20 June Wednesday

അരുണാചലം മുരുകാനന്ദം; ഇന്ത്യയുടെ ആര്‍ത്തവ മനുഷ്യന്‍

സൂരജ് കരിവള്ളൂര്‍Updated: Wednesday Feb 21, 2018

അരുണാചലം മുരുകാനന്ദം തന്റെ നാപ്കിൻ ഉൽപ്പാദന കേന്ദ്രത്തിൽ

ഫുട്‌ബോൾ ബ്ലാഡർകൊണ്ട് കൃത്രിമഗർഭപാത്രം ഉണ്ടാക്കി അതിൽ ആട്ടിൻ ചോര നിറച്ച് അത് അരയിൽ കെട്ടിയയാൾ. നാട്ടുകാർ അയാളെ ഭ്രാന്തനെന്നും ലൈംഗീക രോഗിയെന്നും മുദ്രകുത്തി. ഭാര്യയും അമ്മയും അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.  നാട്ടിൽ നിന്നു പുറത്താക്കപ്പെട്ടു. 2014ൽ ടൈം മാഗസിൻ ലോകത്തെ സ്വാധീനിച്ച 100 പേരിൽ ഒരാളായി അയാളെ തെരഞ്ഞെടുത്തു. 2016 ൽ രാജ്യം അയാളെ പത്മശ്രീ നൽകി ആദരിച്ചു. 2018 ൽ അയാളുടെ ജീവിതകഥ ബോളിവുഡിന്റെ വെള്ളിത്തിരയിലുമെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം 'പാഡ്‌മാൻ' അരുണാചലം മുരുകാനന്ദം
  
കീറത്തുണിയെന്ന സാനിറ്ററി നാപ്കിൻ

അരുണാചലം മുരുകാനന്ദം എന്ന തമിഴ്‌നാട്ടുകാരൻ നിശ്ചയ ദാർഢ്യം കൊണ്ട് മാത്രം ജീവിതവിജയം നേടിയ ആളാണ്.  സാനിറ്ററി നാപ്കിനുകൾ വിദൂര സ്വപ്‌നം മാത്രമായിരുന്ന, ആർത്തവ സമയത്ത് കീറതുണികളും പഴയ പത്രങ്ങളും ഉപയോഗിച്ചിരുന്ന ഇന്ത്യൻ നാട്ടിൻപുറങ്ങളിലേക്കാണ് തുഛമായ വിലയ്ക്ക് സാനിറ്ററി നാപ്കിനുകൾ നിർമിക്കുന്ന മെഷീനുകൾ എത്തിച്ച് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അരുണാചലം മുരുകാനന്ദം വിപ്ലവം തീർത്തത്. ഇങ്ങനെ ഒരു പരിശ്രമത്തിന് ഇറങ്ങിത്തിരിക്കാനുള്ള കാരണം തന്റെ ഭാര്യ തന്നെയായിരുന്നെന്ന് അരുണാചലം പറയുന്നു.

1998ലാണ്, മുരുകാനന്ദത്തിന്റെ കല്ല്യാണം കഴിഞ്ഞത.് അക്കാലത്ത് ഭാര്യ ശാന്തി പഴന്തുണി ശേഖരിക്കുന്നതുകണ്ട് 'നിനക്ക് നാപ്കിന് വാങ്ങിക്കൂടേ' എന്ന് മുരുകാനന്ദം ചോദിച്ചതും 'നാപ്കിൻ വാങ്ങിയാൽപ്പിന്നെ കുട്ടികൾക്ക് പാലുവാങ്ങാൻ കാശുണ്ടാവില്ല' എന്നായിരുന്നു മറുപടി. ഭാര്യയെ സന്തോഷിപ്പിക്കാൻ കടയിലെത്തി സാനിറ്ററി നാപ്കിൻ വാങ്ങിയപ്പോഴാണ് മുരുകാനന്ദത്തിന് കൊള്ള മനസിലായത്. 10 പൈസ വിലയുള്ള 10 ഗ്രാം പഞ്ഞികൊണ്ടുണ്ടാക്കിയ ഒരു സാനിറ്ററി പാഡ് നാലുരൂപയ്ക്കാണ് കമ്പനികൾ വിൽക്കുന്നത്.  ആ നിലയ്ക്ക് നോക്കിയാൽ തന്റെ ഭാര്യയെപ്പോലുള്ള ഭൂരിപക്ഷം സ്ത്രീകൾക്കും ഒരുകാലത്തും പഴന്തുണിയിൽനിന്ന് മോചനമുണ്ടാവില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. വിലകുറഞ്ഞ നാപ്കിൻ ഉണ്ടാക്കാനുള്ള മുരുകാനന്ദത്തിന്റെ ശ്രമം അവിടെയാണ് തുടങ്ങുന്നത്.

