Top
21
Wednesday, February 2018
About UsE-Paper

പെണ്‍മനം കട്ടെടുത്ത ജിമിക്കി കമ്മല്‍

Thursday Oct 5, 2017
കെ വി ശ്രുതി
അച്ഛൻ കട്ടോണ്ടുപോയ അമ്മയുടെ ജിമിക്കി കമ്മലാണ് ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും എന്തിന് ലോകമെമ്പാടുമുള്ള ട്രെൻഡ് സെറ്റർ. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ 'ജിമിക്കി കമ്മൽ' പാട്ടിന് കേട്ടവരൊക്കെ തിമിർത്ത് ചുവടുവച്ചുതുടങ്ങി. കൊച്ചുകുഞ്ഞുങ്ങളടക്കം ഉൾപ്പെട്ട അവരോരുത്തരും സെലിബ്രിറ്റികളായി. വീട്ടിലെയും ജോലിസ്ഥലങ്ങളിലെയും കോളേജിലെയുമൊക്കെ പലവിധ ആഘോഷങ്ങൾക്കായി പെൺപട ജുവലറികളിലേക്കും ഫാൻസി കടകളിലേക്കും ജിമിക്കി വാങ്ങാനുള്ള ഓട്ടമായി പിന്നെ. പരിചയപ്പെടാം, ആമാടപ്പെട്ടിയിലെ ആഭരണക്കൂട്ടത്തിൽ നിന്ന് തെരഞ്ഞെടുത്ത് മോഷ്ടിക്കാൻ മാത്രം പ്രത്യേകതയുള്ള, പെൺമനങ്ങൾ കട്ടെടുത്ത് കടന്നുകളഞ്ഞ ജിമിക്കിയെ.
 
കേരളത്തിലെയും തമിഴ്‌നാട്ടിലെയും സകല പെണ്ണുങ്ങളെയും ഇളക്കിമറിച്ച ജിമിക്കികമ്മലിന്റെ പ്രൗഢിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടെമ്പിൾ വിഭാഗത്തിൽപ്പെട്ട ആഭരണമായാണ് ജിമിക്കികളുടെ ആവിർഭാവം. സ്റ്റഡിന് കീഴിൽ ഞാന്നുകിടക്കുന്ന ബെല്ലിന്റെ ആകൃതിയിലാണ് ഇവയെ രൂപപ്പെടുത്തിയെടുത്തത്. കുടപോലെയുള്ള കമ്മലിന്റെ അടിഭാഗത്തായി വിവിധയിനം ചെറിയ കുഞ്ഞു മുത്തുമണികൾ പിടിപ്പിച്ചു. ഇളകുന്ന മുത്തുമണികളുടെ ശബ്ദം ജിമിക്കിയുടെ മാറ്റ് പിന്നെയും കൂട്ടി.
 
സ്വർണത്തിൽ നിർമ്മിച്ച ഒറ്റത്തട്ടുള്ള കമ്മലുകളിൽ വിവിധയിനം മുത്തുകളും കല്ലുകളും പിടിപ്പിച്ച ഇനങ്ങളായിരുന്നു പണ്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് പല വലിപ്പത്തിലും തൂക്കത്തിലും പലപല തട്ടുകളായുമൊക്കെ ജിമിക്കികൾ ഫാഷൻ ലോകം തന്റെ കാൽക്കീഴിലാക്കിക്കൊണ്ടിരിക്കുകയാണ്. സെമി പ്രഷ്യസ് സ്റ്റോൺസ്, ഓക്‌സിഡൈസ്ഡ് മെറ്റൽ, ബ്ലാക്ക് മെറ്റൽ, വൈറ്റ് മെറ്റൽ, സിൽവർ, ഗോൾഡ്, ആന്റിക് ഗോൾഡ്, ടെറാക്കോട്ട, ഡയമണ്ട്, കടലാസ് എന്നിങ്ങനെ നിർമാണത്തിലും ജിമിക്കിക്ക് വൈവിധ്യങ്ങളേറെ.
 
'ലുക്കി'നനുസരിച്ച് ഉപയോഗിക്കാനും വേണ്ട ഒരു 'ജിമിക്കി' ടച്ച്. വെള്ളമുത്തിന്റെയും ചുവപ്പുകല്ലിന്റെയും വശ്യതയുണ്ട് നർത്തകികളുടെ ഭരതനാട്യം ജിമിക്കികൾക്ക്. നവരാത്രി ഉത്സവങ്ങളിൽ ഗാഗ്ര ചോളിയോടൊപ്പം തിളങ്ങാൻ ഗുജറാത്തി സുന്ദരികൾ വെള്ളിയിൽ നിർമ്മിച്ച ഇത്തിരി കോണാകൃതിയിലുള്ള ഓക്‌സിഡൈസ്ഡ് ജിമിക്കികൾ തെരഞ്ഞെടുക്കുന്നു. നിറങ്ങളുടെ കൂട്ടുകാരായ ജയ്പൂരിലെയും രാജസ്ഥാനിലെയും പെൺകൊടികൾക്ക് മീനാകാരിയും കുന്ദൻ വർക്കും കൂടിച്ചേർന്ന കളർഫുൾ ജിമിക്കികളാണ് നിർബന്ധം. കല്യാണം, പാർടികൾ എന്നിവയിലൊക്കെ ആകർഷകകേന്ദ്രമാകാൻ  നീളൻ കാശ്മീരി ജിമിക്കികളും റെഡി.
 
സ്വർണനിറം ഇഷ്ടപ്പെടാത്ത കൗമാരക്കാർക്ക് ക്രിസ്റ്റലുകളും മുത്തുകളും പതിച്ച 'ഫ്രീക്ക്്' ജിമിക്കികളോടാണ് കമ്പം. ആന്റിക് ശേഖരത്തിലും റിങ് ടൈപ്പിലുമുള്ള കമ്മലുകളിലും സെറ്റുവളകളിലും അവർക്ക് ജിമിക്കകൾ മസ്റ്റ് തന്നെ. മറ്റു ലോഹങ്ങൾ മൂലം അലർജി ഉണ്ടാകുന്നർക്ക് ഉപയോഗിക്കാനാണ് ടെറാക്കോട്ട ജിമിക്കികൾ. കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന ഈ ജിമിക്കികളും പലതരംഡിസൈനുകളിൽ ലഭ്യമാണ്. 'ഇന്ത്യൻ ഷാൻഡ് ലിയർ ഇയർ റിങ്‌സ്' എന്നറിയപ്പെടുന്ന ജിമിക്കികൾ ബോളിവുഡ് സുന്ദരികൾക്ക് അവരുടെ പ്രിയപ്പെട്ട ജുംക ആണ്. കാലവും കോലവും പേരും മാറിയിട്ടും ജിമിക്കികളുടെ മണിക്കിലുക്കം ഇനും കൊതിക്കുന്നു ഈ മൊഞ്ചത്തികളെല്ലാം.