Top
17
Sunday, December 2017
About UsE-Paper

പൊതുഇടത്തില്‍ തന്റേതായ ഇടം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഓരോ സ്ത്രീക്കും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജീവിതം സമരമാണ്, കലഹമാണ്- അര്‍ച്ചന പത്മിനി സംസാരിക്കുന്നു

Thursday Nov 23, 2017
അര്‍ച്ചന പത്മിനി

ആത്മധൈര്യത്തിലേക്കുള്ള തുറക്കലുകള്‍; പറച്ചിലുകള്‍


കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍, അത്രയൊന്നും പ്രത്യക്ഷമാകാതെ പോകുന്ന ഇന്നാട്ടിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങളോട് നിരന്തരം കലഹിക്കേണ്ടിയും പ്രതികരിക്കേണ്ടിയും വന്നിട്ടുണ്ട്.   ചിലപ്പോഴൊക്കെ ഒരെത്തും പിടിയും കിട്ടാതെ നിന്നിട്ടുമുണ്ട്.
ഇത് പറയുന്നതിനുദ്ദേശ്യം കേരളത്തെക്കുറിച്ച് നിര്‍മിച്ചെടുത്തിട്ടുള്ള പുരോഗമന വിശുദ്ധമുഖത്തോടുള്ള എതിര്‍പ്പ് രേഖപ്പെടുത്താനാണ്. എല്ലാ 'തുറന്നു പറച്ചിലു'കളും സാധ്യമായ ഇടമല്ല ഇവിടം എന്ന് സൂചിപ്പിക്കാനാണ്.  ‘#me too’ പോലൊരു ഹാഷ് ടാഗ് ഇവിടെയെത്രത്തോളം പ്രസക്തമാണ് എന്ന് ആരായുവാനാണ്.


കേരളത്തെപ്പോലൊരിടത്ത്, ലിംഗപരമായും അല്ലാതെയും ജനാധിപത്യപരമായ സ്ഥലമെന്ന്  ഘോഷിക്കപ്പെടുന്ന ഒരിടത്ത്, എത്രമാത്രം അരക്ഷിതാവസ്ഥയിലാണ് സ്ത്രീകള്‍ ജീവിച്ചുപോകുന്നതെന്ന് മനസ്സിലാക്കാന്‍, ഇവിടത്തെ ഓരോ സ്ത്രീയും വളര്‍ച്ചയുടെ ഘട്ടത്തിലൊരിക്കലെങ്കിലും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന്, അതിന്റെയളവ് ഭീതിദമാംവണ്ണം പെരുകുന്നുണ്ടെന്ന്, ഒക്കെ തിരിച്ചറിവുണ്ടാക്കാന്‍ ഈ ദിവസങ്ങളില്‍ പ്രചരിച്ചുകണ്ട ഹാഷ് ടാഗ് ഉപകരിക്കും എന്ന് തോന്നുന്നു.


പലപ്പോഴും 'കുടുംബം' എന്ന സംവിധാനത്തിനകത്തു നടക്കുന്ന അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരിക അത്ര എളുപ്പമല്ല. ചില മോട്ടിവേഷന്‍ ക്ളാസുകളിലേതുപോലെ 'തുറന്നു പറയൂ...' എന്ന് വിളിച്ചു കൂവിയാല്‍ പറയത്തക്കതാവണമെന്നില്ല ഓരോ സ്ത്രീയും പെട്ടിരിക്കുന്ന സാഹചര്യങ്ങള്‍.
ഇങ്ങനെയൊരു ഹാഷ് ടാഗ് ഇടുകപോലും സാധ്യമല്ലാതിരിക്കുന്ന ഒരു കൂട്ടം പെണ്ണുങ്ങളുമുണ്ടല്ലോ. അതിനെ പക്ഷേ, ഭീരുത്വം എന്ന് വിളിച്ചുകൂടാ, ഇവയിലൂടെയൊക്കെ കടന്നും അവര്‍ ജീവിക്കുകയും നിലനില്‍ക്കുകയും  ചെയ്യുന്നു എന്നതുതന്നെ ഒരു സമരമാണ്. അത്തരത്തില്‍ അനവധിയായ കടന്നുകയറ്റങ്ങള്‍ക്കപ്പുറവുമുള്ള ഈ സ്ത്രീകളുടെ നിലനില്‍പ്പുതന്നെയും സമരമെന്ന് പറയാതെ വയ്യ.

