Top
19
Monday, February 2018
About UsE-Paper

സ്വാന്തന സ്പര്‍ശമായ് ഡോ. ലളിത

Wednesday Jul 12, 2017
വന്ദനകൃഷ്ണ
ഡോ. പി എ ലളിത . ഫോട്ടോ : ജഗത് ലാല്‍

എന്നും പോരാട്ടങ്ങളുടേതായിരുന്നു ഡോക്ടറുടെ ജീവിതം. ഒരു സാധാരണ തമിഴ് കുടുംബത്തില്‍ നിന്ന് മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ന്യൂറോളജി
സെന്ററിന്റെ എംഡിയായി ഡോ. പി എ ലളിത ഉയരുന്നതിന് പിന്നില്‍ കരുത്തുള്ള ചുവടുവെപ്പുകള്‍ തന്നെയുണ്ടായിരുന്നു. സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രവര്‍ത്തനങ്ങളും ഇവരെ വേറിട്ടതാക്കുന്നു.

തെല്ലൊരു സങ്കടത്തോടെയാണ് എരഞ്ഞിപ്പാലത്തെ മലബാര്‍ ഹോസ്പിറ്റലിലെ അര്‍ബുദ രോഗികള്‍ക്കുള്ള ഐസിയുവിലേയ്ക്ക് കയറിച്ചെല്ലുന്നത്. പല മുഖങ്ങളിലും കണ്ണുടക്കി. പലരും വേദനകൊണ്ടും മനഃപ്രയാസംകൊണ്ടും തലതാഴ്ത്തിയിരിക്കുന്നു. ഇവര്‍ക്കിടയില്‍ കരഞ്ഞുകലങ്ങിയ മുഖത്തെ അന്വേഷിച്ച് നടന്നു. പക്ഷേ നോട്ടം പതിഞ്ഞത് ചിരിച്ചുകൊണ്ട് എതിരേല്‍ക്കുന്ന ഒരു മുഖത്ത്. ഞാന്‍ അന്വേഷിച്ച് നടക്കുന്ന മുഖമിതാ കട്ടിലില്‍ ചാരിയിരുന്ന് പ്രസന്നഭാവത്തോടെ ചിരിക്കുന്നു. ഇത്തവണ സ്വകാര്യമേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരാമര്‍ശം സ്വന്തമാക്കിയ ഡോ. പി എ ലളിത അര്‍ബുദത്തെ പൊരുതി മുന്നേറുകയാണ്. ആതുര രംഗത്തും സാമൂഹ്യപ്രവര്‍ത്തനത്തിലും തന്റേതായ ഒരു ഇടം കണ്ടെത്തിയ അവര്‍ ക്യാന്‍സറിനെതിരെയുള്ള ബോധവല്‍ക്കരണത്തിലും സജീവ ഇടപെടല്‍ നടത്തുകയാണിപ്പോള്‍.

തുടക്കം ഇങ്ങനെ

കാലങ്ങള്‍ക്ക് മുന്നേ കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ആലപ്പുഴയിലെ തമിഴ് കുടുംബത്തിലാണ് ജനനം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എപ്പോഴും ഉരുവിട്ടുകൊണ്ടിരുന്ന അച്ഛന്‍ അയ്യാവു ആചാര്യ ടെലഫോണ്‍ ഇന്‍സ്പെക്ടറായിരുന്നു. ജോലിയും പലയിടത്ത്. അതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്യാഭ്യാസം. ചെറുപ്പത്തിലേ സാമൂഹ്യ സേവനം മനസ്സിലുണ്ടായിരുന്നു. ടീച്ചര്‍ അല്ലെങ്കില്‍ പത്രപ്രവര്‍ത്തകയാകണമെന്ന മോഹവുമായി നടന്നു. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കണം അതിനുള്ള ജോലി ചെയ്യണം അതുമാത്രമായിരുന്നു മനസില്‍. അച്ഛന്‍ വഴികാട്ടിയപ്പോള്‍ ആതുരസേവന രംഗത്തേയ്ക്ക് കാലെടുത്തുവെച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഡോ. മണിയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം കിട്ടിയതോടെ കോഴിക്കോട്ടേയ്ക്ക് ജീവിതം പറിച്ചുനട്ടു.

