എന്നെ രക്ഷിക്കാനാകുമോ..." മരിക്കുന്നതിന് തൊട്ടുമുമ്പും ഡല്‍ഹിയില്‍ അക്രമത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി ചോദിച്ചു. അതെ, ഇന്നും അവള്‍ ഡല്‍ഹിയിലെ പെണ്‍കുട്ടിയാണ്. പേരും നാളുമില്ലാത്തവള്‍. ഉടലില്‍നിന്ന് പേരുനഷ്ടമായവരുടെ പട്ടികയില്‍ അവളും ഇടം നേടിക്കഴിഞ്ഞു. മറവിയിലും. എന്തെന്നാല്‍ അവള്‍ക്ക് പിന്നാലെ സ്വയം നഷ്ടമായവരുടെ ഒരു വലിയ നിര അപ്പോഴേക്കും അവളെ മറച്ചുകളഞ്ഞിരുന്നു. ഇവിടെ നഷ്ടമാകുന്നത് വിശ്വാസ ങ്ങളാണ്. മനുഷ്യസ്നേഹത്തോട്... ബന്ധങ്ങളോട്... ഒടുവില്‍ അധികാരത്തോട്. മാനത്തെ മഴവില്ലിനെ കൈയെത്തി തൊടീക്കാം എന്ന് വാഗ്ദാനം ചെയ്ത് അധികാരക്കസേരകളില്‍ എത്തുന്നതുകൊണ്ടോ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി ഒഴിച്ചിട്ട കസേരകളുടെ എണ്ണം വര്‍ധിപ്പിച്ചതുകൊണ്ടോ ഇവിടെ ഒരു നിലവിളിയും ഇല്ലാതാകുന്നില്ല.

മനുഷ്യന്‍ എല്ലാ അര്‍ഥത്തിലും മോചനം നേടിയെന്ന് പറയുമ്പോഴും അധികാരം അതിന്റെ പലമുഖത്തോടെയും കീഴ്പ്പെടുത്തുന്നത് തനിക്ക് കീഴെത്തട്ടിലുള്ളവനെയാണ്. ശരീരം അതിന്റെ നിഗൂഢതയില്‍നിന്ന് സ്വയം ഉത്തരംതേടാന്‍ ശ്രമിക്കുമ്പോള്‍ ഇരകളാവുന്ന അടിയാളവര്‍ഗം. അടിയാളത്തം എക്കാലവും ജാതി, മതം, വര്‍ഗം, തൊഴില്‍ എന്നിങ്ങനെ ഒരുപടി തനിക്ക് താഴെയുള്ളവനെയാണ് തെരഞ്ഞെടുക്കുന്നത്, അഥവാ ഉപയോഗിക്കുന്നത്. ശാരീരികമായും മാനസികമായും കീഴ്പ്പെടുത്തുന്നതിലൂടെ അവന്‍ അധികാരത്തെ തന്റെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരികയും ചെയ്യും. അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കാത്തതും. അടുത്ത ദിവസങ്ങളിലായി രാജ്യവ്യാപകമായി പീഡനത്തിനിരയായി കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം ആശങ്കാവഹമാണ്.

