Top
23
Thursday, November 2017
About UsE-Paper

രണ്ട് ഭൂഖണ്ഡങ്ങള്‍, രണ്ട് സ്ത്രീകള്‍, ഒറ്റ സിനിമ

Thursday Oct 27, 2016
വെബ് ഡെസ്‌ക്‌

എണ്ണായിരം മൈലുകള്‍ക്കകലെ ഇരുന്ന് അവര്‍ ഒന്നിച്ചൊരു സിനിമയ്ക്കൊരുങ്ങുന്നു; പരസ്പരം ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേര്‍–അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സില്‍ താമസക്കാരിയായ നിക്കോള്‍ ഡൊണാഡിയോവും തൃശൂര്‍ സ്വദേശി ഉമ കുമരപുരവും.

സിനിമയുടെ ഫണ്ട്ശേഖരണത്തിലും വ്യത്യസ്തകളുമായാണ് എക്രോസ് ദ ഓഷ്യന്‍ എന്ന ചിത്രം ഒരുങ്ങുന്നത്. കലാകാരന്മാര്‍ക്ക് പ്രവര്‍ത്തനഫണ്ട് ലഭ്യമാക്കുന്ന കിക്ക്സ്റ്റാര്‍ട്ടര്‍ മുഖേനയാണ് പണം കണ്ടെത്തുന്നത്. ഇത് തുടങ്ങിക്കഴിഞ്ഞു. ചിത്ര നിര്‍മ്മാണത്തിനായി പണം നല്‍കി സഹകരിയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വിവിധ ഓഫറുകളുമായി കിക്ക്സ്റ്റാര്‍ട്ടറില്‍ ഇവരുടെ സംരംഭവും ഇടംപിടിച്ചു.   അയ്യായിരം ഡോളര്‍ വാഗ്ദാനം ലഭിച്ചാല്‍ കിക്ക് സ്റ്റാര്‍ട്ടറില്‍ പദ്ധതിയുമായി മൂന്നോട്ടുപോകാം. നവംബര്‍ 23 വരെ നീളുന്നതാണ് ധനശേഖരണം. ഈ ലിങ്കില്‍ സംഭാവന നല്‍കാന്‍ സൌകര്യമുണ്ട്. ഇന്ത്യയില്‍ വിഷ്ബെറി എന്ന സൈറ്റിലൂടെയാണു പണം ശേഖരിക്കുന്നത്.അത് തുടങ്ങിയിട്ടില്ല.

ഇരുവരും ഏറെനാളായി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നു.രണ്ടുവര്‍ഷം മുമ്പാണ് ഇന്റര്‍നെറ്റിലൂടെ ഇവര്‍ പരിചയപ്പെടുന്നത്. സ്ത്രീ എന്ന നിലയില്‍ സിനിമാമേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചായിരുന്നു തുടക്കം. നൂറുകണക്കിന് ഇമെയിലുകള്‍ പരസ്പരം കൈമാറി. ഒടുവില്‍ അവര്‍ ഒന്നിച്ചൊരു സിനിമ ചെയ്യുക എന്ന ആശയത്തിലേക്കെത്തി.

നിക്കോള്‍ ഡൊണാഡിയോനിക്കോള്‍ ഡൊണാഡിയോ

ഉറച്ച മനസ്സുള്ള രണ്ട് സ്ത്രീകളാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. ഒരാള്‍ ഇന്ത്യയിലും മറ്റേയാള്‍ അമേരിക്കയിലും. ഇരു രാജ്യങ്ങളിലും അധികം ഉണ്ടായിട്ടില്ലാത്ത തരം സ്ത്രീപക്ഷ സിനിമ–അക്കാര്യം ഇരുവരും ഉറപ്പിക്കുന്നു.