ആദ്യം ഉണ്ടാക്കിയ നാപ്കിൻ ഭാര്യയോട് ഉപയോഗിച്ച് നോക്കാൻ പറഞ്ഞു. എന്നാൽ ആർത്തവ സമയം വരെ കാത്തുനിൽക്കണമെന്ന ഭാര്യയുടെ മറുപടി കേട്ടപ്പോഴാണ് ആർത്തവം കൃത്യമായ ഇടവേളകളിൽ ഉണ്ടാകുന്നതാണെന്ന് മുരുകാനന്ദത്തിന് മനസിലായത്. എന്നാൽ മുരുകാനന്ദത്തിന് കാത്തിരിക്കാൻ കഴിയില്ലായിരുന്നു. അദ്ദേഹം സന്നദ്ധരായ സ്ത്രീകളെ അന്വേഷിച്ചു. എന്നാൽ തന്റെ ഗ്രാമത്തിലെ ഭൂരിഭാഗം സ്ത്രീകളും പഴന്തുണിയാണ് ഉപയോഗിക്കുന്നതെന്ന സത്യം മനസിലാക്കിയ മുരുകാനന്ദം തൊട്ടടുത്ത മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ സഹായം തേടി.  തുടർന്ന് 20 പെൺകുട്ടികൾ സഹകരിക്കാൻ സമ്മതിച്ചു. പക്ഷേ, പാഡ് ഉപയോഗിച്ചശേഷമുള്ള അഭിപ്രായം അറിയാൻ ചെന്നപ്പോഴാണ് മൂന്ന് പെൺകുട്ടികൾ മറ്റുള്ളവരുടേയും അഭിപ്രായങ്ങൾ എഴുതി നിറയ്ക്കുന്നത് അദ്ദേഹം കണ്ടത്.

സമൂഹം കോമാളിയാക്കിയ നാളുകൾ

ഇതോടെ സാനിറ്ററി പാഡ്  സ്വയം ഉപയോഗിച്ചു നോക്കാൻ തീരുമാനിച്ചു. ഫുട്‌ബോൾ ബ്ലാഡർകൊണ്ട്  കൃത്രിമഗർഭപാത്രം ഉണ്ടാക്കി, അതിൽ ആടിന്റെ ചോര നിറച്ച് അരയിൽ കെട്ടിയായിരുന്നു പരീക്ഷണം. നാട്ടുകാർ മുരുകാനന്ദത്തിനെ ഭ്രാന്തൻ എന്നും ലൈംഗീക രോഗിയെന്നും ആക്ഷേപിച്ചു. മുരുകാനന്ദത്തിന്റെ പ്രവൃത്തികളിൽ മനംമടുത്ത് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. മുറിയിൽ നിറയെ സാനിറ്ററി നാപ്കിനുമായി പരീക്ഷണം നടത്തുന്നത് കണ്ടതോടെ അമ്മയും വീട്ടിൽ നിന്നു പോയി. ദുർമന്ത്രവാദി എന്നാരോപിച്ച് നാട്ടിൽനിന്നു പറഞ്ഞുവിട്ടു.

വിജയത്തെ മടയിൽ ചെന്നു പിടിച്ചു

കുറെ മാസങ്ങളിലെ പരീക്ഷണത്തിന് ശേഷം സാനിറ്ററി നാപ്കിൻ നിർമിക്കാൻ വലിയ കമ്പനികൾ ഉപയോഗിക്കുന്ന വസ്തു ഏതാണെന്ന് കണ്ടെത്തി. പിന്നെ വെല്ലുവിളി അതിനായുള്ള മെഷീൻ നിർമിക്കുക എന്നതായിരുന്നു. എന്നാൽ തോറ്റു പിൻമാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല.  തന്റെ പരീക്ഷണങ്ങളും പഠനങ്ങളും അന്വേഷണങ്ങളും തുടർന്ന് കൊണ്ടേയിരുന്നു അവസാനം മുരുകാനന്ദം വിജയിക്കുക തന്നെ ചെയ്തു. അങ്ങനെ കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിനുണ്ടാക്കുന്ന മെഷീന്റെ പേറ്റന്റ് നേടുന്ന ആദ്യ വ്യക്തിയായി മുരുകാനന്ദം മാറി. 18 മാസം കൊണ്ട് 250 മെഷീനുകൾ നിർമിച്ചു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റുകൾ ആരംഭിച്ചു. വൈകാതെ 23 സംസ്ഥാനങ്ങളിലെ 1300 ലധികം ഗ്രാമങ്ങളിലേക്ക്.  ഒരുദിവസം  ഒരു ഫോൺവിളി മുരുകാനന്ദത്തിനെ തേടിയെത്തി. മറുപുറത്ത് ഭാര്യ ശാന്തിയായിരുന്നു. പിന്നെ നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം മുരുകനാന്ദന് തിരിച്ചുകിട്ടി.

സാനിറ്ററി നാപ്കിൻ ചെലവുകുറഞ്ഞ രീതിയിൽ നിർമിക്കുക എന്നത് മാത്രമായിരുന്നില്ല മുരുകാനന്ദന്റെ ലക്ഷ്യം. തന്റെ കണ്ടുപിടിത്തത്തിന്റെ സഹായത്തോടെ ഗ്രാമീണ മേഖലയിൽ സ്ത്രീകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുക എന്നത് കൂടിയായിരുന്നു. അതത് സംരംഭങ്ങളുടെ സാനിറ്ററി നാപ്കിനുകൾക്ക് അവർക്ക് ഇഷ്ടപ്പെട്ട പേരുകൾ.

സമ്പാദ്യം സന്തോഷം

കുത്തക സാനിറ്ററി നാപ്കിൻ കമ്പനികളെ മറികടന്ന് എങ്ങനെ വിപണിയിൽ വിജയിച്ചു എന്ന ചോദ്യത്തിന് മുരുകാനന്ദം നൽകിയ ഉത്തരം 'അവർ കൊതുകുകളെ പോലെ ചോര ഊറ്റിയപ്പോൾ ഞങ്ങൾ ചിത്രശലഭങ്ങളെപ്പോലെ തേൻ നുകർന്നു, ഞാൻ കുറെയേറെ പണം സമ്പാദിച്ചിട്ടില്ല എന്നാൽ കുറെ സന്തോഷം സമ്പാദിച്ചിട്ടുണ്ട്'.

പ്രധാന വാർത്തകൾ
Top