ഉത്തര്‍പ്രദേശിലും കേരളത്തിലും പീഡനത്തിനിരയായി കൊല്ലപ്പെടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഒരു ദിവസത്തെ ദൈര്‍ഘ്യം മാത്രം. എന്നാല്‍ ഉണങ്ങാത്ത മുറിപ്പാടുകള്‍ ഒരു കുടുംബത്തെ എക്കാലവും വേട്ടയാടിക്കൊണ്ടിരിക്കുമെന്നത് യാഥാര്‍ഥ്യം. ഇവിടെ വേദനകള്‍ക്കോ പഴിചാരലുകള്‍ക്കോ സ്ഥാനമില്ല. അര്‍ഥരാഹിത്യം നിറഞ്ഞ ഈ സത്യം എന്തിന്റെ പേരിലാണ് പുതുതലമുറക്ക് മുന്നില്‍ തുറന്നുകാട്ടുക. ഏതു യഥാര്‍ഥസ്നേഹത്തിന്റെ പേരിലായാലും സ്വന്തം പെണ്‍മക്കളോട് സ്നേഹം പ്രകടിപ്പിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പേടി തോന്നുന്നുവെന്ന് ഒരച്ഛന്‍ പറയുമ്പോള്‍ എന്തുമറുപടിയാണ് അമ്മയ്ക്ക് പറയാനാവുക. ചരിത്രം എപ്പോഴും ഓര്‍മപ്പെടുന്നത് സമത്വപൂര്‍ണമായ ഇന്നലെകളാണ്. സ്ത്രീയും പുരുഷനും അവരവരുടെ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നവരായിരുന്നു. കാട്ടില്‍ ഇരതേടി പുരുഷനും വീട്ടില്‍ ആഹാരമുണ്ടാക്കി സ്ത്രീയും തങ്ങളുടെ മേഖലകളില്‍ സ്വതന്ത്രരായിരുന്നു. ഇവിടെ പരസ്പരവിധേയത്വം എന്നൊന്നില്ല. എന്നാല്‍ ഉല്‍പ്പന്ന വിഭവങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക് ഇടം മാറിയപ്പോള്‍ കായികശക്തികൊണ്ട് പുരുഷന്‍ മേധാവിയായി. അതോടെ തനിക്കും തന്റെ ചുറ്റിനുമുള്ളതിനുമെല്ലാമുള്ള സ്ത്രീയുടെ അധികാരം പുരുഷന്റെ നിയന്ത്രണത്തിലായി. ക്രമേണ പുരുഷാധിപത്യം എന്നത് അധികാരവ്യവസ്ഥയുടെ മറുപുറമായി.

ഉത്തര്‍പ്രദേശിലെ ബദൗനിലും ബറേലിയിലും കൂട്ടബലാത്സംഗവും കൊലപാതകവും പത്രത്താളുകളില്‍ ഇടം നേടുമ്പോള്‍ ഇങ്ങ് തൊട്ടടുത്ത് കേരളത്തില്‍ പാലക്കാട് ചിറ്റൂരിലും ഇതേ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. ഇവിടെ ഇവര്‍ക്കായി ശബ്ദമുയര്‍ത്താനോ മെഴുകുതിരികള്‍ കത്തിച്ച് നിലവിളിക്കാനോ ചാനല്‍ ചര്‍ച്ചകള്‍ നടത്താനോ ആരുമെത്തുന്നില്ല. ഇവര്‍ ഗ്രാമങ്ങളിലുള്ളവരാണ്. ഇവര്‍ മുതലാളിമാരുടെ ആജ്ഞാനുവര്‍ത്തികളാണ്. അതാണ് ഇവരുടെ നിലവിളികള്‍ക്കും ശബ്ദമില്ലാതെ പോകുന്നത്. ചിറ്റൂര്‍ മീനാക്ഷിപുരത്ത് തോട്ടം ഉടമയുടെ ബലാത്സംഗത്തെ തുടര്‍ന്നാണ് മണിമേഖലയെന്ന പതിനൊന്നുകാരിയുടെ മരണം. തോട്ടം ഉടമ പ്രദേശത്തെ കോണ്‍ഗ്രസ് നേതാവുകൂടിയാണ്. എണീറ്റുനടക്കാനാകാതെ ഏന്തിവലിച്ചുവന്ന പിഞ്ചുബാലികയുടെ ജീവന്‍ പൊലിഞ്ഞത് സ്വന്തം അമ്മയുടെ മടിയിലായിരുന്നു. മീനാക്ഷിപുരം മുത്തുസ്വാമി പുതൂര്‍ എസ്വികെ ഗാര്‍ഡനില്‍ ശെന്തില്‍വേല്‍ കൗണ്ടറുടെ തോട്ടത്തിലെ പണിക്കാരാണ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും. തോട്ടത്തിലെ ജോലി കഴിഞ്ഞ് സ്വന്തം കുടിലില്‍ എത്തിയ ലക്ഷ്മിയും ഭര്‍ത്താവ് ശെല്‍വരാജും സാധനങ്ങള്‍ വാങ്ങാനായി കടയിലേക്കും മണിമേഖലയും സഹോദരന്‍ കാര്‍ത്തിയും ശെന്തില്‍വേല്‍ കൗണ്ടറുടെ വീട്ടിലെ പശുക്കളെ തൊഴുത്തില്‍ കെട്ടാനും പോയിരുന്നു. ഈ സമയത്താണ് മണിമേഖലയെ ശെന്തില്‍വേല്‍ കൗണ്ടര്‍ പീഡിപ്പിച്ചത്.

