20 July Friday

സൗഹൃദം ഒരു പൂമരം

എല്‍ ആര്‍ മധുജന്‍Updated: Wednesday Aug 2, 2017

തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങളെ കരയിക്കാന്‍ പോലും മടിക്കാതെ ശക്തമായ ഉപദേശങ്ങള്‍ നല്‍കാന്‍ മടിക്കാത്തവരെയാണ് സുഹൃത്തുക്കള്‍ ആക്കേണ്ടത്'. 'അരയിലെ കുപ്പായം അഴിഞ്ഞുവീഴുമ്പോള്‍ അറിയാതെ പെട്ടെന്ന് കൈ അതിനെ പിടിക്കാനായുന്നതുപോലെ വിഷമസ്ഥിതിയില്‍ സൌഹൃദം  സ്വാഭാവികമായി കടന്നുവരും', ഈ വാക്കുകള്‍ തിരുവള്ളുവരുടെതാണ്.

ഇങ്ങനെയൊന്നുമല്ല നിങ്ങളുടെ സൌഹൃദമെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ സൌഹൃദത്തിലല്ല, കൂട്ടുകെട്ടിലാണ് എന്നാണ്. കരയിക്കാന്‍പോലും  മടിക്കാതെ  ശക്തമായ ഉപദേശങ്ങള്‍ നല്‍കാനും   അരുതെന്നുപറയേണ്ടിടത്ത്  അങ്ങനെ പറയാനും സൌഹൃദത്തിനേ കഴിയു. കൂട്ടുകെട്ട് അങ്ങനെയല്ല, അത് എന്തിനും ഏതു കുരുത്തക്കേടിനും കൂട്ടുനില്‍ക്കും. അരുതെന്നു പറയേണ്ടിടത്ത് അങ്ങനെ പറയില്ല. ശരിതെറ്റുകളുടെ വൈജാത്യം അവിടെയില്ല. സൌഹൃദം അങ്ങനെയല്ല. അവിടെ നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും  വൈജാത്യമുണ്ട്. തിരിച്ചറിവോടുകൂടിയതാണ് സൌഹൃദം. സൌഹൃദം ക്രിയാത്മകമാണ്. സൌഹൃദത്തിന് സ്വാര്‍ഥമാകാന്‍ കഴിയില്ല. കൂട്ടുകെട്ട് സ്വാര്‍ഥമാണെന്ന് മാത്രമല്ല, സൂത്രശാലിത്വം നിറഞ്ഞതുമാണ്.

സൌഹൃദം ചതിക്കില്ല. കൂട്ടുകെട്ട് ചിലപ്പോള്‍ ചതിയില്‍ കലാശിച്ചു എന്നുവരും. അരങ്ങേറ്റ സമയത്ത് ദ്രോണരുടെ വാക്മുനകളാല്‍ മുറിവേറ്റ് അപമാനിതനായിപോയ കര്‍ണ്ണനെ അംഗരാജ്യത്തിലെ രാജാവാക്കി ഉയര്‍ത്തിയ ദുര്യോധനന്‍ കര്‍ണ്ണനോട് പ്രതിഫലമായി ചോദിക്കുന്നത് ഒടുങ്ങാത്ത സൌഹൃദമാണ്. അത് അങ്ങേയറ്റംവരെ അക്ഷരംപ്രതി പാലിക്കാന്‍ അയാള്‍ക്ക് സാധിക്കുകയും ചെയ്തു.

ആരോഗ്യകരമായ സൌഹൃദത്തിന്റെ അന്തര്‍ധാരകളിലേക്ക് മക്കളെ നയിക്കാന്‍ നമുക്ക് കഴിയണം. കുറ്റകൃത്യങ്ങള്‍, കൊലപാതകം, കള്ളക്കടത്ത്, ഗൂഢാലോചനകള്‍ തുടങ്ങിയവക്കൊക്കെ പിന്നില്‍ കൂട്ടുകെട്ടിന്റെ കരാളതയുണ്ടാവും.  ആശയസാക്ഷാത്കാരങ്ങള്‍, സാംസ്കാരിക സമന്വയങ്ങള്‍, വികസനകുതിപ്പുകള്‍, വിചാരവേദികള്‍ തുടങ്ങിയവയ്ക്കെല്ലാം പിന്നില്‍ ഉദാത്തസൌഹൃദങ്ങളായിരിക്കും. കൂട്ടുകെട്ട് ആണ്‍പെണ്‍ ബന്ധങ്ങളെ  ഉലയ്ക്കും. സൌഹൃദങ്ങള്‍ അവയുടെ മാറ്റ് കൂട്ടും.  വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ ഫ്രണ്ട്ഷിപ്പ് ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഒന്നോരണ്ടോ പേരോടുള്ള ഫ്രണ്ട്ഷിപ്പിനേക്കാള്‍ ക്ളാസിലെ എല്ലാവരോടും ഫ്രണ്ട്ലി ആയിരിക്കുന്നതാണ് നല്ലത്. സൌഹൃദത്തിന്റെ ഈറ്റില്ലമായിരിക്കണം ഓരോ ക്ളാസുമുറികളും. സൌഹൃദങ്ങള്‍ പില്‍ക്കാല ജീവിതത്തെ നേരായപാതകളിലേക്ക് നയിക്കാന്‍ കാരണമായിത്തീരും. തട്ടിക്കൊണ്ടുപോകല്‍, ആക്രമണം, ബലാല്‍സംഗം തുടങ്ങിയവയ്ക്ക് പിന്നില്‍  ഒന്നോ അതിലധികമോ കൂട്ടുകെട്ടുകളുണ്ടാവും. നിങ്ങളുടെ മനസ്സില്‍ തോന്നുന്ന ഒരു ഗൂഢാലോചനയെ പ്രാവര്‍ത്തികമാക്കാന്‍ കൂട്ടുകെട്ട് ശ്രമിക്കുമ്പോള്‍ സൌഹൃദം അതിനെ മുളിയിലേ നുള്ളും.  അസ്വസ്ഥതപ്പെടുത്തുന്ന ഒരു കാറ്റാണ് കൂട്ടുകെട്ടെങ്കില്‍ സ്വസ്ഥമായ  ഒരു ഇളം കാറ്റാണ് സൌഹൃദം. അജ്ഞേയമായ  എന്തോ ഒന്ന് എപ്പോഴുമുണ്ടാകും.