കോഴിക്കോടിന്റെ സ്നേഹം
തന്നെ ഇന്നുകാണുന്ന ഡോക്ടറാക്കി തീര്‍ത്തത് കോഴിക്കോട്ടെ സ്നേഹമാണെന്ന് ലളിതയ്ക്കുറപ്പുണ്ട്. നഗരത്തിലെ സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു തുടക്കം. പിന്നീട് നടക്കാവില്‍ 25 കട്ടിലുകളുള്ള ആശുപത്രി തുടങ്ങി. 1983ലായിരുന്നു അത്. പത്തുവര്‍ഷത്തിനുശേഷം എരഞ്ഞിപ്പാലത്തേയ്ക്ക് തട്ടകംമാറ്റി. പതിയെ പതിയെ ഇന്നുകാണുന്ന മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് ന്യൂറോളജി സെന്ററായി വളര്‍ന്നു.

വിളിക്കാതെ എത്തിയ രോഗം
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിത്താശയത്തില്‍ രൂപപ്പെട്ട കല്ല് ശസ്ത്രക്രിയയിലൂടെ മാറ്റുന്നതിനിടയിലാണ് അര്‍ബുദം തന്നെ കാര്‍ന്നു തിന്നുന്ന വിവരം ഡോ. ലളിത അറിഞ്ഞത്. അണ്ഡാശയത്തിലായിരുന്നു അര്‍ബുദം ബാധിച്ചത്. ധൈര്യത്തോടെ രോഗത്തെ നേരിട്ടു. ബോധവത്കരണങ്ങള്‍ നടന്നിട്ടും വിദ്യാഭ്യാസപരമായി മുന്നോട്ടുപോയിട്ടും കാന്‍സര്‍ ബാധിച്ച രോഗിയെ അനുതാപത്തോടെ വീക്ഷിക്കുന്ന പ്രവണത സമൂഹം ഉപേക്ഷിച്ചിട്ടില്ലെന്ന തിരിച്ചറിവില്‍ ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള ബോധവല്‍ക്കരണത്തിന് കൂടുതല്‍ സമയം മാറ്റിവെച്ച് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പുതിയ  മാനങ്ങള്‍ ചേര്‍ത്തു.ലക്ഷ്യം സാമൂഹ്യസേവനം

സാമൂഹ്യപ്രവര്‍ത്തകരില്‍ ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഡോ. പി എ ലളിത. ജീവിച്ചിരിക്കുന്നോളം കാലം മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണങ്ങള്‍ ചെയ്യുക. അല്ലാതെ ജീവിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്നാണ് ഡോക്ടറുടെ പക്ഷം. ആശുപത്രിയിലെത്തുന്ന നിരവധി പേര്‍ക്ക് താങ്ങും തണലുമാണിവര്‍.
അര്‍ബുദത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളാണ് ഡോ. ലളിതയെ വേറിട്ടു നിര്‍ത്തുന്നത്. സ്വന്തം ജീവിതത്തെ തുറന്നുകാട്ടിയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നത്. അര്‍ബുദത്തിനെതിരെ രണ്ട് വര്‍ഷം മുമ്പ് 'ക്യാന്‍സര്‍ ഫ്രീ കാലിക്കറ്റ്' എന്ന സംഘടന രൂപീകരിച്ചു. ഇതിലൂടെ പലയിടത്തായി ബോധവല്‍കരണ ക്ളാസും പ്രചോദന ക്ളാസുകളും എടുത്തു. മുടി നഷ്ടപ്പെട്ട രോഗികള്‍ക്കായി വിവിധ ഇടങ്ങളില്‍ നിന്നായി മുടി ശേഖരിച്ച് എത്തിക്കുന്നു. ക്യാന്‍സറിനെ അതിജീവിച്ചവരുടെ സംഘടനായ 'പുനര്‍ജനി'ക്കൊപ്പംചേര്‍ന്ന് ക്യാന്‍സര്‍രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നു.