എന്നാല്‍ ഭീഷണിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ യഥാര്‍ഥ കാരണം പൊലീസിനോട് പറയാതെ വിഷം കഴിച്ച് മരിച്ചുവെന്ന് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെടുമെന്നായപ്പോള്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയെ പ്രതിയുടെ കുടുംബം തടങ്കലില്‍വച്ചു. പെണ്‍കുട്ടിയുടെ ഇരുപതുകാരിയായ അമ്മായിയെയാണ് പ്രതിയുടെ കുടുംബം വീട്ടുതടങ്കലില്‍ വച്ചത്. സംഭവം നടക്കു ന്നതിന് ഒരു ആഴ്ച മുമ്പാണ് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായത്. തൊഴിലാളികളുടെ അധ്വാനശക്തിയെ പരമാവധി ചൂഷണം ചെയ്യുക എന്നതിലപ്പുറം അവനുള്‍പ്പെടുന്ന അവന്റെ കുടുംബത്തെ മുഴുവന്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ജന്മിത്വമനോഭാവമാണ് ഇവിടെയും ആവര്‍ത്തിച്ചത്. അധ്വാനശക്തിയോടൊപ്പം വെറുതെ കിട്ടുന്ന ചരക്കുമുതലായി മുതലാളിത്തം ഇതിനെ ആസ്വദിക്കുന്നു.

ലൈംഗികതയെന്ന മൂലധനത്തെ മുതലാളിത്ത വ്യവസ്ഥിതി ആഘോഷിക്കപ്പെടുകയാണ്. ചോദ്യം ചെയ്താല്‍ തകര്‍ക്കപ്പെടുന്നത് കുടുംബ ഘടനയാണ്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. നിസ്സഹായതക്ക് മുകളില്‍ എല്ലാം ഒടുങ്ങിത്തീരുകയാണെന്ന് മാത്രം. സമാനമായ സംഭവങ്ങളാണ് ഉത്തര്‍പ്രദേശിലും ആവര്‍ത്തിച്ചത്. ബറോലിയില്‍ 22കാരിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം ആസിഡ് കുടിപ്പിക്കുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടു ത്തുകയും ചെയ്തു. മുഖം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് പെട്രോളൊഴിച്ച് കത്തിച്ചു. ബദൗന്‍ ജില്ലയില്‍ കത്ര ഗ്രാമ ത്തില്‍ പതിനാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മരക്കൊമ്പില്‍ കെട്ടിത്തൂക്കിയതും മറ്റൊരു സംഭവം. ഉത്തര്‍പ്രദേശില്‍ വനിതാജഡ്ജിയെ ബലാത്സംഗം ചെയ്തസംഭവവും ഇതേ തുടര്‍ച്ചയില്‍ പ്പെടുന്നു. അലിഗഢ് സ്വദേശിനിയായ വനിതാജഡ്ജിയെ ബലാത്സംഗത്തിന് ശേഷം കീടനാശിനി കുടിപ്പിക്കുകയായിരുന്നു. മേഘാലയയില്‍ വീട്ടമ്മയെ കുട്ടികള്‍ക്ക് മുന്നില്‍ ബലാത്സംഗം ചെയ്ത് കൊന്ന സംഭവവും തൊട്ടടുത്ത ദിവസം തന്നെയാണ്.

ഇതിനിടെ സീതാപൂര്‍ ജില്ലയിലെ ബേനിപൂരില്‍ പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയും, ഫിറോസ്പൂര്‍ ഗ്രാമത്തില്‍ 15 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം നാടറിയുന്ന വാര്‍ത്തകള്‍ മാത്രം. പുറംലോകമറിയാത്ത എത്രയോ സംഭവങ്ങള്‍ ഇനിയുമുണ്ടായേക്കാം. അഥവാ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെടുമ്പോഴേക്കും മരണങ്ങള്‍ അനവധിയാകാം.