കേരളത്തിലെ ജീവിതം മടുത്ത് വിവാഹത്തിലൂടെ അമേരിക്കയിലെത്തി സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് നിള എന്ന മലയാളി യുവതി. അമേരിക്കയില്‍ ഹോളിയുടെ പ്രശ്നം ധാരാളിത്തത്തിന്റെ മടുപ്പാണ്. ഇന്ത്യയില്‍ ഒരു ജോലി ലഭിച്ചപ്പോള്‍ അവള്‍ ഇവിടേയ്ക്ക് വരാനൊരുങ്ങുന്നു. ഇരുവരും നേരിടുന്ന സംഘര്‍ഷങ്ങള്‍ നര്‍മ്മം കലര്‍ത്തി പറയാനാണു ശ്രമമെന്നു ഉമ കുമരപുരം പറഞ്ഞു. ഒരു മണിക്കുര്‍ ദൈര്‍ഘ്യമുള്ള സിനിമ ഇരുവരുടെയും ജീവിതത്തിലേക്ക് മാറിമാറി സഞ്ചരിക്കും.

ഉമയും നിക്കോളും ചേര്‍ന്നുതന്നെ സിനിമ നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളിലും ഷൂട്ടിങ്ങ് നടക്കും അമേരിക്കയില്‍ നിക്കോളിന്റെയും ഇന്ത്യയില്‍ ഉമയുടെയും സംവിധാനത്തില്‍ ചിത്രീകരണം നടക്കും. ഒരേ ക്യാമറയും ഒരേ ലെന്‍സും ഒരേ സാങ്കേതികവിദ്യയും ഇരുവരും ഉപയോഗിക്കും. പിന്നീട് എഡിറ്റിങ്ങ് വേളയില്‍ ചിത്രം ഒന്നിപ്പിക്കും.

ഉമ കുമരപുരംഉമ കുമരപുരം

തിരക്കഥ ഒരുങ്ങിക്കഴിഞ്ഞു. ലൊക്കേഷനുകള്‍ കണ്ടെത്തി. അഭിനേതാക്കളെ നിശ്ചയിച്ചുവരുന്നു. ഇനി ചിത്രീകരണത്തിലേക്ക് കടക്കും. ചിത്രീകരണ വിശേഷങ്ങള്‍ ഇന്റര്‍നെറ്റില്‍ കിക്ക് സ്റ്റാര്‍ട്ടറിലും ഫേസ്‌ബുക്കിലും യൂട്യൂബിലും അപ്പപ്പോള്‍ ലഭ്യമാക്കും

ഇരുരാജ്യങ്ങളിലും ഒരേസമയം ചിത്രീകരിച്ച് വീഡിയോ ഇമേജുകള്‍ പരസ്പരം കൈമാറി നൈരന്തര്യം ഉറപ്പാക്കാന്‍ ഉമയും നിക്കോളും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വെല്ലുവിളികള്‍ ഉണ്ടാകും എന്ന് അവര്‍ സമ്മതിക്കുന്നു. പക്ഷേ നേരിടാന്‍തന്നെയാണ് തീരുമാനം.

നിക്കോള്‍ ഡൊണാഡിയോ ലോസ് ഏഞ്ചല്‍സിലാണ് താമസം. വിനോദവ്യവസായരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഫോക്സ് ടിവിയിലും എബിസിയിലും പരിപാടികള്‍ ചെയ്തു. ഓസ്കാര്‍ പുരസ്ക്കാരം നേടിയ ദ വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് എന്ന സിനിമയുടെ പാരഡിയായി ദ വിമന്‍ ഓഫ് വാള്‍സ്ട്രീറ്റ് എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധനേടി.

തൃശൂര്‍ സ്വദേശിയായ ഉമ കുമരപുരം വിവിധ മലയാള സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫിയായി പ്രവര്‍ത്തിക്കുന്നു. രാജീവ് മേനോന്‍, സന്തോഷ് തുണ്ടിയില്‍, അഴഗപ്പന്‍ തുടങ്ങിയ പ്രശസ്ത സംവിധായകര്‍ക്കൊപ്പവും ബോളിവുഡിലും ഉമ പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഒഴിമുറി, യൂ ടു ബ്രൂട്ടസ്, പുതിയ നിയമം ഹിന്ദിയില്‍ ട്രാഫിക്ക് എന്നീ ചിത്രങ്ങളില്‍ ഉമ സഹകരിച്ചു. ഹ്രസ്വചിത്രങ്ങളും സംഗീത വീഡിയോകളും സംവിധാനം ചെയ്തിട്ടുണ്ട്.

 

Related News

കൂടുതൽ വാർത്തകൾ »