പക്ഷിയ്ക്ക്  കൂട്, ചിലന്തിയ്ക്ക് വല, അതുപോലെയാണ് മനുഷ്യനു സൌഹൃദമെന്ന് വില്യം ബ്ളേക്ക് പറയുന്നു. നമുക്ക്  അനുഭവിക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ  കാര്യങ്ങള്‍  കലയുടെ ഉറവിടങ്ങള്‍, ശാസ്ത്രം പിന്നെ സൌഹൃദം എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. സൌഹൃദം വല്ലാത്ത ഒരു ഗൃഹാതുരത്വം നമുക്ക് പകര്‍ന്നുതരും. വസന്തത്തിന്റെ ഹൃദ്യചാരുതയില്‍ എവിടെ നിന്നെന്നറിയാതെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു ബാംസുരി , ബാബുക്കയുടെ സംഗീതത്തില്‍ നിര്‍ഝരിപോലെ  ആഴങ്ങളില്‍ തേങ്ങിനില്‍ക്കുന്ന കട്ടകള്‍, അനാദിയായ  നീലക്കടലിന്റെ അങ്ങേക്കരയിലെ ഏകാന്തത, അങ്ങനെ എന്തൊക്കെയോ സൌഹൃദം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ആരാണ് ഏറ്റവും അടുത്ത സുഹൃത്തെന്ന് അന്തര്‍മുഖനായ ഒരാളോട് ചോദിച്ചാല്‍ അങ്ങനെയൊന്നുമില്ലെന്നോ അല്ലെങ്കില്‍  ഒന്നോ, രണ്ടോ പേരെന്നോ  പറയുമായിരിക്കും. ബഹിര്‍മുഖരോടാണ് ചോദ്യമെങ്കില്‍ ആരെക്കുറിച്ചൊക്കെ പറയണമെന്നറിയാതെ കുഴങ്ങിപ്പോവുകയും ചെയ്യും. സ്വാതന്ത്യ്രത്തിന്റെ ഔന്നത്യമാണ് സൌഹൃദത്തിന്റെ മനഃശാസ്ത്രം. വിശ്വാസത്തിന്റെ ഔദ്ധത്യമാണ് സൌഹൃദത്തിന്റെ  തത്വശാസ്ത്രം. തുരുമ്പുപിടിക്കാത്ത വിശ്വാസത്തിന്റെ ഇരുമ്പുതൂണുകള്‍. നിറം മങ്ങിപോകാത്ത ചക്രവാളശോഭ. മനസ്സ് മനസ്സോടു ചേര്‍ത്തുവച്ച് എംബ്രോയിഡറി ചെയ്തിരിക്കുന്ന കലാഭദ്രത. സൌഹൃദം അങ്ങനെ ഉല്ലേഖചാരുതമായിരിക്കുന്നു. നാരായണഗുരുവും കുമാരനാശാനും കാവ്യത്തിന്റെ പട്ടുനൂലുകളില്‍ കോര്‍ത്തെടുത്ത സൌഹൃദം. കൃഷ്ണനും അര്‍ജുനനും ദുര്യോധനനും കര്‍ണനും ബുദ്ധനും ആനന്ദനും ക്രിസ്തുവും പത്രോസുമെല്ലാം ചരിത്രത്തിന്റെയും ഇതിഹാസത്തിന്റെയും പരവതാനി വിരിച്ച കഥാസങ്കല്‍പങ്ങളിലൂടെ ഇന്നും യാത്ര  തുടരുന്നു. പുരാണേതിഹാസങ്ങളിലോ ചരിത്രത്തിന്റെ നാള്‍ വഴികളിലോ പക്ഷെ, സൌഹൃദത്തിന്റെ  മഴനനഞ്ഞലിഞ്ഞ സ്ത്രീകള്‍ അധികമില്ലതന്നെ. പഠനകാലത്തെ സൌഹൃദങ്ങളെപോലും  കുടുംബബന്ധങ്ങളുടെ പേരില്‍ മറന്നു കളഞ്ഞവരാാേ മറക്കാന്‍ പ്രേരിപ്പിക്കപ്പെട്ടവരോ ആണ് അധികംപേരും.  ആണിന് വിവാഹത്തിനുശേഷവും അവന്റെ സൌഹൃദങ്ങളെ നിലനിറുത്താം. പെണ്ണിന് പക്ഷെ അതിന് സ്വതന്ത്രമായ അനുവാദമില്ല.  ആണ്‍കോയ്മയുടെ സാമൂഹിക വ്യവസ്ഥ പരിഛേദപ്പെടുത്തുന്ന ഒരു വിലകെട്ട നീതിയാണത്.