കണ്ണൂര്‍ ഉളിയില്‍ മുസ്ലിം യുവതി അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവത്തില്‍ എന്‍ഡിഎഫുകാരായ സഹോദരന്മാരും സുഹൃത്തുക്കളും വീടിനകത്ത് വച്ച് അവളെ വെട്ടിക്കൊന്ന സംഭവമുണ്ടായി. ഇവിടെ ജാതീയതയും മറ്റൊരര്‍ഥത്തില്‍ അധികാരത്തിന്റെ മാന്ത്രികദണ്ഡായി ഉത്തരം വിധിക്കുകയായിരുന്നു. ആണത്തത്തിന്റെ മനോഹാരിത അനാവരണം ചെയ്യേണ്ടത് തന്നേക്കാള്‍ ദുര്‍ബലമായ പെണ്‍ശരീരങ്ങളോട ല്ലെന്നെങ്കിലും കുറഞ്ഞപക്ഷം തിരിച്ചറിയാനാവാത്തിടത്താണ് സംസ്കാരത്തിന്റെ പരാജയത്തിന്റെ തുടക്കവും. പാകിസ്ഥാനി കര്‍ഷകകുടുംബത്തിലെ മുക്താര്‍മായിക്ക് ഗ്രാമത്തിലെ ഗോത്രമഹാസഭ ശിക്ഷ വിധിച്ചത് കൂട്ടബലാത്സംഗമാണ്. ഇളയസഹോദരന്‍ ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കേണ്ടിവന്നത് ബലാത്സംഗം എന്ന വിധിയിലൂടെയാണ്. ആത്മഹത്യചെയ്യണമെന്ന് തോന്നിയെങ്കിലും അന്നത് ചെയ്തില്ല എന്നാണവര്‍ പറഞ്ഞത്. പകരം തന്നെ ശിക്ഷിച്ചവരെ കോടതി കയറ്റി. മനസ്സിനേറ്റ മുറിവ് അധികാരവര്‍ഗത്തോടുള്ള വെല്ലുവിളിയായി അവര്‍ എക്കാലവും കാത്തുസൂക്ഷിച്ചു. പക്ഷേ ഇങ്ങനെ എത്ര പേര്‍ക്ക് സാധ്യമാകും.

ലോകടൂറിസം ഭൂപടത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ നഷ്ട പ്പെടുമെന്നതിനാല്‍ ടൂറിസം കൗണ്‍സില്‍ തുടര്‍ച്ചയായുള്ള പീഡനങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും അപലപിച്ചു. ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ജി- 20 രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാജ്യമായാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. നൈജീരിയ ക്കും അഫ്ഗാനിസ്ഥാനുമൊപ്പമാണ് ഇന്ത്യയെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അധികാരം അതിന്റെ ശക്തിയോടെ ആവിഷ്ക്കരിച്ച നീതിയും നിയമവും(തിരുത്തപ്പെടാന്‍ വിടവുകള്‍ സൃഷ്ടിച്ചതെങ്കിലും) നമുക്കിനി കടലാസില്‍ വായിച്ചുമറക്കാം. ജീവശാസ്ത്രപരമായ വ്യത്യാസ ങ്ങളെ അധികാര- അധീശത്വ വ്യവസ്ഥയിലൂടെ നിര്‍വചിക്കുമ്പോഴാണ് ആണ്‍- പെണ്‍ അസന്തുലിതാവസ്ഥക്ക് തുടക്കമാവുന്നത്

1970ല്‍ ഷുലാസ്മിത്ത് ഫയര്‍സ്റ്റോണ്‍ എന്ന കനേഡിയന്‍ ഫെമിനിസ്റ്റ് സ്ത്രീയും പുരുഷനും രണ്ടുവിരുദ്ധ വര്‍ഗങ്ങളായി നിലകൊള്ളുന്ന ലിംഗവര്‍ഗങ്ങളാണ് എന്ന ആശയം മുന്നോട്ടുവച്ചു. മുതലാളിത്തം ഇവിടെ പീഡനവ്യവസ്ഥയായി മാറുകയാണ് എന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളും ന്യൂനപക്ഷങ്ങളും എങ്ങനെ നിര്‍വചിക്കപ്പെടുന്നു എന്നതിലേക്കാണ് ഈ യാഥാര്‍ഥ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കാലം മാറുമ്പോള്‍ പുതിയ ഭരണസംവിധാനത്തില്‍ പൊതുജനം വിശ്വാസമര്‍പ്പിക്കുന്നത് സ്വാഭാവികം. ന്യൂനപക്ഷത്തെ അക്രമിച്ച് ഭൂരിപക്ഷത്തിന്റെ സ്വീകാര്യത നേടി അധികാരത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഇതൊന്നും ഒന്നുമല്ലായിരിക്കാം. കീഴടക്കലിന്റെ പ്രത്യയശാസ്ത്രം നന്നായി ഉപയോഗിച്ച വ്യക്തി, അദ്ദേഹം നേതൃത്വം നല്‍കിയ വംശഹത്യയില്‍ എത്രയോ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. അത്തരം കലാപങ്ങളില്‍ ബലാത്സംഗം ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ ലൈംഗികത ആയിരിക്കില്ല ഉണ്ടാവുക. ഒരു വര്‍ഗത്തെ മുഴുവന്‍ അപമാനിക്കുന്നതിന്റെ കീഴ്പ്പെടുത്തു ന്നതിന്റെ ആത്മനിര്‍വൃതിയാവും. നിലവിളികളെ ആസ്വദിക്കുകയെന്ന മാനസികവൈകല്യമാണ് ഇവിടെ വെളിപ്പെടുന്നത്.

