22 September Saturday

രാജസ്ഥാനിലെ സോളാര്‍ ഗ്രാമം

സുരേഷ് ഗോപിUpdated: Wednesday Dec 4, 2013

സൗരോര്‍ജത്തിന്റെ വെളിച്ചത്തില്‍ തിലോണിയ ഗ്രാമത്തില്‍ സ്ത്രീസമൂഹത്തെ സ്വന്തം കാലില്‍ ജീവിക്കാന്‍ പഠിപ്പിച്ച ഒരു സ്ഥാപനമുണ്ട്. 1972ല്‍ സഞ്ജിത് ബങ്കര്‍ റായിയെന്ന സാമൂഹ്യപ്രവര്‍ത്തകന്‍ തുടക്കമിട്ട ബെയര്‍ഫൂട്ട് കമ്യൂണിറ്റി കോളേജ്. കോളേജ് ഈ പ്രദേശത്തിന്റെ മുഖം മാറ്റിയെഴുതി. ജീവിതശുചിത്വവും അധ്വാനവും മഴവെള്ളസംഭരണവും മാലിന്യനിര്‍മാര്‍ജനവുമെല്ലാം നാട്ടില്‍ ചര്‍ച്ചയാക്കാന്‍ കോളേജിനു കഴിഞ്ഞു. ദരിദ്രകുടുംബങ്ങളില്‍ നിന്നായിരുന്നു പഠിതാക്കള്‍. സോളാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് പഠിപ്പിച്ചത്. പഠനം കഴിഞ്ഞിറങ്ങിയ സ്ത്രീകള്‍ പമ്പു നിര്‍മാണം മുതല്‍ മേസ്തിരിപ്പണി വരെയുള്ള തൊഴിലുകളിലും വ്യാപരിച്ചു.

ദാരിദ്ര്യത്തിലും കൊടുംപട്ടിണിയിലും കഴിഞ്ഞ രാജസ്ഥാനിലെ ഈ വിദൂരഗ്രാമം നടന്നുകയറിയത് സ്വയംപര്യാപ്തതയുടെ പച്ചപ്പിലേക്ക്. "സരിതോര്‍ജ"ത്തില്‍ ഇളകിമറിയുന്ന കേരളം അറിയേണ്ടതാണ് യഥാര്‍ഥ സൗരോര്‍ജം നല്‍കുന്ന ഈ സ്ഥാപനത്തെ കുറിച്ചും ഗ്രാമീണ വനിതകളെ കുറിച്ചും. സൗരോര്‍ജത്തിന്റെ വെളിച്ചത്തില്‍ ഒരു പ്രദേശത്തെ സ്ത്രീ സമൂഹത്തെ സ്വന്തം കാലില്‍ ജീവിക്കാന്‍ പഠിപ്പിച്ചത് ഈ സ്ഥാപനമാണ്. കോളേജിലെ ആദ്യ ബാച്ചില്‍ പഠിച്ച കമലാദേവിയുടെ കഥ പ്രത്യേകം പറയേണ്ടതുണ്ട്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കമലാദേവി 15 വര്‍ഷം മുമ്പ് സോളാര്‍ എന്‍ജിനിയറായി. കുടുംബവും മറ്റു പ്രാരാബ്ധങ്ങള്‍ക്കുമൊപ്പം പഠിച്ച വിദ്യയെ പരമാവധി പ്രയോജനപ്പെടുത്താന്‍ കമലാദേവി കഠിനപ്രയതനം തന്നെ നടത്തി. ഗ്രാമത്തിലെ സൗരോര്‍ജവിപ്ലവത്തില്‍ പങ്കാളിയായി.

കഴിഞ്ഞമാസം കമലാദേവിയും കാദംപുരയില്‍ സോളാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുവില്‍ക്കുന്ന യൂണിറ്റിന്റെ ചുമതലക്കാരിയായി. പത്തു രാത്രി വിദ്യാലയങ്ങളും കമലാദേവിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു. വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്ടു കിടന്ന എണ്ണിയാലൊടുങ്ങാത്ത വീടുകളായിരുന്നു മുമ്പ് ഈ ഗ്രാമങ്ങളിലെ കാഴ്ച. ഇന്ന് സൂര്യവെളിച്ചത്തിന്റെ പ്രഭയില്‍ കുളിച്ചുനില്‍ക്കുകയാണ്. വരണ്ടുണങ്ങിയ നിലങ്ങളില്‍ ജലസേചനം നടത്താന്‍ സോളാര്‍ പമ്പുകളെത്തി, ആഴങ്ങളില്‍ നിന്നുമുള്ള ജലധാര ഊഷരമായ മണ്ണില്‍ ജീവിതപ്രതീക്ഷകളുടെ സൂര്യകാന്തി വിളയിച്ചു. അക്ഷരാഭ്യാസമില്ലാത്ത വീട്ടമ്മമാര്‍ നിര്‍മിച്ച സോളാര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുന്ന ഗ്രാമങ്ങള്‍ പിറന്നു. രാജ്യമെമ്പാടുമുള്ള തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നിരവധിപേര്‍ ഈ മാതൃക പഠിക്കാനെത്തി. അപ്പോള്‍ പുതിയൊരു വിവാദവും പിറന്നു, അടുത്ത സോളാര്‍ ഗ്രാമം ഏതായിരിക്കണമെന്നതു സംബന്ധിച്ച്.

പ്രധാന വാർത്തകൾ
Top