വീട്ടമ്മമാര്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമാകണം. വാട്സാപ്പിലും ഫെയിസ്ബുക്കുകളിലും പഴയ സൌഹൃദങ്ങളെ കണ്ടെത്തണം. ആരോഗ്യകരമായ പുത്തന്‍സൌഹൃദങ്ങളെ ഊട്ടി ഉറപ്പിക്കണം. വൈവാഹിക ജീവിതം സൌഹൃദങ്ങളെ  തല്ലിക്കെടുത്തുന്നതാകരുത്. കോളേജും സ്കൂളും പ്രമേയമായി വരുന്ന എന്തും നമ്മള്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നത്  എന്തുകൊണ്ടെന്നറിയുമോ ? പണ്ടുപാടിയ പാട്ടിലൊരണ്ണം ചുണ്ടിലൂറുന്നതുകൊണ്ടാണ്. കേരളത്തിന്റെ കാമ്പസുകളിലെ സൌഹൃദം അളിയനില്‍നിന്ന് ബ്രോയിലൂടെയും പങ്കാളിയിലൂടെയും സഹോ വരെ എത്തിനില്‍ക്കുന്നു. എണ്‍പതുകളില്‍ കാമ്പസുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് അളിയന്‍ ഒരു സംഭവം തന്നെയാണ്. ഗൌരവത്തിന്റെ സര്‍വ്വമേഘപടലങ്ങളും പെയ്തുതോര്‍ന്നു തെളിഞ്ഞു ചിരിച്ചുനില്‍ക്കുന്ന മാനമാണ് അളിയന്‍. അളിയനും സഹോയുമൊന്നും കൂട്ടുകെട്ടിന്റെ പര്യായമല്ല.

സ്നേഹത്തിന്റെ ഒരു ഐന്ദ്രജാലിക കലയാണ് സൌഹൃദം. മാതാപിതാക്കളിലും ദാമ്പത്യത്തിലുമെല്ലാം സൌഹൃദത്തിന്റെ നിറക്കൂട്ടുകള്‍ ചാലിച്ചുചേര്‍ക്കാന്‍ കഴിയുന്നവര്‍ ഭാഗ്യമുള്ളവര്‍. പക്ഷെ ആ മാരിവില്ല് മനസ്സില്‍ തെളിഞ്ഞുനില്‍ക്കണമെങ്കില്‍ കോംപ്ളക്സുകളില്ലാതിരിക്കണം, ദേഷ്യമില്ലാതിരിക്കണം, നല്ല നര്‍മ്മബോധമുണ്ടായിരിക്കണം, സ്വാര്‍ഥത തീരെയില്ലായിരിക്കണം. സൌഹൃദമില്ലാത്ത ദാമ്പത്യം ഒരു തീ ക്കാറ്റാണ്. സൌഹൃദമില്ലാത്ത കുടുംബാന്തരീക്ഷം ഒരു കണ്‍വന്‍ഷണല്‍ അവാര്‍ഡുസിനിമയുമായിരിക്കും.

ഉദാത്തമായ  പെണ്‍സൌഹൃദങ്ങള്‍ക്ക് രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ വലിയ പങ്കാളിത്തമാണുള്ളത്. പെണ്‍കൂട്ടായ്മകളും പെണ്‍സൌഹൃദങ്ങളും സാംസ്കാരിക നവോത്ഥാനത്തിന് കാരണമായിത്തീരും.  രാഷ്ട്രീയ-സാംസ്കാരിക കൂട്ടായ്മകളില്‍ എല്ലാവിഭാഗത്തിലുള്ള സ്ത്രീകളും പങ്കാളികളാകണം. കേവലം  വൈകാരികമായ പരമ്പരകള്‍ക്കുമപ്പുറം വായനയുടെയും കലകളുടെയും  ആസ്വദനങ്ങളിലേക്കുകൂടി എത്തിച്ചേരണം. നല്ലനല്ല സൌഹൃദങ്ങള്‍ അതിനു കാരണമായിത്തീരും.
 

പ്രധാന വാർത്തകൾ
Top