Top
18
Monday, December 2017
About UsE-Paper

വസന്തകാലത്തിന്റെ ഫ്‌ളാഷ്ബാക്കില്‍ തൊടുപുഴ വാസന്തി

Tuesday Nov 21, 2017
കെ എസ് ഷൈജു

മരുന്നുകളുടെ മണമുള്ള വീട്ടുമുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ തീയേറ്റർ സ്‌ക്രീനിൽ കണ്ട മുഖമേയല്ല. നന്നേ മാറിയിരിക്കുന്നു.  രോഗങ്ങൾ അടിച്ചേൽപ്പിച്ച അവശതകൾ ചില്ലറയല്ലെന്ന് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം. ചെറുപ്പം മുതലേ ചിലങ്കയണിഞ്ഞ കാലുകളിലൊന്ന് മുറിച്ചു മാറ്റിയതിന്റെ നീറ്റൽ ഉള്ളിലൊതുക്കി പുഞ്ചിരിക്കാനുള്ള ശ്രമം. ഭക്ഷണം ദ്രവരൂപത്തിൽ കൊടുക്കാനുള്ള റെയ്ൽ ട്യൂബ് മൂക്കിനോട് ചേർന്നു കിടക്കുന്നു. നാനൂറ്റമ്പതോളം സിനിമകളിൽ വേഷമിട്ട തൊടുപുഴ വാസന്തി ഇന്ന് ജീവിതത്തോട് പടവെട്ടുകയാണ്. പ്രായാധിക്യത്തോടൊപ്പം ക്യാൻസർ രോഗവും അവരെ തളർത്തി. ഉണ്ടായിരുന്ന സമ്പാദ്യമടക്കം ചികിത്സയ്ക്ക് ചെലവഴിച്ചു. സിനിമാമേഖലയിലെ ചുരുക്കം ചിലരും ചില സംഘടനകളും നൽകിയ സഹായം ഇവർക്ക് അൽപം ആശ്വാസം പകരുന്നുണ്ടെങ്കിലും തുടർചികിത്സയ്ക്ക് ഇനിയും പണം കണ്ടെത്തേണ്ട അവസ്ഥ... മുന്നോട്ടു കണ്ണുപായിക്കുമ്പോൾ പി വസന്തകുമാരിയെന്ന തൊടുപുഴ വാസന്തിക്ക് കൂട്ടിനുള്ളത് ജീവിതദുരിതം മാത്രം.

പ്രമേഹം മൂർച്ഛിച്ച് പഴുപ്പ് കയറിയതിനെ തുടർന്ന് മൂന്നുമാസം മുൻപാണ് വാസന്തിയുടെ വലതുകാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയ്ക്ക് നാലുലക്ഷത്തോളം രൂപ ചെലവായി. തൊണ്ടയിലെ കാൻസറിനുള്ള ചികിത്സ വേറെ. നിരവധിതവണ റേഡിയേഷന് വിധേയയാക്കി. കീമോതെറാപ്പി ചെയ്യണമെന്ന് പറഞ്ഞിരുന്നെങ്കിലും സാഹചര്യം ഒരുങ്ങിയിട്ടില്ല. വൃക്കകളിലൊന്നും തകരാറിലാണ്. കേൾവിക്കുറവും ബാധിച്ചിട്ടുണ്ട്. ഈ ചികിത്സകൾക്കെല്ലാം ലക്ഷങ്ങൾ വേണം. സിനിമയിൽ നിന്നുള്ള അവശേഷിക്കുന്ന ഏകസമ്പാദ്യമെന്നു പറയാവുന്നത്  താമസിക്കുന്ന കൊച്ചുവീടു മാത്രം. നാൽപതുവർഷം മുൻപ് പണിത കോൺക്രീറ്റ് വീട് ചോർന്നൊലിക്കുന്ന നിലയിലും.