അര്‍ബുദരോഗികള്‍ക്ക് കുറഞ്ഞ ചെലവിലാണ് ലളിതയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ആശുപത്രി ചികിത്സ ഒരുക്കുന്നത്. ക്യാന്‍സര്‍ മരുന്നുകള്‍ വിലക്കുറവില്‍ നല്‍കുന്നു. ആശുപത്രിയ്ക്ക് സ്വന്തമായുള്ള 'ഏയ്ഞ്ചല്‍ ചാരിറ്റബിള്‍ സൊസൈറ്റി' പാവപ്പെട്ടവര്‍ക്ക് ഒരു അത്താണി തന്നെയാണ്.
മലബാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ലാബ് ടെക്നീഷ്യന്‍, നഴ്സിങ്ങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. ഫീസിനത്തില്‍ ഇളവും നല്‍കുന്നു. മാത്രമല്ല, കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ജോലിയുംഇവര്‍ ഉറപ്പുവരുത്തുന്നു. ഒപ്പം തന്നെ നിറഞ്ഞു സ്നേഹിച്ച കോഴിക്കോടിനെ മികവുറ്റതാക്കാന്‍ 'സ്മാര്‍ട്ട് കോഴിക്കോട്' പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കുന്നു. പ്രായമേറിയവര്‍ക്ക് പകല്‍വീടൊരുക്കി.

സാഹിത്യവും അവാര്‍ഡും
പദവികളും

എഴുത്തിന്റെ ലോകത്തും ഡോക്ടര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഇവരുടേതായുണ്ട്്. മനസിലെ കൈയ്യൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൌമാരം അറിയേണ്ടതെല്ലാം എന്നിവയാണ് ലളിത രചിച്ച പുസ്തകങ്ങള്‍. ഒരുപാട് അവാര്‍ഡുകളും ഡോക്ടറെ തേടിയെത്തി. സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്നം അവാര്‍ഡ്, കൈരളി ടിവിയുടെ ബെസ്റ്റ്ഡോക്ടര്‍ അവാര്‍ഡ്, ഐഎംഎയുടെ വിവിധ അവാര്‍ഡ്, പ്രസാദ്ഭൂഷണ്‍ അവാര്‍ഡ്, ഡോ. പല്‍പു അവാര്‍ഡ് എന്നിവയെല്ലാം ചിലത് മാത്രം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വനിതാ വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്സണ്‍, അബലാമന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സാ സഹായസംഘടനയായ സ്കാര്‍പിന്റെ പ്രസിഡന്റ് എന്നീ നിലകളിലും ഡോ. ലളിത പ്രവര്‍ത്തിച്ചു. ഡോ. മിലി മണിയാണ് മകള്‍. മാന്‍സി ചെറുമകളും.

സ്വാധീനിച്ചത് ഒരേ ഒരാള്‍
ജീവിതത്തില്‍ സ്വാധീനിച്ച ഒരേ ഒരു വ്യക്തി അച്ഛന്റെ അമ്മ ചെല്ലമ്മയാണ്. തികഞ്ഞ കമ്യൂണിസ്റ്റായ അവരില്‍ നിന്നാണ് സഹജീവികളോടുള്ള സ്നേഹം എങ്ങനെയായിരിക്കണമെന്നറിഞ്ഞത്. ആശുപത്രി തുടങ്ങുമ്പോള്‍ ഒന്നുമാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ബോണസും എല്ലാ ഒന്നാം തീയതികളിലും ശമ്പളവും നല്‍കണം. ഒപ്പം ആശുപത്രിയില്‍ ജോലിയെടുക്കുന്നവരെ സഹപ്രവര്‍ത്തകരായി കാണണമെന്ന ഉപദേശവും. ഇന്നും ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന ഉറച്ച വിശ്വാസമുണ്ട്- ഡോ. പി എ ലളിത പറയുന്നു.

vandukrish@gmail.com
 

Related News

കൂടുതൽ വാർത്തകൾ »