 പൊതുബോധത്തെ പുനര്‍നിര്‍മിക്കുവാനുള്ള നിരവധി ശ്രമങ്ങളില്‍ ഒന്നായി വേണം ഈയൊരു മുന്നേറ്റത്തെ കണക്കിലെടുക്കാന്‍.
കൃത്യമായി ആളെ ചൂണ്ടിക്കാണിച്ചാലും ഇല്ലെങ്കിലും, പരാതി നല്‍കി നിയമസംവിധാനങ്ങളിലൂടെ കടന്നുപോകാന്‍ തയ്യാറായാലും ഇല്ലെങ്കിലും (അത് വീണ്ടുമൊരു കടന്നുകയറ്റമാകാറുണ്ട് മിക്കപ്പോഴും), മീ ടൂ ഹാഷ് ടാഗുകള്‍ ഉണ്ടാക്കിയെടുക്കുന്ന ഓളങ്ങള്‍ പ്രധാനപ്പെട്ടതാണ്.
ചൂഷണത്തിനിരയായ സ്ത്രീക്ക് ഉണ്ടാകേണ്ടുന്നതെന്ന് വിശ്വസിക്കപ്പെടുന്ന 'അപമാനഭാര'(!?)ത്തെ പൊളിക്കാന്‍ ഉതകുന്നതാണ് ഇത് എന്നതുതന്നെയാണ് അതിനുള്ള മുഖ്യകാരണം.

 പ്രസ്തുത അപമാനബോധത്തെ നിര്‍മിച്ചുകൊണ്ടും തുറന്ന ഇടപെടലുകള്‍ക്ക് സാധ്യതയില്ലാത്ത, ശ്വാസം മുട്ടിക്കുന്നതരം സാമൂഹികാന്തരീക്ഷം ഉണ്ടാക്കിയെടുത്തുകൊണ്ടും തന്നെയാണ് വ്യവസ്ഥിതി സ്ത്രീയെ നിരന്തരം ഉപദ്രവിച്ചുകൊണ്ടേയിരിക്കുന്നത്. അതിന്റെ മാര്‍ഗങ്ങള്‍, രീതികള്‍ കാഴ്ചയില്‍ വ്യത്യസ്തങ്ങളായിരിക്കാം. പക്ഷേ, ഫലത്തില്‍, അതങ്ങനെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

'മീ റ്റൂ' മൂവ്മെന്റിന് സാമൂഹ്യമാധ്യമങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ രസകരമായ ചില നിരീക്ഷണങ്ങളിലാണ് എത്തിച്ചത്. ഇത്തരം തുറന്നുപറച്ചിലുകളെത്തന്നെയും ഭയക്കുന്ന, അതില്‍ അസ്വസ്ഥരാവുന്ന ചില സൈദ്ധാന്തിക ജല്‍പ്പനങ്ങള്‍ കാണാനിടയായി. അതിനിടയില്‍ പക്ഷേ, ക്രിയാത്മകമായ ചില വിമര്‍ശനങ്ങള്‍ പുതിയ വഴികള്‍ വെട്ടിത്തെളിക്കുന്നുണ്ട്. അത്തരം ചില വിമര്‍ശനങ്ങളില്‍ ഒന്ന് ചൂഷണം ചെയ്യപ്പെട്ടയാളാണ് ഇപ്പോഴും ഫോക്കസ് ചെയ്യപ്പെടുന്നത് എന്നതായിരുന്നു. മറിച്ച് ചൂഷകനെ ചൂണ്ടിക്കാണിക്കുന്നതിലേക്ക് വളരേണ്ടതുണ്ടെന്ന്. തീര്‍ച്ചയായും അത് വളര്‍ച്ച തന്നെയാണ്. അങ്ങനെയൊരു സാമൂഹികമാറ്റം സാധ്യമാക്കേണ്ടതുണ്ട്.

എന്നിരിക്കിലും, ഓരോ സ്ത്രീയുടെയും സംഘര്‍ഷങ്ങള്‍ വ്യത്യസ്തമാണ്. അത്തരത്തിലൊരു പരിമിതി, ഈ പ്രശ്നങ്ങളെ, സ്ത്രീയുടെ സാമൂഹിക സാഹചര്യങ്ങളെ, പലതായ പെണ്ണവസ്ഥകളെ, അഭിസംബോധന ചെയ്യുന്നതിലുണ്ട്. അങ്ങനെയുള്ളപ്പോഴാണ് റയ സര്‍ക്കാര്‍ എന്നൊരു സ്ത്രീ തുടങ്ങി വച്ച ഭവശാ ീീ' എന്ന ശ്രമം പ്രോത്സാഹനം അര്‍ഹിക്കുന്നതെന്ന് കരുതുന്നു. അവര്‍ ഗൂഗിളില്‍ ഉണ്ടാക്കിയ സ്പ്രെഡ്ഷീറ്റില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിപ്രഗത്ഭരായ അധ്യാപകരും സ്കോളേഴ്സും ചില സിനിമാസംവിധായകരും ചലച്ചിത്രോത്സവ സംഘാടകരും എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്നുണ്ട്.