നൃത്തത്തിലൂടെ സിനിമയിലേക്ക്

ദുരിതങ്ങളുടെ കെട്ടുകൾ അഴിക്കുന്നതിനിടെ പോയകാലത്തെക്കുറിച്ചും അവർ വാചാലയായി... ''ഈ ഗ്രാമത്തിൽ തന്നെയാണ് എന്റെ ജനനം. ഞങ്ങൾ ഒമ്പത് മക്കളാണ്. ആറ് പെണ്ണും മൂന്ന് ആണും. അച്ഛൻ കെ ആർ രാമകൃഷ്ണൻ നായർ നാടകനടനായിരുന്നു. ജയ്ഭാരത് എന്ന പേരിൽ ബാലെ ട്രൂപ്പും ഉണ്ടായിരുന്നു. അമ്മ പങ്കജാക്ഷിയമ്മ തിരുവാതിരകളി ആശാട്ടിയും. മക്കളെയെല്ലാവരെയും കലാകാരന്മാരാക്കണം... അതായിരുന്നു അച്ഛന്റെ ആഗ്രഹം. തിരുവാതിരയും നൃത്തവും പഠിപ്പിച്ചത് അമ്മ പി പങ്കജാക്ഷിയമ്മയാണ്. അച്ഛന്റെ വഴിയേ അഭിനയവും വഴങ്ങി. ഒമ്പതാം വയസിൽ എസ് പി പിള്ളയ്‌ക്കൊപ്പം 'ത്യാഗഭൂമി' എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് എന്റെ കലാജീവിതം ആരംഭിച്ചത്. നൃത്താഭിരുചി മുന്നിലേയ്ക്കുള്ള പടവുകൾ സുഗമമാക്കി. ശാരംഗപാണിയുടെ ട്രൂപ്പിൽ ചേർന്നതോടെ സിനിമയിലേക്കുള്ള വാതിൽ തുറന്നു. അവിടെനിന്ന് ഉദയാ ചിത്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമായി. 1975ലാണ് ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. ഐ വി ശശി സംവിധാനം ചെയ്ത 'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ''യിലൂടെ. അതിൽ, കൂട വേണോ കൂട.. എന്ന ഒരു നൃത്തഗാന രംഗത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയ്ക്ക് നൂറു രൂപയായിരുന്നു പ്രതിഫലം.'' വാസന്തിയുടെ ഓർമ്മകൾ പിന്നോട്ട് പാഞ്ഞു. 'ചെന്നായ് വളർത്തിയ കുട്ടി' എന്ന സിനിമയിലാണ് ആദ്യമായി ഞാൻ ഡയലോഗ് പറഞ്ഞത്. നൃത്തം അഭ്യസിച്ചിരുന്നതിനാൽ ഉദയാചിത്രങ്ങളിലെ നൃത്തരംഗങ്ങളിൽ ഏറെ അവസരങ്ങളും ലഭിച്ചു.

പേരിട്ടത് അടൂർ ഭവാനി

അഭിനയസാധ്യതയുള്ള സിനിമകളിലേയ്ക്കുള്ള കടന്നുവരവ് പിന്നീടാണ്. 'സ്ത്രീ ഒരു ദുഃഖം', അവളുടെ പ്രതികാരം, മോചനം എന്നീ സിനിമകളാണ് അതിനുള്ള സാധ്യത തുറന്നത്. ആദ്യത്തെ പ്രധാന ബ്രേക്ക് ഐ വി ശശിയുടെ 'അഭിനിവേശം' ആയിരുന്നു. പിന്നീട് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. അതോടെ അടൂർ ഭവാനിക്കൊപ്പം നാടക ട്രൂപ്പിൽ സജീവമായി. അടൂർ ഭവാനിയാണ് എന്റെ പേരിനൊപ്പം തൊടുപുഴ എന്ന സ്ഥലപ്പേര് കൂട്ടിച്ചേർത്തത്. 'പീനൽകോഡ്' എന്ന നാടകത്തിൽ അഭിനയിക്കുമ്പോഴായിരുന്നു അത്. കുറേ കാലം കൂടി നാടകത്തിൽ നിലയുറപ്പിച്ച ശേഷം തോപ്പിൽ ഭാസിയുടെ 'എന്റെ നീലാകാശം' എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. സൗന്ദര്യവും നൃത്തവും കൂട്ടിനുണ്ടായിരുന്നെങ്കിലും നായികാപ്രാധാന്യമുള്ള വേഷങ്ങൾ പിന്നീട് ലഭിച്ചില്ല. നായികാദാരിദ്ര്യം ഒട്ടുമില്ലാത്ത കാലം. ഷീലയും ജയഭാരതിയും ശാരദയുമെല്ലാം അക്കാലത്ത് തിളങ്ങിനിൽക്കുകയായിരുന്നല്ലോ. സ്വഭാവനടിയാവുക എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം. എന്നാൽ കാത്തിരിക്കേണ്ട അവസ്ഥ. വീണ്ടും നാടകലോകത്തേക്ക് മടങ്ങി. റേഡിയോ നാടക രംഗത്തും സജീവമായി.

