22 May Tuesday

രണ്ട് ഭൂഖണ്ഡങ്ങള്‍, രണ്ട് സ്ത്രീകള്‍, ഒറ്റ സിനിമ: ആ സ്വപ്നം ആദ്യകടമ്പ കടന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2016

കൊച്ചി> ഒമ്പതിനായിരം മൈലുകള്‍ക്കകലെ ഇരുന്ന് ഒന്നിച്ചൊരു സിനിമ ഒരുക്കാനുള്ള അവരുടെ ശ്രമം ആദ്യവിജയം നേടി. തൃശൂര്‍ സ്വദേശി ഉമ കുമരപുരവും അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സില്‍ താമസക്കാരിയായ നിക്കോള്‍ ഡൊണാഡിയോവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഫണ്ട്ശേഖരണമാണ് പൂര്‍ത്തിയായത്.

കലാകാരന്മാര്‍ക്ക് പ്രവര്‍ത്തനഫണ്ട് ലഭ്യമാക്കുന്ന കിക്ക്സ്റ്റാര്‍ട്ടര്‍ മുഖേന സിനിമയ്ക്ക് പണം കണ്ടെത്താനുള്ള ശ്രമമാണ് ആദ്യഘട്ടത്തില്‍ നടന്നത്.  ചിത്ര നിര്‍മ്മാണത്തിനായി പണം നല്‍കി സഹകരിയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന സംവിധാനമായിരുന്നു ഇത്. മുഖ്യമായും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് പണം നല്‍കാന്‍ സൌകര്യം നല്‍കാനായിരുന്നു ഇത്.  അയ്യായിരം ഡോളറാണ് കിക്ക് സ്റ്റാര്‍ട്ടറില്‍ ഫണ്ട് ശേഖരണത്തിന് ലക്ഷ്യം നിശ്ചയിച്ചിരുന്നത്. അത്രയും തുക സ്വരൂപിയ്ക്കാനായാല്‍ മാത്രമേ ആ തുക കിക്ക്സ്റ്റാര്‍ട്ടറില്‍ നിന്ന് പിന്‍വലിക്കാനാകുമായിരുന്നുള്ളൂ. നവംബര്‍ 23 ന് ഫണ്ട്ശേഖരണം അവസാനിച്ചപ്പോള്‍ 5175 ഡോളര്‍ ലഭിച്ചതിനാല്‍ ആ കടമ്പ കടന്നു. നിക്കോളിന്റെ മുന്‍കയ്യോടെയയിരുന്നു കിക്ക്സ്റ്റാര്‍ട്ടറിലെ സംരംഭം. ഇനി ഇന്ത്യയിലെ ധനശേഖരണമാണ് അടുത്ത പടി. ഇന്ത്യയില്‍ വിഷ്ബെറി എന്ന സൈറ്റിലൂടെയാണു പണം ശേഖരിക്കുന്നത്. ഉമയുടെ അഭ്യര്‍ത്ഥന വിഷ്ബെറിയില്‍ ഇതിനായി നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ സംഭാവന നല്‍കാം.

പരസ്പരം ഇതുവരെ കണ്ടിട്ടുതന്നെയല്ലാത്ത രണ്ടുപേര്‍–ഒന്നിച്ച് രണ്ട് രാജ്യങ്ങളില്‍ കഴിഞ്ഞുകൊണ്ടുതന്നെ സിനിമ ഒരുക്കുന്നത് ശ്രദ്ധനേടിയിരുന്നു.

ഉമ കുമരപുരവും നിക്കോള്‍ ഡൊണാഡിയോവും ഏറെനാളായി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇന്റര്‍നെറ്റിലൂടെ ഇവര്‍ പരിചയപ്പെടുന്നത്. സ്ത്രീ എന്ന നിലയില്‍ സിനിമാമേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചായിരുന്നു തുടക്കം. നൂറുകണക്കിന് ഇമെയിലുകള്‍ പരസ്പരം കൈമാറി. ഒടുവില്‍ അവര്‍ ഒന്നിച്ചൊരു സിനിമ ചെയ്യുക എന്ന ആശയത്തിലേക്കെത്തി.

സിനിമയുടെ പ്രചാരണത്തിനുള്ള ടീസറിന്റെ ഷൂട്ടിംഗ്

സിനിമയുടെ പ്രചാരണത്തിനുള്ള ടീസറിന്റെ ഷൂട്ടിംഗ്

ഉറച്ച മനസ്സുള്ള രണ്ട് സ്ത്രീകളാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. ഒരാള്‍ ഇന്ത്യയിലും മറ്റേയാള്‍ അമേരിക്കയിലും.