അവരവരുടെ ഐഡന്റിറ്റി പുറത്തുവിടാതെ തങ്ങളെ ചൂഷണം ചെയ്തവന്റെ പേര് വെളിച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു ചാനല്‍ ആണ്. ഇതിന്റെ ആധികാരികത, 'വിശ്വസ്തത' എല്ലാം ചോദ്യം ചെയ്യപ്പെടും എന്നിരിക്കിലും, വലിയൊരു കൂട്ടം സ്ത്രീകള്‍ക്ക് -  വെളിച്ചപ്പെടാന്‍ മാത്രം 'പ്രിവിലേജ്' അനുഭവിക്കാത്തവരും എന്നാല്‍ ശാരീരികാതിക്രമങ്ങള്‍ക്കിരയായവരുമായവര്‍ക്ക് - ഇതൊരു സാധ്യതയാകുന്നു. മറിച്ച്   sdue proce നെക്കുറിച്ച് വാദിക്കുന്നവര്‍ നിലവിലെ സാമൂഹിക വ്യവസ്ഥിതിയില്‍ , സമ്പ്രദായങ്ങളില്‍ സ്ത്രീ കൂടിയുള്‍പ്പെട്ട ഇതര ലിംഗക്കാര്‍ ഭാഗമാവുന്നില്ലെന്നും, അവര്‍ അതില്‍ അസംതൃപ്തരാണെന്നും അതുമായി സമരസപ്പെടാത്ത സമരമാണ് അവരുടെ ഭലഃശലിെേരല' എന്നും മനസ്സിലാക്കുന്നുണ്ടോ? അറിയില്ല.

 ഓരോ സ്ത്രീയുടെയുടെയും പ്രതികരണങ്ങള്‍, പ്രതിഷേധങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. ചൂഷണം ചെയ്യപ്പെടുകയാണ് എന്ന തിരിച്ചറിവിലെത്താനുള്ള മാനസിക വളര്‍ച്ചയിലേക്ക് പെണ്‍കുട്ടിയെ നയിക്കുന്നുപോലുമില്ല നിലവിലുള്ള സാമൂഹിക ക്രമം. സ്വയം കണ്ടെത്തിയെടുക്കുന്ന തിരിച്ചറിവും ധാരണകളുമാകുന്നു പലപ്പോഴും അവളുടേത്. ചുറ്റുപാടുകള്‍ നമ്മിലുണ്ടാക്കുന്ന അനുരണനങ്ങള്‍ നിരന്തരം ശിളലൃശീൃ ആകാന്‍ പ്രേരിപ്പിക്കുന്നതാണ്. ആത്മബലം ഉള്ള വ്യക്തിയായി സ്ത്രീയെ പരുവപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമങ്ങള്‍ കുടുംബത്തിനകത്തും സമൂഹത്തിലും നിലവിലുള്ള മറ്റെല്ലാ സ്ഥാപനങ്ങളിലും നടക്കുന്നുണ്ട്. എല്ലാംകൂടി ചേര്‍ന്ന് അതിക്രമങ്ങള്‍ക്കനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു.
ഇവിടെ സ്ത്രീകളുടെ വല്ലാത്തൊരു ഐക്യപ്പെടലാകുന്നുണ്ട്, 'മീ റ്റൂ'. ഈ പെണ്‍പറച്ചിലുകള്‍, തുറക്കലുകള്‍, സ്ത്രീസമൂഹത്തിനകത്ത് വലിയ ആത്മവിശ്വാസം രൂപപ്പെടുത്താനുതകും.

 സിനിമക്കകത്തെ ലൈംഗികചൂഷണങ്ങളും ലിംഗാധിഷ്ഠിത തൊഴില്‍ ചൂഷണങ്ങളും ചര്‍ച്ചയാകുന്ന പ്രത്യേക സാഹചര്യത്തില്‍ ഇത് കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. സാമാന്യവല്‍ക്കരിക്കുന്നില്ല, പക്ഷേ, സിനിമ ഒരു തൊഴിലിടമാണെന്നും അഭിനയിക്കുന്നവര്‍, സിനിമാപ്രവര്‍ത്തകര്‍, എല്ലാം തൊഴിലാളികളാണെന്നും അവര്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്നും ഒരു ധാരണ നിലവില്‍ ഉണ്ടായിവന്നിട്ടില്ല. ഉറച്ച നിലപാടുകളുള്ള എണ്ണപ്പെട്ട സ്ത്രീകള്‍ ഉണ്ടെങ്കിലും, വിമന്‍ ഇന്‍ സിനിമാ കലക്ടീവ് പോലൊരു സംഘടനയെക്കുറിച്ച് ചിന്തിക്കാന്‍ സാധിച്ചു എന്നുള്ളതൊക്കെ വലിയ പ്രതീക്ഷകള്‍ തരുമ്പോഴും, കാലങ്ങളായി അളിഞ്ഞുകിടക്കുന്ന  ഒരു സിനിമാസംസ്കാരം ഇവിടെയുണ്ട്.