ബ്രേക്കായത് യവനിക

കെ ജി ജോർജിന്റെ 'യവനിക'യാണ് രണ്ടാം വരവിലെ ബ്രേക്ക് ആയത്. അതിലെ രാജമ്മ എന്ന കഥാപാത്രത്തിനു ശേഷം കൈനിറയെ പടങ്ങൾ കിട്ടി. സിനിമയിലെ 'തിരക്ക്' അനുഭവിച്ച കാലം. 1982ൽ പുറത്തിറങ്ങിയ 'ആലോലം' എന്ന സിനിമയിലെ 'ജാനകി' എന്ന കഥാപാത്രം മറക്കാനാകില്ല. കെ ആർ വിജയയും ഞാനുമായിരുന്നു അതിലെ നായികമാർ. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തത്തുല്യ വേഷങ്ങൾ വേറെ തേടിയെത്തിയില്ല.

അച്ഛൻ ക്യാൻസർ ബാധിച്ച് മരിച്ചതോടെ 2007 നു ശേഷം തൊടുപുഴ വാസന്തി സിനിമയിൽനിന്നു കുറച്ചു കാലം അകന്നു നിന്നു. സിനിമാനിർമാതാവായ രജീന്ദ്രനെയാണ് വാസന്തി വിവാഹം ചെയ്തത്. വൈകിയുള്ള വിവാഹമായിരുന്നു. ഇവർക്ക് കുട്ടികളില്ല. ക്യാൻസർ ബാധിച്ചാണ് രജീന്ദ്രനും മരിച്ചത്. 'ഈ തണുത്ത വെളുപ്പാൻ കാലത്ത്' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ വാഹനാപകടത്തിൽ വലതുകൈ രണ്ടായി ഒടിഞ്ഞു. നീണ്ട ചികിത്സ വേണ്ടിവന്നു. അതിനിടെ ഹൃദയത്തിനും കണ്ണിനും ചികിത്സ വേണ്ടിവന്നതും സാമ്പത്തിക പരാധീനത വർധിപ്പിച്ചു.

സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വീടിനോട് ചേർന്ന് വരമണി നാട്യാലയം എന്ന പേരിൽ നൃത്തവിദ്യാലയം തുടങ്ങിയിരുന്നു. ഏറെ കുട്ടികളും എത്തിയിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന തുഛവരുമാനം ആശ്വാസമായിരുന്നു. എന്നാൽ, രോഗം കലശലായതോടെ ആ മാർഗവും നിലച്ചു. സഹോദരൻ സുരേഷ്‌കുമാർ വീടിനോട് ചേർന്ന് ഇപ്പോൾ ഒരു കറിപൗഡർ നിർമാണ യൂണിറ്റ് നടത്തുന്നുണ്ട്. ചെറിയ തോതിലുള്ളതാണ്. താരസംഘടനയായ അമ്മയിൽ നിന്നും അയ്യായിരം രൂപ പ്രതിമാസ കൈനീട്ടമുണ്ട്. അമ്മയുടെ കലാകാരൻമാർക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി പ്രകാരം 70,000 രൂപ കാൽ മുറിച്ചു മാറ്റിയ സമയത്ത് ലഭിച്ചു. നാടക രംഗത്തെ സംഭാവനകൾക്ക് തൊടുപുഴ വാസന്തിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തൊടുപുഴയിൽ ഇപ്പോൾ നിരവധി സിനിമകളുടെ ഷൂട്ടിങ് നടക്കുന്നുണ്ടെങ്കിലും മുൻനിരയിലെ നടന്മാർ ഇതുവരെ ഇവരെ കാണാനെത്തിയിട്ടില്ല. സുരേഷ് ഗോപി മുൻപ് ഇതുവഴി വരുമ്പോൾ കയറുമായിരുന്നു. ഇപ്പോൾ ഇടയ്ക്ക് വിളിച്ച് വിശേഷം തിരക്കാറുണ്ട്. രണ്ടാഴ്ച മുൻപ് ബാലചന്ദ്രമേനോൻ തൊടുപുഴയിൽ വന്നപ്പോൾ വീട് തേടിപ്പിടിച്ചെത്തി. ഇടവേള ബാബു, നിർമാതാവ് സുരേഷ്‌കുമാർ, സജിത മഠത്തിൽ എന്നിങ്ങനെ ചുരുക്കം ചിലരൊക്കെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. മറ്റുള്ളവർ വരാത്തത് മനഃപൂർവമാകില്ല... തിരക്കായിരിക്കും. ആരോടും പരിഭവമില്ല. സിനിമാക്കാരുടെ തിരക്ക് എനിക്കറിയാം. ഇനിയും അഭിനയിക്കണമെന്ന് എനിക്ക് മോഹമുണ്ട്. പക്ഷെ...