രാജ്യം ഭരിക്കുന്നതില്‍ വിരലില്‍ എണ്ണാവുന്നതില്‍ അപ്പുറം എംപിമാര്‍ ബലാത്സംഗം ഉള്‍പ്പെട്ടുള്ള കേസുകളില്‍ പ്രതികളാണ്. ഇത്തരക്കാരില്‍നിന്നും പൊതുജനം എന്തുനീതിയാണ് പ്രതീക്ഷിക്കേണ്ടത്? ആധിപത്യത്തിന്റെ പ്രത്യയശാസ്ത്രം കൊണ്ടാണ് പുരുഷന്‍ സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്നത്. സ്ത്രീയുടെ ഏറ്റവും വലിയ പരാധീനതയായി കണ്ട് പുരുഷന്‍ അവരുടെ സ്ത്രീത്വത്തെ ബലമായി കവര്‍ന്നെടുക്കുകയാണ്. ഓരോ ഇന്ത്യന്‍ ഗ്രാമങ്ങളിലും കീഴാള വര്‍ഗത്തില്‍ ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍ അധഃസ്ഥിതന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചുകൊണ്ട് അവനെ എന്നും അടിയാളനാക്കി നിര്‍ത്താനുള്ള ഹിഡന്‍ അജണ്ട കൂടിയുണ്ട്. "വിവാഹസമയത്തുണ്ടാക്കുന്ന കരാര്‍ അനുസരിച്ച് സ്ത്രീ എക്കാലവും വീട്ടിനുള്ളില്‍ കഴിയണമെന്നും സദാപുരുഷനെ തൃപ്തി പ്പെടുത്തിക്കൊണ്ടിരിക്കണ"മെന്നുമാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. ഇങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത സ്ത്രീയെ ഉപേക്ഷിക്കാനുള്ള അധികാരം പുരുഷനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മുംബൈ ശക്തിമില്‍ ബലാത്സംഗ കേസില്‍ വിധി വന്നപ്പോള്‍ സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ് അഭിപ്രായപ്പെട്ടത് "ആണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍" തന്നെയാണ് എന്നാണ്. "എല്ലായിടത്തും സ്ത്രീകള്‍ ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ യുപിയിലെ സംഭവങ്ങള്‍ മാത്രം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന്" മുഖ്യമന്ത്രി അഖിലേഷ് യാദവ് അഭിപ്രായ പ്പെട്ടു. ഭരണകൂടം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് തെളിയിക്കപ്പെടുന്നതാണ് ഈ പ്രസ്താവനകളെല്ലാം. സ്ത്രീപുരുഷന്മാരുടെ സാമൂഹ്യഘടനയില്‍ ഭരണകൂടത്തിന്റെ പങ്കെന്താണെന്ന് ബോധ്യമാവുമ്പോഴാണ് ജനം ആത്മവിശ്വാസം ആര്‍ജിക്കുന്നത്. എന്നാല്‍ അതുപോലും നഷ്ടമാവുന്ന അവസ്ഥയില്‍ എല്ലാ വിശ്വാസവും തകര്‍ന്നടിയുന്നു. അസ്ഥിരതയില്‍ കാലൂന്നിനിന്ന് എപ്രകാരമാണ് അരക്ഷിത രായ ഒരു വലിയ വിഭാഗം ജന ത്തെ സംരക്ഷിക്കാനാവുക. എത്രനാള്‍ ഈ നിലവിളികളില്‍ നിന്നും അധികാരവര്‍ഗങ്ങള്‍ക്ക് ഒളിച്ചോടാനാകും?

പ്രധാന വാർത്തകൾ
Top