വ്യക്തിപരമായി, എന്റെ നിലനില്‍പ്പ് ഏറെയും മലയാളത്തിലെ സമാന്തര സിനിമകളെ ആശ്രയിച്ചാണ്. എങ്കിലും തൊഴില്‍ സംബന്ധിയായ ചില ചര്‍ച്ചകള്‍പോലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.

 സിനിമാപ്രവര്‍ത്തകയാകാന്‍ തീരുമാനിച്ചിറങ്ങിയ സമയത്ത് ഒരു യുവസംവിധായകന്‍ തന്റെ തിരക്കഥ പരിഭാഷപ്പെടുത്താനെന്ന് പറഞ്ഞു സമീപിച്ചിരുന്നു. ഒരാഴ്ച മാത്രം എന്നെ പരിചയമുള്ള അദ്ദേഹം വലിയ അവസരം മുന്നോട്ടുവയ്ക്കുകയും അപമര്യാദയായി പെരുമാറാന്‍ മുതിരുകയും ചെയ്തു. കഷ്ടിച്ചാണ് അന്ന് രക്ഷപെട്ടത്. അതുണ്ടാക്കിയ ഞെട്ടല്‍    മാറാന്‍ സമയമേറെയെടുത്തു. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കേണ്ടി വന്നു അന്ന്. അയാള്‍ക്കെതിരെ ഒന്നും ചെയ്യാനായിട്ടില്ല ഇപ്പോഴും. എന്നെ രക്ഷപ്പെടുത്തുന്നതിന്റെ തിരക്കിലായിരുന്നു ഞാന്‍. ഇതെഴുതുമ്പോള്‍ ഇടയ്ക്കൊന്നു പോയി അഭിനയിച്ച (നിര്‍ത്തി പോരേണ്ടി വന്നു) ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ക്ക് ആറുമാസത്തെ ഫെഫ്കയുടെ സസ്പെന്‍ഷന്‍ വാങ്ങിക്കൊടുക്കേണ്ടിവന്നിട്ടുണ്ട്. ടൈറ്റിലില്‍ പോലും ആ മഹാന്റെ പേര് വരരുതെന്ന് ഉറപ്പുവരുത്താന്‍ കലഹിക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊരിക്കല്‍ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പന്നമായ, ബുദ്ധിജീവി ചമഞ്ഞ സംവിധായകന്‍ കൃത്യമായി പറഞ്ഞുറപ്പിക്കാത്ത ദൃശ്യങ്ങള്‍ (ലിപ്ലോക്ക്, ന്യൂഡിറ്റി മുതലായവ) തന്ത്രത്തില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമം നടത്തി. ഒടുക്കം ഷൂട്ട് പകുതിക്കുവച്ച് അവസാനിപ്പിച്ചുപോരേണ്ടി വന്നു. അതിനുശേഷമുള്ള ഭീഷണികള്‍ വേറെ.

തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യത്തെ അനുഭവത്തിലെ പ്രതികരണമല്ല ഒടുവിലത്തേതിന്. കൃത്യമായി പ്രതികരിക്കാനും നിലപാടെടുക്കാനും പരാതിപ്പെടാനുമൊക്കെ ശീലിച്ചിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ പേരുകള്‍ വിളിച്ചുപറയുന്നില്ല! ഒന്ന് ഈ ലേഖനം അതിനൊരു വേദിയല്ല എന്ന തോന്നല്‍. രണ്ട്, ഏറ്റവും പ്രധാനപ്പെട്ടത്, ഈ തുറന്നുപറച്ചിലുകള്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ നേരിടാന്‍ താരതമ്യേന സ്വതന്ത്രയായി, സ്വയം അധ്വാനിച്ചു ജീവിക്കുകയും പൊതുഇടത്തില്‍ ഇടപെടുകയും ചെയ്യുന്ന ഒരാളായിട്ടുപോലും, അങ്ങനൊരു ആത്മധൈര്യത്തിലേക്ക് ഇനിയും എത്തിയിട്ടില്ല എന്നതുതന്നെ. എന്നിലെ 'സ്ത്രീയും' ആ ആത്മധൈര്യത്തിലേക്കുള്ള വഴിയിലെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.
 അതെ, പൊതുഇടത്തില്‍ തന്റേതായ ഇടം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഓരോ സ്ത്രീക്കും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജീവിതം സമരമാണ്, കലഹമാണ്. ഐക്യപ്പെടുന്നു... മീ റ്റൂ...

Related News

കൂടുതൽ വാർത്തകൾ »