കേരളത്തിലെ ജീവിതം മടുത്ത് വിവാഹത്തിലൂടെ അമേരിക്കയിലെത്തി സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് നിള എന്ന മലയാളി യുവതി. അമേരിക്കയില്‍ ഹോളിയുടെ പ്രശ്നം ധാരാളിത്തത്തിന്റെ മടുപ്പാണ്. ഇന്ത്യയില്‍ ഒരു ജോലി ലഭിച്ചപ്പോള്‍ അവള്‍ ഇവിടേയ്ക്ക് വരാനൊരുങ്ങുന്നു. ഇരുവരും നേരിടുന്ന സംഘര്‍ഷങ്ങള്‍ നര്‍മ്മം കലര്‍ത്തി പറയാനാണു ശ്രമം. ഒരു മണിക്കുര്‍ ദൈര്‍ഘ്യമുള്ള സിനിമ ഇരുവരുടെയും ജീവിതത്തിലേക്ക് മാറിമാറി സഞ്ചരിക്കും.

ഇരു രാജ്യങ്ങളിലും ഷൂട്ടിങ്ങ് നടക്കും അമേരിക്കയില്‍ നിക്കോളിന്റെയും ഇന്ത്യയില്‍ ഉമയുടെയും സംവിധാനത്തില്‍ ചിത്രീകരണം നടക്കും. ഒരേ ക്യാമറയും ഒരേ ലെന്‍സും ഒരേ സാങ്കേതികവിദ്യയും ഇരുവരും ഉപയോഗിക്കും. പിന്നീട് എഡിറ്റിങ്ങ് വേളയില്‍ ചിത്രം ഒന്നിപ്പിക്കും.

കിക്ക്സ്റ്റാര്‍ട്ടറിലെ സംരംഭം വിജയിച്ചതിനാല്‍ അമേരിക്കയില്‍ താരങ്ങളെ നിശ്ചയിക്കുന്ന അടുത്തഘട്ടത്തിലേക്ക് നിക്കോള്‍ ഉടന്‍ കടക്കുമെന്ന് ഉമ കുമരപുരം പറഞ്ഞു. വിഷ്ബെറി വഴി ഇന്ത്യയില്‍ നടക്കുന്ന ഫണ്ട്ശേഖരണത്തിന് ഉമ പിന്തുണ അഭ്യര്‍ത്ഥിച്ചു. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് എന്നിവയിലൂടെ സംഭാവന നല്‍കാം. കാഷ് പിക്ക് അപ്പ് സംവിധാനവുമുണ്ട്. വീട്ടിലെത്തി ചെക്ക് കൈപറ്റുന്ന സംവിധാനമാണിത്.

തൃശൂര്‍ സ്വദേശിയായ ഉമ കുമരപുരം വിവിധ മലയാള സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫിയായി പ്രവര്‍ത്തിക്കുന്നു. രാജീവ് മേനോന്‍, സന്തോഷ് തുണ്ടിയില്‍, അഴഗപ്പന്‍ തുടങ്ങിയ പ്രശസ്ത സംവിധായകര്‍ക്കൊപ്പവും ബോളിവുഡിലും ഉമ പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഒഴിമുറി, യൂ ടു ബ്രൂട്ടസ്, പുതിയ നിയമം ഹിന്ദിയില്‍ ട്രാഫിക്ക് എന്നീ ചിത്രങ്ങളില്‍ ഉമ സഹകരിച്ചു. ഹ്രസ്വചിത്രങ്ങളും സംഗീത വീഡിയോകളും സംവിധാനം ചെയ്തിട്ടുണ്ട്.

നിക്കോള്‍ ഡൊണാഡിയോ ലോസ് ഏഞ്ചല്‍സിലാണ് താമസം. വിനോദവ്യവസായരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഫോക്സ് ടിവിയിലും എബിസിയിലും പരിപാടികള്‍ ചെയ്തു. ഓസ്കാര്‍ പുരസ്ക്കാരം നേടിയ ദ വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് എന്ന സിനിമയുടെ പാരഡിയായി ദ വിമന്‍ ഓഫ് വാള്‍സ്ട്രീറ്റ് എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധനേടി. 

പ്രധാന വാർത്തകൾ
Top